
നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെ ആവശ്യം ശക്തമാവുകയാണ്. ഇതേസമയം തന്നെ മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത വർഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അഭിമുഖത്തില്‍ സരിത ഉന്നയിക്കുന്നത്. സ്ത്രീവിഷയങ്ങളാണ് മുകേഷുമായി പിരിയാനുള്ള പ്രധാനകാരണമെന്നും മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാന്‍ എനിക്ക് തന്നെ നാണക്കേടാണ് എന്നും സിനിമയിലൊക്കെയാണ് ഇങ്ങനെ നടക്കുന്നത് കണ്ടിട്ടുള്ളതെന്നും യാഥാർത്ഥ ജീവിതത്തില്‍ ഇതൊക്കെ ഉണ്ടെന്നത് തനിക്ക് അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെന്നും പ്രശ്നങ്ങള്‍ നിരവധി ഉണ്ടായിട്ടും താന്‍ പലതും ആരോടും തുറന്ന് പറഞ്ഞില്ലയെന്നും ഇതൊന്നും ചെയ്യാന്‍ പാടില്ലെന്ന് എന്നെങ്കിലും അദ്ദേഹത്തിന് തോന്നുമെന്ന് താന്‍ കരുതിയിരുന്നുവെന്നുമാണ് സരിത പറയുന്നത്.

തന്റെ അച്ഛന്‍ മരിച്ചതിന് ശേഷം താന്‍ അച്ഛനായി കണ്ടത് അമ്മായിഅച്ഛനെയാണ്. അദ്ദേഹത്തിന് കൊടുത്ത ഉറപ്പ് കാരണമാണ് താന്‍ അന്നൊന്നും പൊലീസില്‍ പരാതി നൽകാതിരുന്നത് . അദ്ദേഹം മരിക്കുന്നത് വരെ ആ ഉറപ്പ് താന്‍ പാലിച്ചുവെന്നും സരിത പറയുന്നു. അവരുടെ വീട്ടിലെ ജോലിക്കാരുടെ മുമ്പിലൊക്കെ വെച്ച് തന്നെ ഒരുപാട് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. അന്ന് മുകേഷിന്റെ അച്ഛൻ ഒ മാധവൻ തന്റെ മോന്‍ ശരിയല്ലെന്ന് തനിക്ക് അറിയാമെന്നും പുറത്ത് ഈ വിവരം അറിയരുതെന്നു അദ്ദേഹം പറഞ്ഞുവെന്നും “മോള്‍ സഹിക്ക് എന്ന് അദ്ദേഹം തന്റെ കൈപിടിച്ച് അപേക്ഷിച്ചു.”
ആ ഉറപ്പ് താന്‍ അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോഴാണ് ഭേദിക്കുന്നതെന്നും നിശബ്ദത പാലിച്ച് ഇരുന്നാല്‍ എന്നെ തന്നെ തെറ്റിദ്ധരിക്കും എന്നുള്ളതുകൊണ്ടാണ് കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നുമാണ് സരിത പറഞ്ഞത്. ഡിവോഴ്സിന്റെ കാര്യം പോലും തന്നെ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ ആ വിവരം അറിയുന്നത് ,എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.
സ്വന്തം മകന്റെ കാര്യത്തില്‍ ഒന്നും അദ്ദേഹം നോക്കിയിട്ടില്ലയെന്നും മകന്‍ മഞ്ഞപ്പിത്തം വന്ന് വയ്യാതായത് വിളിച്ച് പറഞ്ഞപ്പോള്‍ “ഞാന്‍ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ വേണ്ടിയാണോ വിളിക്കുന്നത്” എന്നാണ് മുകേഷ് ചോദിച്ചതെന്നും സരിത പരന്നിരുന്നു.

മാത്രമല്ല തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെക്കുറിച്ചു സരിത സംസാരിച്ചിരുന്നു. താന്‍ ഗർഭിണി ആയിരുന്ന സമയത്ത് മുകേഷ് ഇടുപ്പിന് ചവിട്ടിയെന്നും നിലത്ത് വീണ് ഞാന്‍ വേദന കൊണ്ട് അവിടെ കിടന്ന് കരയുമ്പോള്‍ “നീ നല്ല നടിയാണ്, അവിടെ കിടന്ന് കരഞ്ഞോ” എന്നാണ് അദ്ദേഹം പറഞഞുവെന്നും സരിത പറയുന്നു. നിരന്തരം എന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും ഒമ്പതാം മാസത്തില്‍ അടക്കം ഉപദ്രവം തുടർന്നിരുന്നുവെന്നും ഒരിക്കല്‍ മുടിപിടിച്ച് വലിച്ചിഴച്ച് അടുക്കളയില്‍ കൊണ്ടുപോയി നിലത്തിട്ട് മർദ്ദിച്ചുവെന്നുമൊക്കെയാണ് സരിത മുകേഷിനെതിരെ സംസാരിച്ചത്.
കൂടാതെ താനുമായുള്ള വാവാഹം നിയമപരമായി വേർപെടുത്താതെയാണ് മുകേഷ് രണ്ടാമത് വിവാഹം ചെയ്തത്. അത് നിയമത്തിന് വിരുദ്ധമാണ്. താന്‍ അത് പറഞ്ഞതിന് മകനെ വിളിച്ച് ദേഷ്യപ്പെട്ടു. വിവാഹത്തിന് ശേഷം താൻ അഭിനയം നിർത്തിയതില്‍ നഷ്ടബോധം തോന്നുന്നില്ല. അത് ഞാന്‍ തന്നെ എടുത്ത തീരുമാനമായിരുന്നു. എന്നാൽ തനിക്ക് ചില അവസരങ്ങള്‍ വന്നത് മുകേഷ് ഇടപെട്ട് ഇല്ലാതാക്കിയെന്നും തനിക്ക് അത് വലിയ വിഷമമായിയെന്നും സരിത പറയുന്നു.
എന്തൊക്കെ തെറ്റുകൾ ചെയ്താലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് മുകേഷ് പറയുമായിരുന്നു. ഇവിടുത്തെ നിയമത്തിനൊന്നും തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നും ജഡ്ജിമാരും രാഷ്ട്രീയക്കരുമായൊക്കെ നല്ല ബന്ധമാണെന്നും മുകേഷ് പറയുമായിരുന്നു. ഞാന്‍ അഭിമുഖം കൊടുത്തതുകൊണ്ട് അദ്ദേഹത്തിന് നല്‍കാനിരുന്ന സീറ്റോ അങ്ങനെയെന്തോ നഷ്ടപ്പെട്ടതായി ഒരിക്കല്‍ കോടതിയില്‍ പറയുകയുണ്ടായി.
രാഷ്ട്രീയത്തെക്കുറിച്ചൊന്നും എനിക്ക് അറിയില്ലയെന്നും നർമ്മ ബോധമുള്ള ഒരു വ്യക്തി ഇങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു തന്റെ വിശ്വാസമെന്നും തനിക്ക് ചിരിക്കാന്‍ വലിയ ഇഷ്ടമായിരുന്നു ചിരിച്ചോണ്ട് തന്നെ അയാൾക്കൊപ്പം തനിക്ക് ജീവിക്കാന്‍ പറ്റും എന്നൊക്കെയാണ് കരുതിയതെന്നും സരിത അന്ന് വ്യക്തമാക്കിയിരുന്നു. മുകേഷിനൊപ്പം താൻ അനുഭവിച്ച ദുരനുഭവങ്ങളാണ് നടി അന്ന് പങ്കുവെച്ചത് .











