
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ട്രഷററായി നടന്‍ ഉണ്ണി മുകുന്ദന്‍. എതിരില്ലാതെയാണ് ഉണ്ണി മുകുന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ദിഖ് ആയിരുന്നു മുന്‍ ട്രഷറര്‍. കഴിഞ്ഞ ഭരണ സമിതിയില്‍ ഉണ്ണി മുകുന്ദന്‍ കമ്മിറ്റി അംഗമായിരുന്നു.
മൂന്നാം തവണയും ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തന്നെതിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് മോഹന്‍ലാലിന്റെയും പുതിയ ഉദ്യമം. പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.

ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ട്. സിദ്ദീഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, വിനു മോഹന്‍, അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. വോട്ടവകാശമുള്ളത് 506 അംഗങ്ങള്‍ക്കാണ്. 25 വര്‍ഷത്തോളം സംഘടനയുടെ വിവിധ തലത്തില്‍ ഭാരവാഹിയായി ഇടവേള ബാബു പ്രവര്‍ത്തിച്ചിട്ടുണ്ട്. നേതൃസ്ഥാനത്ത് തുടരാനില്ലെന്ന് അടുത്തിടെ ഇടവേള ബാബു അറിയിച്ചിരുന്നു.











