
ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിൽ തന്നെ വലിയ ചൂടുള്ള ചർച്ചയായി മാറിയ സാഹചര്യത്തിൽ ആദ്യമായി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്, സിനിമയിൽ ആരോപണ വിധേയരായവരുടെ പേരുകൾ പുറത്ത് വരണ൦ , ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഞ്ചിന് എത്തിയപ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് താരം പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ അറിയാൻ താൻ ആകാംക്ഷയിലാണ്, ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും നടൻ പറയുന്നു.

ആരോപണ വിധേയരുടെ പേരുകൾ പുറത്ത് വിടണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് താനോ നിങ്ങളോ അല്ല അധികാരത്തിൽ ഇരിക്കുന്നവരാണ്, ആരോപണങ്ങളുണ്ടെങ്കിൽ പഴുതടച്ചുള്ള അന്വേഷണങ്ങൾ ഉണ്ടാകണം. അന്വേഷണത്തിന് ഒടുവിൽ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാവണം. ഇനി അതല്ല അന്വേഷണത്തിൽ ആരോപണങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാലും മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികളുണ്ടാവണം. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്.

ആരോപണ വിധേയരുടെ പേരുകൾ സംരക്ഷിക്കപ്പെടാൻ ഒരു നിയമ വ്യവസ്ഥിതി നമ്മുടെ നാട്ടിൽ ഇല്ലാത്തിടത്തോളം കാലം അത് പുറത്ത് വിടുന്നതിൽ നിയമ തടസമുണ്ടെന്ന് താൻ കരുതുന്നില്ല.ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാളാണ് താൻ. തുടർന്നുള്ള നടപടികൾ എങ്ങനെയാണെന്ന് അറിയാൻ നിങ്ങളെപ്പോലെ തനിക്കും ആകാംഷയുണ്ട്. അമ്മയ്ക്ക് വീഴ്ച സംഭവച്ചിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. പവർഗ്രൂപ്പില്ലെന്ന് അവകാശപ്പെടാൻ തനിക്ക് കഴിയില്ല. പക്ഷെ താൻ അവരെ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. അവരാൽ താൻ ബാധിക്കപ്പെട്ടിട്ടില്ല. എന്ന് കരുതി പവർ ഗ്രൂപ്പില്ലെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ശക്തമായ ഇടപെടലുകളും നടപടികളും അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. സ്ഥാനങ്ങളിൽ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം. എന്നിട്ട് നടപടി സ്വീകരിക്കണം നടൻ പറഞ്ഞു .











