
യൂട്യൂബ് മോഡറേഷൻ ടീമിന് ട്രാൻസ്‌പോർട്ട് കമ്മീഷന്റെ കത്ത്. വ്‌ലോഗര്‍മാരുടെയും യൂട്യൂബര്‍മാരുടെയും ട്രാഫിക് നിയമലംഘന വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായിട്ടാണ് യൂട്യൂബ് മോഡറേഷന്‍ ടീമിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കത്തെഴുതിയിരിക്കുന്നത്. സര്‍ക്കാര്‍ ആണ് ഈ കാര്യം ഹൈക്കോടതിയെ അറിയിക്കുന്നത്. ഇത്തരം വീഡിയോകള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ടെന്നും ഇതേ തുടർന്ന് ഇത് അനുകരിക്കാനുള്ള ശ്രമം ചെറുപ്പക്കാരിൽ കൂടുന്നുണ്ട് എന്നുമാണ് കത്തിൽ പറയുന്നത്. ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത ഇത്തരം വീഡിയോകളടക്കം മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തിന് സമയംവേണമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നതും.
വ്‌ളോഗർമാരും യൂട്യൂബര്‍മാരും നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും ഹരിശങ്കര്‍ വി മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച്. ഓട്ടോ ഷോ അടക്കമുള്ള പ്രവൃത്തികള്‍ കലാലയങ്ങളില്‍ ഉണ്ടാകരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറെയും ഉന്നതവിദ്യാഭ്യാസ ഡയറക്ടറെയും അറിയിച്ചിട്ടുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു.











