
ജീവിതത്തിൽ അര്‍ബുദമെന്ന വില്ലനെ നേരിട്ടപ്പോഴുള്ള അനുഭവങ്ങള്‍ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് മനീഷ കൊയ്‌രാള. 2012-ലാണ് താരത്തിന് ഒവേറിയൻ ക്യാൻസർ (അണ്ഡാശയ ക്യാന്‍സര്‍) ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇപ്പോള്‍ രോഗം പൂര്‍ണ്ണമായി ഭേദമായിട്ടുണ്ട്. ജീവിതത്തിൽ പൂർത്തീകരിക്കാൻ കഴിയാത്ത ചിലത് തനിക്കുണ്ടായിട്ടുണ്ടെന്നും അതിലൊന്നാണ് മാതൃത്വമെന്നാണ് മനീഷ പറയുന്നു. ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചതും അമ്മയാകാൻ കഴിയാതിരുന്നതും തന്നെ വിഷമിപ്പിച്ചിരുന്നു. പക്ഷേ കഴിഞ്ഞതെല്ലാം കഴിഞ്ഞതാണെന്നു ചിന്തിച്ച് സമാധാനിക്കുകയാണ് ഇപ്പോഴെന്നും താരം പറയുന്നു.
ക്യാൻസർ സ്ഥിരീകരിച്ചതിനു ശേഷം സ്വപ്നം കാണാൻ പോലും തനിക്ക് ഭയമായിരുന്നു. മരിച്ചു പോകുമെന്നാണ് അന്ന് കരുതിയത്. അടുത്ത പത്ത് വർഷമോ, അല്ലെങ്കില്‍ അഞ്ച് വർഷമോ ജീവിച്ചിരിക്കുമെന്ന് പോലും സ്വപ്നം കാണാൻ ഭയമായിരുന്നു. ഇപ്പോഴും ഭയമാണെന്നും താരം പറഞ്ഞു. വിശ്വാസം ഉണ്ടായിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നത് മാത്രമായിരുന്നു മുന്നോട്ട് നയിച്ചതെന്നും മനീഷ കൊയ്‌രാള പറഞ്ഞു.
സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. എപ്പോഴും വയറു വീര്‍ത്തിരിക്കുക, അടിവയറു വേദന, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, ഇടുപ്പു വേദന തുടങ്ങിയവയൊക്കെ ഇതിന്‍റെ സൂചനകളാകാം.











