
സംവിധായകനും നടനുമായ സുന്ദർ സിയെയാണ് തെന്നിന്ത്യൻ നടിയും രാഷ്ട്രീയ പ്രവർത്തകയും ആയ ഖുശ്ബു വിവാഹം ചെയ്തത്. 2000 ത്തിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. അവന്തിക അനന്തിത എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. ഇപ്പോഴിതാ തന്റെ പ്രണയ കാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ഖുശ്ബു. താനും സുന്ദറും വിവാഹിതരായപ്പോൾ അക്കാലത്തെ പ്രമുഖ നടൻ കാർത്തിക് കരഞ്ഞിരുന്നെന്ന് ഖുശ്ബു പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. തനിക്ക് പ്രിയപ്പെട്ട ആർട്ടിസ്റ്റാണ് കാർത്തിക് സാറെന്ന് ഖുശ്ബു പറയുന്നു. തന്നെ ഡാർലിംഗ് എന്ന് അദ്ദേഹം വിളിക്കും. ഭർത്താവ് സുന്ദർ അദ്ദേഹത്തെ ബോസ് എന്നാണ് വിളിക്കുക എന്നും ഖുശ്‌ബു പറയുന്നു. തന്റ കല്യാണത്തിന് വിതുമ്പിക്കരഞ്ഞത് കാർത്തിക് സാറാണ് എന്നാണ് ഖുശ്ബു പറയുന്നത്. സുന്ദർ സി കാർത്തിക് സാറിനോടാണ് വിവാഹം ചെയ്യുന്ന കാര്യം ആദ്യം പറഞ്ഞത്. അദ്ദേഹം കല്യാണത്തിന് വന്നപ്പോൾ തങ്ങൾ രണ്ട് പേരും അദ്ദേഹത്തിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന് അപ്പോൾ കരച്ചിൽ നിയന്ത്രിക്കാനായില്ല. തന്റെ അനുജനും അവന്റെ ഭാര്യയും കാലിൽ വീണ് അനുഗ്രഹം വാങ്ങിയെന്ന് പറഞ്ഞു.

രാത്രി ഫോൺ ചെയ്ത് തങ്ങളോട് സംസാരിച്ചു കൊണ്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു. അദ്ദേഹം ഇമോഷണലായി. തങ്ങൾ വിവാഹം ചെയ്യുമോ എന്ന് അദ്ദേഹത്തിന് ഭയമായിരുന്നു. കാരണം പ്രേമത്തിൽ ആയിരുന്നപ്പോൾ സുന്ദർ സിയും താനും ഇടയ്ക്കിടെ വഴക്കിട്ട് ബ്രേക്കപ്പാകുമായിരുന്നെന്നും ഖുശ്ബു പറയുന്നു. സുന്ദർ സിയുമായി പ്രണയത്തിലായതിനെക്കുറിച്ചും ഖുശ്ബു സംസാരിച്ചു. മുറൈമാമൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് അദ്ദേഹം പ്രൊപ്പോസ് ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് അത്. 25 വയസായി, കല്യാണം കഴിക്കെന്ന് അന്നത്തെ മുതിർന്ന നടി കൂടിയായ മനോരമ തന്നോട് പറയുമായിരുന്നു എന്നും സുന്ദറിനെ കാണിച്ച് ഇത് പോലൊരാൾ നിനക്ക് ചേരുമെന്ന് പറഞ്ഞുവെന്നും ഖുശ്ബു പറയുന്നു. തന്നെ ഇഷ്ടപ്പെട്ടു, വിവാഹം ചെയ്യുമെന്ന് സുന്ദർ യൂണിറ്റിൽ പറഞ്ഞു. നിന്റെ ആദ്യ സിനിമയാണ്, ഇക്കാര്യം പറഞ്ഞാൽ സിനിമ പാതിവഴിയിൽ നിർത്തി പോകും.ആദ്യ സിനിമ മുടങ്ങിയാൽ നിന്റെ കരിയർ തന്നെ പോകും. അല്ലെങ്കിൽ താൻ ചെരുപ്പ് കൊണ്ട് അടിക്കും. ഇതിൽ ഏതെങ്കിലും ഒന്ന് നടക്കുമെന്ന് ഒപ്പമുള്ളവർ അദ്ദേഹത്തോട് പറഞ്ഞു. അത് കുഴപ്പമില്ല, എന്ത് സംഭവിച്ചാലും താൻ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഖുശ്ബു പറയുന്നു. അങ്ങനെയാണ് സുന്ദർ സി തന്നെ വിവാഹം ചെയ്തതെന്ന് ഖുശ്ബു പറയുന്നു.അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

വിവാഹശേഷവും ഖുശ്‌ബു സിനിമയിൽ സജീവമായി തുടരുന്നത് ഭർത്താവിന്റെ പിന്തുണ കൊണ്ട് കൂടിയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ഖുശ്‌ബു സംസാരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. “അഞ്ച് വർഷത്തോളം പ്രണയിച്ച ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. സത്യത്തിൽ ഞാൻ അദ്ദേഹത്തിന്റെ കൂടെയാണ് വളർന്നത്. ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നല്ല. സാധാരണ ഭാര്യാഭർത്താക്കന്മാർക്കിടയിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമോ അതൊക്കെ ഞങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്. എന്നാൽ രണ്ടുപേരും പരസ്പരം നന്നായി മനസിലാക്കി. ഇത് ക്രമേണ ഞങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. ഇന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പത്ത് ദിവസം കഴിഞ്ഞാൽ പിന്നെ ആ വിഷയം ഞങ്ങൾ സംസാരിക്കാറില്ല. ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിച്ചാൽ ഞങ്ങൾ അത് അവിടെ വിടും. നമ്മൾ സിനിമാ മേഖലയിലായതിനാൽ പരസ്‌പരം നല്ല വിശ്വാസം ഉണ്ടായിരിക്കണം. ഞങ്ങൾക്ക് അതുണ്ട്. അതിലും വലുത് നമ്മൾ പരസ്പരം പുലർത്തുന്ന ബഹുമാനമാണ്. എന്തിനാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്ന് എന്നെ ചിന്തിപ്പിച്ച ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിനും സമാനമായ ചിന്ത വന്നിട്ടുണ്ട്. എന്നാൽ പരസ്പരമുള്ള സ്നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്,”- എന്നാണ് ഖുശ്‌ബു പറഞ്ഞത്.

തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് ഒരു കാലത്ത് നടി ഖുശ്ബുവുണ്ടാക്കിയ തരംഗം ചെറുതല്ല. മുംബൈയിൽ നിന്നും ചെന്നെെയിലേക്ക് കരിയറും ജീവിതവും പറിച്ച് നട്ട ഖുശ്ബുവിന് മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ആരാധകരുടെ പ്രിയങ്കരിയായി മാറിയ ഖുശ്ബുവിന് വേണ്ടി ക്ഷേത്രം പോലും പണിതിരുന്നു. നടിയുടെ പേരിൽ ഭക്ഷണ സാധനങ്ങൾ വരെ അക്കാലത്ത് അറിയപ്പെട്ടു. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും ഖുശ്ബു ഇന്ന് സജീവ സാന്നിധ്യമാണ്. അടുത്തിടെയാണ് സുന്ദർ സിയുടെ അരൺമനൈ 4 എന്ന ചിത്രം റിലീസ് ചെയ്തത്. സിനിമ മികച്ച വിജയം നേടി. ഖുശ്ബുവും ഈ സിനിമയിൽ സാന്നിധ്യം അറിയിച്ചു. താര ദമ്പതികളുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.











