36 ലക്ഷത്തിന് വാങ്ങിയ സ്ഥലത്തിന് ഇന്ന് വില 24 കോടി; ബാങ്ക് നൂലാമാലകളിൽ കുടുങ്ങി ജൂനിയർ എൻടിആർ, കോടതിയിൽ നിയമപോരാട്ടം

സ്ഥലവുമായി ബന്ധപ്പെട്ട് തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ നൽകിയ റിട്ട് ഹർജിയിൽ വാദം കേൾക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ജൂണിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ജൂബിലി ഹിൽസ് ഹൗസിംഗ് സൊസൈറ്റിയിലെ 600 ചതുരശ്ര മീറ്റർ പ്ലോട്ട് ഏറ്റെടുക്കാനുള്ള ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിൻറെ തീരുമാനത്തെ ചോദ്യം ചെയ്ത് താരം ഹർജി സമർപ്പിച്ചത്.

ചില സ്വകാര്യ വ്യക്തികൾ പ്ലോട്ട് പണയപ്പെടുത്തി വായ്പ എടുത്തതായി കാണിച്ച് നാല് ബാങ്കുകളാണ് ഇപ്പോൾ ജൂനിയർ എൻടിആറിൻറെ കൈവശമുള്ള വസ്തുവിനെതിരെ റിക്കവറി ട്രിബ്യൂണലിൽ കേസിന് പോയത്. കക്ഷികളുടെ വാദം കേട്ട് ഡിആർടി ബാങ്കുകൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 2003ലാണ് ജൂനിയർ എൻടിആർ ഈ സ്ഥലം വാങ്ങുന്നത്. ഇതേ വസ്തു 1996-ൽ മറ്റ് ചിലർ പണയപ്പെടുത്തി വായ്പയെടുത്തുവെന്ന് ബാങ്കുകൾ പറയുന്നതിനെതിരെയാണ് താരം കോടതിയെ സമീപിച്ചിരിക്കുന്നത്. 2003 ൽ 36 ലക്ഷത്തിനാണ് ജൂനിയർ എൻടിആർ ജൂബിലി ഹിൽസിലെ സ്ഥലം വാങ്ങിയത്. ഇപ്പോൾ ആ സ്ഥലത്തിൻറെ മതിപ്പ് വില 24 കോടിയോളം വരും.