
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആന്ധ്രപ്രദേശില്‍ പുരോഗമിയ്ക്കുകയാണ്. നിരവധി താരങ്ങളും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തി. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജമൗലിയും കുടുംബവും വോട്ട് രേഖപ്പെടുത്താനെത്തിയ ദൃശ്യങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.
ഹൈദരാബാദിലാണ് രാജമൗലി വോട്ട് രേഖപ്പെടുത്തിയത്. തിരക്കുകള്‍ മാറ്റിവെച്ച് വോട്ട് ചെയ്യാനെത്തിയ താര കുടുംബത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വിദേശത്ത് നിന്നാണ് രാജമൗലിയും ഭാര്യ രമാ രാജമൗലിയും വോട്ട് ചെയ്യാനായി ഹൈദരാബാദിലേക്ക് എത്തിയത്.

നേരെ പോളിംഗ് ബൂത്തിലേക്കാണ് ദുബായില്‍ നിന്ന് പറന്നെത്തിയ സംവിധായകനും കുടുംബവും പോയത്. വോട്ട് ചെയ്യുന്നതിന് മാത്രമായിട്ടാണ് താരം ഹൈദരാബാദിലേക്ക് എത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരണ്ട വിരലുകളുടെ ചിത്രവും താരം പങ്കുവച്ചിരുന്നു.
‘ദുബായില്‍ നിന്ന് പറന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക്.. അവിടെ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക്. അതുകൊണ്ടാണ് മുഖം അല്‍പം ക്ഷീണിച്ചത് പോലെ തോന്നുന്നത്. നിങ്ങള്‍ വോട്ട് ചെയ്തില്ലേ? എന്ന അടിക്കുറിപ്പിലാണ് താരം വോട്ട് രേഖപ്പെടുത്തിയ ചിത്രം പങ്കുവച്ചത്.

ദുബായില്‍ ചിത്രീകരിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രീ പൊഡക്ഷന്‍ വര്‍ക്കുകളിലായിരുന്നു അദ്ദേഹം. സിനിമാ തിരക്കുകള്‍ മാറ്റി വച്ചാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ ഹൈദരാബാദിലേക്ക് എത്തിയത്. സംഗീത സംവിധായകന്‍ എംഎം കീരവാണിയും ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുനും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള പോളിംഗ് സ്റ്റേഷനിലെത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.











