
പാർവതി തിരുവോത്ത് പൊലീസ് വേഷത്തിലെത്തിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ബോക്സ് ഓഫീസിൽ 25 കോടി ക്ലബ്ബിൽ. ചിത്രം 25 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ പിന്നിട്ടതായി അണിയറപ്രവർത്തകർ അറിയിച്ചു. സെപ്റ്റംബർ 11നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ ഷഹദ് സംവിധാനം ചെയ്ത ചിത്രമാണിത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ സിനിമകൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമാണം.
ആശ്രിത നിയമനത്തിലൂടെ പൊലീസ് സേനയിൽ ജോലി ലഭിക്കുന്ന വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പാർവതി തിരുവോത്തിനൊപ്പം വിജയരാഘവനും പ്രധാന വേഷത്തിലെത്തുന്നു. അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കിയ പാർവതിയുടെ ആദ്യ പൊലീസ് വേഷമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ‘ലോക’യ്ക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. മുജീബ് മജീദാണ് സംഗീതസംവിധായകൻ. മനോജ് കുമാർ പി. എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും ദീപക് രാജ് ലൈൻ പ്രൊഡ്യൂസറുമാണ്. സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളറും ജോസഫ് കെ. തോമസ് ഫിനാൻസ് കൺട്രോളറുമാണ്. ജയദേവൻ ചക്കടത്ത് സൗണ്ട് ഡിസൈനും മഹേഷ് മോഹൻ കലാസംവിധാനവും നിർവഹിക്കുന്നു. ബേബി പണിക്കർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്.
അമൽ ചന്ദ്രൻ മേക്കപ്പും കലൈ കിംഗ്‌സൺ ആക്ഷനും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. മഞ്ജു ഗോപിനാഥാണ് പി.ആർ.ഒ. ടാഗ് 360 ഡിഗ്രിയാണ് ഡിജിറ്റൽ പി.ആർ. സ്റ്റിൽസ് റിഷാജ് മുഹമ്മദും പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പറും നിർവഹിക്കുന്നു.












