ജനിക്കാൻ പോകുന്ന കുഞ്ഞിൻറെ ലിംഗം പരിശോധന നടത്തി, അത് വീഡിയോയുമാക്കി; യുട്യൂബർ കുരുക്കിൽ, നടപടിയുമായി സർക്കാർ

ജനിക്കാൻ പോകുന്ന കുഞ്ഞിൻറെ ലിംഗം പരിശോധന നടത്തി അത് യുട്യൂബ് വീഡിയോ ആക്കിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഇർഫാനെതിരെ തമിഴ്‌നാട് സർക്കാർ നടപടി. ആരോഗ്യവകുപ്പ് ഇർഫാന് നോട്ടീസ് അയച്ചിട്ടുണ്ട്. നിയമപ്രകാരം ഇന്ത്യയിൽ ഗർഭസ്ഥ ശിശുവിൻറെ ലിംഗം നിർണ്ണയിക്കുന്നത് കുറ്റകരമാണ്. എന്നാൽ, ദുബായിലാണ് ഇർഫാൻ കുട്ടിയുടെ ലിംഗനിർണയം നടത്തിയത്. ദുബായിയിൽ ഇത്തരത്തിൽ ലിംഗ നിർണ്ണയം നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതാണ്.

ജനിക്കാൻ പോകുന്ന കുഞ്ഞിൻറെ ലിംഗ നിർണ്ണയത്തെ കുറിച്ച് വിവരിച്ച് ഇർഫാൻ യൂട്യൂബ് ചാനലിൽ രണ്ട് വീഡിയോകളാണ് ചെയ്തത്. ഭാര്യ ആലിയ ഇതിനായി എടുത്ത ടെസ്റ്റ് വിവരിക്കുകയും ‘ജെൻഡർ റിവീൽ പാർട്ടി’ എന്ന പേരിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഈ വീഡിയോ വൈറലാവുകയും ചെയ്തു.

ഇന്ത്യയിൽ നിയമവിരുദ്ധമായതിനാലാണ് ലിം​ഗ നിർണയം ദുബായിയിൽ ചെയ്തതെന്ന് വീഡിയോയിൽ പറയുന്നുമുണ്ട്. ഇർഫാനും ഭാര്യയും കുട്ടിയുടെ ജെൻഡർ വെളിപ്പെടുത്തുന്ന പാർട്ടി നടത്തുന്നതാണ് മറ്റൊരു വീഡിയോ. ഈ വീഡിയോകൾ വൈറലായതോടെ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കുകയായിരുന്നു.

https://youtu.be/kUvG_Fen9eQ

ആദ്യ വീഡിയോയിൽ ഇർഫാനും ഭാര്യയും ആശുപത്രി സന്ദർശിക്കുന്നതും മെഡിക്കൽ പ്രൊഫഷണലുകളുമായി സംസാരിക്കുകയും. ഇർഫാൻറെ ഭാര്യ ആലിയ നടപടിക്രമങ്ങൾക്ക് വിധേയമാകുന്നതും കാണിച്ചിരുന്നു. ഇന്ത്യയിൽ നിയമവിരുദ്ധമായതിനാലാണ് ദുബായിൽ ഇത് നടത്തുന്നത് എന്ന് ഇർഫാൻ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്.

രണ്ടാമത്തെ വീഡിയോയിൽ നടിയും ‘ബിഗ് ബോസ് തമിഴ് 7’ താരവുമായ മായ എസ് കൃഷ്ണൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഇർഫാനും ഭാര്യയും കുട്ടിയുടെ ജെൻഡർ വെളിപ്പെടുത്തുന്ന പാർട്ടി നടത്തുന്നതായി കാണിക്കുന്നു. രണ്ട് വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. പിന്നാലെയാണ് തമിഴ്നാട് സർക്കാറിൻറെ നടപടി.