കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ രക്ഷിക്കാനായി. എന്നാൽ, യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തു. ബിഹാറിലെ രജോലിയിലാണ് സംഭവം. റെയിൽവേ ജീവനക്കാരനായ സന്തോഷ് ട്രെയിനിൽ കിടന്ന് ഉറങ്ങുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്.

പാമ്പിൻറെ കടിയേറ്റ് ഉണർന്ന ഉടനെ സന്തോഷ് പാമ്പിനെ രണ്ടു തവണ തിരിച്ചു കടിക്കുകയായിരുന്നു. പാമ്പ് കടിയേറ്റാൽ പാമ്പിനെ തിരിച്ചു കടിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്നും അതോടെ വിഷം പാമ്പിൻറെ ദേഹത്തേക്ക് തന്നെ പോകുമെന്നുമായിരുന്നു സന്തോഷിന്റെ വിശ്വാസം. സഹപ്രവർത്തകർ ചേർന്ന് സന്തോഷിനെ ഉടൻ തന്നെ രജോലിയിലെ ആശുപത്രിയിൽ എത്തിച്ചു. ഏതിനം പാമ്പാണ് സന്തോഷിനെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല.