ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്തത് തിരുവനന്തപുരത്തായിരുന്നു. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലെത്തുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയ്‌യെ ചെറുപ്പമാക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. സിദ്ധാര്‍ഥയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്.

റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തര്‍. ‘ചിന്ന ചിന്ന കണ്‍കള്‍’ എന്ന് തുടങ്ങുന്ന ഗാനം ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിലാണ് എത്തിയിരിക്കുന്നത്. എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് ഭവതാരിണിയുടെ ശബ്ദം പുന:സൃഷ്ടിച്ചിരിക്കുന്നത്. അര്‍ബുദത്തെ തുടര്‍ന്നാണ് ഭവതാരിണിയുടെ വിയോഗം.

ഇപ്പോഴിതാ ഗാനത്തെക്കുറിച്ച് യുവന്‍ ശങ്കര്‍ രാജ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. സഹോദരിയെ കുറിച്ചാണ് ഹൃദയഭേദകമായ കുറിപ്പ് യുവന്‍ പങ്കുവച്ചത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ വികാരം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. ഈ ഗാനം ഒരുക്കുമ്പോള്‍ ഇത് എന്റെ സഹോദരിക്ക് വേണ്ടിയാണെന്ന് മനസ്സില്‍ തോന്നി. ഭവതരിണി സുഖം പ്രാപിക്കുമ്പോള്‍ അവളെ കൊണ്ട് റെക്കോഡ് ചെയ്യിക്കാമെന്ന് കരുതി. പക്ഷേ ഒരുമണിക്കൂറിന് ശേഷം അവള്‍ ഈ ലോകത്ത് നിന്ന് വിടവാങ്ങി എന്ന വാര്‍ത്ത വന്നു. അവളുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഗാനം സാധ്യമാക്കിയ എല്ലാവര്‍ക്കും നന്ദി,’ എന്നാണ് യുവന്‍ പങ്കുവച്ചത്.

ജനുവരി അഞ്ചിനാണ് ഇളയരാജയുടെ മകളും തെന്നിന്ത്യന്‍ പിന്നണി ഗായികയുമായ ഭവതാരിണി വിടപറഞ്ഞത്. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്നാണ് ഭവതാരിണി വിടപറഞ്ഞത്. ഭവതാരിണിയോടുള്ള ആദരസൂചകമായാണ് എഐ സാങ്കേതിക മികവ് ഉപയോഗിച്ച് ഗാനം ഒരുക്കിയത്. കബിലന്‍ വൈരമുത്തുവിന്റെ വരികള്‍ക്ക് യുവനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.