
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. വീണ്ടുമൊരു മത്സരാർത്ഥിയെ കൂടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. സീക്രട്ട് എജന്റ് എന്ന പേരിൽ സോഷ്യൽ ലോകത്ത് അറിയപ്പെടുന്ന സായിയെ ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം വൈൽഡ് കാർഡിൽ എത്തിയ പൂജയും സിബിനും പുറത്തായിരുന്നു.
സായ് നടുവേദനയാണ് കടുക്കുന്നുവെന്ന പ്രശ്നം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി സായിക്ക് ബിഗ് ബോസ് പൂർണ്ണ വിശ്രമം അനുവദിച്ചു. എന്നാൽ പിന്നീടും കൺഫഷൻ റൂമിൽ വന്ന സായ് വേദന സഹിക്കാനാകില്ലെന്നും അറിയിച്ചു. ഗെയിം കളിക്കാനാണ് വന്നത് തനിക്ക് ടാസ്കിൽ അടക്കം പങ്കെടുക്കാൻ പറ്റില്ലെന്നും സായ് വ്യക്തമാക്കി.
വിവരങ്ങൾ പിന്നെ അറിയിക്കാം എന്ന് പറഞ്ഞ് സായിയെ ബിഗ് ബോസ് വീണ്ടും വീട്ടിലേക്ക് വിട്ടു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം ബിഗ് ബോസ് വീണ്ടും സായിയെ വിളിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയാണ് എന്ന് അറിയിക്കുകയായിരുന്നു. നേരത്തെ, വൈൽഡ് കാർഡ് എൻട്രിയായെത്തിയ പൂജ ഡിസ്കിന് പരിക്ക് പറ്റിയതോടെയാണ് പുറത്തേക്ക് പോയത്. റെസ്മിൻ, ജാസ്മിൻ എന്നിവർക്ക് പനിയും ബാധിച്ചിരുന്നു.











