സിനിമാ ലോകത്തിന് എന്നും വലിയ പാഠമാണ് നടി സാവിത്രിയുടെ ജീവിതം

ഒരു കാലത്ത് തെലുങ്ക് , തമിഴ് സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത നായിക നടിയായിരുന്നു സാവിത്രി. സിനിമാ ലോകത്തിന് എന്നും വലിയ പാഠമാണ് അന്തരിച്ച നടി സാവിത്രിയുടെ ജീവിതം. വ്യക്തി ജീവിതത്തിൽ പല പ്രതിസന്ധികളും സാവിത്രിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നടൻ ജെമിനി ഗണേശനെയാണ് സാവത്രി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് മക്കളും അവർക്ക് പിറന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധം തകർന്നത് സാവിത്രിയെ ഏറെ മോശമായി ബാധിച്ചു. ഭർത്താവുമായി അകന്ന സാവിത്രി പിന്നീട് മദ്യത്തിൽ അഭയം തേടുകയായിരുന്നു. വ്യക്തി ജീവിതം തകർന്നതോടെ കടുത്ത മദ്യപാനിയായി മാറിയ സാവിത്രിയുടെ കരിയറും തകർന്നു. അധ്വാനിച്ചുണ്ടാക്കിയ വലിയ അളവിലുള്ള സമ്പത്ത് നഷ്ടപ്പെട്ടു. ഇതേക്കുറിച്ച് സാവിത്രിയുടെ ജീവിതത്തെ അടുത്തറിഞ്ഞ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാ നിർമാണവും സംവിധാനവും സാവിത്രിക്ക് സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കിയെന്നും താമസിച്ച മാളിക വിൽക്കേണ്ടി വന്നെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. സിനിമകൾ നിർമ്മിച്ച് വന്ന നഷ്ടം നടിയുടെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കിയിരുന്നു. ജെമിനി ഗണേശനും സാവിത്രിയും അകന്നു നിന്ന സമയത്താണ് സാവിത്രിയുടെ അമ്മ മരിച്ചതെന്നും കുട്ടി പത്മിനി ഓർക്കുന്നു. ഇതാണ് പറ്റിയ സാഹചര്യം എന്ന് മനസിലാക്കിയ അവരുട പെരിയപ്പയും പെരിയമ്മയും സാവിത്രിയുമായി അടുത്തു. സാവിത്രിയുടെ വീട്ടിൽ ആധിപത്യം സ്ഥാപിച്ചു.

ജെമിനി ഗണേശനെ സാവിത്രിയിൽ നിന്നും അകറ്റി. അപ്പോഴേക്കും സാവിത്രിക്ക് താനെന്ന ഈഗോ വന്നു. ഇതിനിടെയാണ് അവരുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് നടക്കുന്നത് എന്നും കുട്ടിപത്മിനി പറയുന്നു. ജെമിനി ഗണേശനൊപ്പമായിരുന്നപ്പോൾ സാവിത്രിയുടെ സാമ്പത്തിക കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ കൊടുക്കുമായിരുന്നു. എന്നാൽ പക്ഷെ അദ്ദേഹം പോയതിന് ശേഷം സമ്പാദിച്ചതെല്ലാം സാവിത്രി വീട്ടിൽ പണമായും ആഭരണങ്ങളായും സൂക്ഷിച്ചു. പക്ഷെ സാവിത്രിയുടെ കൈയിൽ കൃത്യമായി ഇതിന്റെ രേഖകളൊന്നും ഉണ്ടായിരുന്നില്ല. അക്കാരണം കൊണ്ടൊക്കെ തന്നെ സാവിത്രി ഉണ്ടാക്കിയ സമ്പാദ്യങ്ങൾ ഒക്കെ ഇൻകം ടാക്സ് വകുപ്പ് കൊണ്ട് പോയി. മാത്രമല്ല കനത്ത പിഴയും സാവിത്രിക്ക് മേൽ ഇൻകം ടാക്സ് വകുപ്പ് ചുമത്തി. അതിൽ നിന്നും പുറത്ത് കടക്കാൻ സാവിത്രിക്ക് കഴിഞ്ഞില്ല. സാവിത്രിയുടെ കൈയിലുണ്ടായിരുന്നത് സാധാരണ വൈരക്കല്ലുകൾ ആയിരുന്നില്ല. ഫസ്റ്റ് ക്ലാസ് ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. അക്കാര്യത്തിൽ അവർക്ക് നല്ല അഭിരുചിയുണ്ടായിരുന്നു എന്നും കുട്ടി പത്മിനി പറയുന്നു. ഒരിക്കൽ സ്വർണത്തിൽ കൊലുസ് പണിതു. കൊലുസ് മാത്രം സ്വർണത്തിൽ പണിയരുതെന്ന് തന്റെ അമ്മ പറഞ്ഞതാണ്. എന്നാൽ പക്ഷെ സാവിത്രി അത് കേട്ടില്ല. തന്റെ മകളെ വിവാഹം കഴിച്ചയക്കുന്ന സമയമായപ്പോഴേക്കും സാവിത്രിക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നുവെന്നും, സാവിത്രി അക്കയുടെ കഴുത്തിൽ ഒരു നെക്ലേസ് പോലുമില്ലായിരുന്നു എന്നും കുട്ടി പത്മിനി ഓർക്കുന്നു.

സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ബന്ധത്തെപ്പറ്റിയും കുട്ടി പത്മിനി സംസാരിക്കുന്നു. സാവിത്രി ജെമിനി ഗണേശിനോട് എല്ലാ കാര്യങ്ങളിലും ഉപദേശങ്ങൾ ചോദിക്കും. എന്നാൽ ഇവയ്ക്ക് വിപരീതമാണ് സാവിത്രി ചെയ്യുക. ഇതിന്റെ പേരിൽ അവർക്കിടയിൽ ഒരുപാട് ഒരുപാട് വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നും കുട്ടി പത്മിനി പറയുന്നു. അതേപോലെ തന്നെ താമസിച്ച വീട്ടിലെ സാധനങ്ങളെല്ലാം പലയിടത്തേക്കും മാറ്റും. വീട്ടിൽ ഉണ്ടായിരുന്ന മാർബിൾ പ്രതിമകളെല്ലാം ഇറ്റലിയിൽ നിന്ന് കൊണ്ട് വന്നതായിരുന്നു. ഇവയെല്ലാം പിന്നീട് നഷ്ടപ്പെട്ടു എന്നും കുട്ടി പത്മിനി. മദ്യപാനം കടുത്തപ്പോൾ സ്വന്തമായി വാങ്ങിയ മൂന്ന് വീടുകളിലൊന്ന് വിൽക്കാൻ സാവിത്രി നോക്കി. എന്നാൽ മകൾ എതിർത്തു. ഇത് സാവിത്രിക്ക് പ്രശ്നമായി. മകൾ ചെയ്തതിൽ തെറ്റില്ല. കാരണം ആ വീടും വിറ്റിരുന്നെങ്കിൽ മകളും തെരുവിലായി പോയേനെ. സാവിത്രിയുടെ വീട്ടിലെ പല സാധനങ്ങളു പെരിയപ്പയും പെരിയമ്മയും കൊണ്ട് പോയി എന്നും. ബാക്കിയുള്ള ആഭരണങ്ങളും വെള്ളി പാത്രങ്ങളും ഒക്കെ കൂടെയുണ്ടായിരുന്ന ദാക്ഷായണി, രംഗനാഥൻ എന്നിവർ കൊണ്ട് പോയി എന്നും കുട്ടി പത്മിനി പറയുന്നു. അവസാനം വരെയും പലരും സാവിത്രിയെ കബളിപ്പിച്ചെന്നും കുട്ടി പത്മിനി ഓർത്തു.

അതേസമയം ഒരുകാലത്ത് തെലുങ്ക് സിനിമാ ലോകത്തെ താര റാണിയായിരുന്ന അസാമാന്യ അഭിനയ പ്രതിഭയായിരുന്ന സാവിത്രിക്ക് ജീവിതത്തിൽ പക്ഷെ കയ്പേറിയ അനുഭവങ്ങളാണ് മിക്കപ്പോഴും നേരിടേണ്ടി വന്നിട്ടുള്ളത്. ഇന്നും നടി സാവിത്രിയുടെ ജീവിതം സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. സിനിമാ ലോകത്ത് തന്നെ എന്നും വേദനയാണ് നടി സാവിത്രിയുടെ അവസാന നാളുകൾ. സാവിത്രിയുടെ ബയോപിക്കാണ് മഹാനടി. മലയാള നടി കീർത്തി സുരേഷാണ് മഹാനടിയിൽ സാവിത്രി ആയെത്തിയത് ജെമിനി ഗണേശനായി എത്തിയത് ദുൽഖർ സൽമാനും. കീർത്തി സുരേഷിന് മുമ്പ് നടി നിത്യ മേനോനെയാണ് മഹാനടിയിലേക്ക് ആദ്യം പരിഗണിച്ചത്. അഭിനയ മികവിന്റെ പേരിൽ നേരത്തെ തന്നെ പ്രശംസ നേടിയ നിത്യ മികച്ച കാസ്റ്റിംഗ് ആണെന്ന് അന്ന് അഭിപ്രായം വന്നു. എന്നാൽ ചില കാരണങ്ങളാൽ നിത്യ മേനോൻ സാവിത്രിയായി മഹാനടിയിൽ എത്തിയില്ല.