
ന്യൂഡൽഹി: 392 മൊബൈൽ ഫോണുകൾ രാജ്യമാകെ ബ്ലോക്ക് ചെയ്യാൻ ടെലികോം മന്ത്രാലയം നിർദേശം നൽകി. ഇലക്ട്രിസിറ്റി ബിൽ കെവൈസി അപ്ഡേറ്റ് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൊബൈൽ നമ്പറുകളും ഫോണുകളുമാണ് ബ്ലോക്ക് ചെയ്യുന്നത്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 31,740 മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ സേവനദാതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വൈദ്യുതി സേവനദാതാക്കളുടെയും ബോർഡുകളുടെയും പ്രതിനിധികൾ എന്ന് പരിചയപ്പെടുത്തി എസ്എംഎസ്, വാട്സ്ആപ്പ് മെസേജ് എന്നിവയിലൂടെ ഇലക്ട്രിസിറ്റി ബിൽ കെവൈസി അപ്ഡേറ്റ് ചെയ്യാനായി ആളുകളെ സമീപിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. കെവൈസി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും എന്ന് മുന്നറിയിപ്പും നൽകിയിരുന്നു. നിഗൂഢമായ ലിങ്കുകളും എസ്എംഎസുകൾക്കും വാട്സ്ആപ്പ് മെസേജുകൾക്കും ഒപ്പമുണ്ടാവാറുണ്ട്. വലിയ സാമ്പത്തിക തട്ടിപ്പാണ് സംഘം നടത്തിയിരുന്നത്.
ഇലക്ട്രിസിറ്റി ബിൽ കെവൈസി അപ്ഡേറ്റിംഗ് സ്കാമിനെ പറ്റി നിരവധി പേരാണ് പരാതി നൽകിയത്. ഇതോടെ നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. സ്കാം സ്വഭാവമുള്ള ഫോൺകോളുകളും മെസേജുകളും എസ്എംഎസുകളും അറിയിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ സംവിധാനമായ ‘ചക്ഷു വെബ്സൈറ്റ്’ വഴിയാണ് പരാതികൾ എത്തിയത്.











