
കാരവാനില്‍ രഹസ്യ ക്യാമറ വെച്ച് നടിമാരുടെ ദൃശ്യങ്ങള്‍ പകർത്തിയെന്ന ഗുരുതര ആരോപണം ഉയർത്തി എത്തിയിരിക്കുകയാണ് പ്രമുഖ തമിഴ് നടി രാധിക ശരത് കുമാർ. മലയാള സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞാന് താരം എത്തിയത്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
രഹസ്യക്യാമറയിലൂടെ പകർത്തിയ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടുവെന്നാണ് രാധിക പറയുന്നത്. എല്ലാ ഭാഷകളിലും ഇത്തരം പ്രശ്നങ്ങളുണ്ട് എന്നും ഒരിക്കൽ കേരളത്തില്‍ ഞാന്‍ കണ്ട ഒരു കാര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സംഭവം രാധിക ശരത്കുമാർ വിവരിക്കുന്നത്.

താൻ സെറ്റിലൂടെ നടന്ന് പോകുമ്പോള്‍ കുറേ ആളുകള്‍ ചുറ്റും കൂടിയിരുന്ന് എന്തോ കണ്ട് ചിരിക്കുന്നു. ഞാനും അത് കണ്ടു. അപ്പോള്‍ ഞാന്‍ അവിടെ ഉള്ള ഒരാളെ വിളിച്ച് എന്താണ് എല്ലാവരും ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചുവെന്നും എല്ലാ കാരവാനിലും ക്യാമറ വെച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ അവർ എടുത്തിരിക്കുന്നത് അപ്പോഴാണ് അറിയുന്നതെന്നും രാധിക ശരത്കുമാർ പറയുന്നു.
ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. ഏത് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇത് നടന്നതെന്ന് താൻ പറയില്ലയെന്നും ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താന്‍ അല്ല ഉദ്ദേശിക്കുന്നത്. ഈ സിസ്റ്റം തന്നെ പ്രശ്നമാണ്. ആ സംഭവത്തോടെ കാരവാനില്‍ പോകുക എന്നത് വലിയ ഭയമായിരുന്നുവെന്നും നമ്മളെ സംബന്ധിച്ച് കാരവാന്‍ ഒരു സ്വകാര്യ ഇടം ആണെന്നും നടി പറയുന്നു.
അപ്പോള്‍ തന്നെ താന്‍ അവിടെ ശബ്ദം ഉയർത്തി. കാരവാനിനുള്ളില്‍ ഒരു ക്യാമറയെങ്കിലും ഉണ്ടെങ്കില്‍ താന്‍ ചെരുപ്പുകൊണ്ട് അടിക്കുമെന്ന് പറഞ്ഞുവെന്നും ഭാഷയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തനിക്ക് പറയാനുള്ളത് താന്‍ പറഞ്ഞുവെന്നും അതിന് ശേഷം കാരവാനിലേക്ക് പോകാതെ റൂമിലേക്കാണ് പോയതെന്നും രാധിക വ്യക്തമാക്കുന്നു.
മാത്രമല്ല നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ നിറയെ കണ്ടിട്ടുണ്ട് എന്നും എത്രയോ പെണ്‍കുട്ടികള്‍ തന്‍റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാധിക വെളിപ്പെടുത്തി. മലയാളം ഇന്‍ഡസ്ട്രിയില്‍ അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള നടി ഉർവശിയുടെ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നും അവർ കേരളത്തില്‍ നിന്നുള്ളവരാണ്. അവരുടെ ജീവിതം അവിടെയാണ്. നാളെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമോയെന്ന് അവർ ആലോചിച്ചിരിക്കാമെന്നും രാധിക പറയുന്നു . തന്റെ അടുത്ത സുഹൃത്താണ് ഉർവശി , പക്ഷെ ഈ വിഷയത്തില്‍ എനിക്ക് ഉർവശിയുമായി വ്യത്യസ്ത അഭിപ്രായമുണ്ടെന്നും രാധിക കൂട്ടിച്ചേർക്കുന്നു.

എന്നാൽ നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തൽ ഇതിനോടകം ചർച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയുമെത്തി. രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ലെന്നും അവരുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയല്ലേ ചെയ്തത് എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. രാധിക ശരത് കുമാർ എന്നൊരു വ്യക്തി ചെന്നൈ നഗരത്തിൽ ഏറ്റവും സ്വാധീനം ഉള്ളൊരു വ്യക്തിയാണ്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സിനിമാ മേഖലയിൽ വളരെ സ്വാധീനം ഉള്ള ആളാണ് എന്നിട്ടും വേറെ ഏതോ സ്ത്രീകൾക്ക് നേരെ ഇത്തരം ക്രൈം നടക്കുന്നുണ്ട് എങ്കിൽ അവരും ഇതുപോലെ കാര്യങ്ങൾ പൂഴ്ത്തി വച്ചു എന്ന് തന്നെയല്ലേ പ്രതീക്ഷിക്കേണ്ടതെന്നും ചെരുപ്പൂരി അടിക്കും എന്നല്ല പറയേണ്ടത്, പൊലീസിൽ അവർ പരാതി നൽകുകയായിരുന്നു വേണ്ടതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.
ഇന്നും അത് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ അറിയാമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. രാധികയുടെ നിശബ്ദത ക്രൈമിന് വഴിവച്ച് കൊടുക്കുകയല്ലേ ചെയ്തതെന്നും എന്തുകൊണ്ട് അവരന്ന് തന്നെ പുറം ലോകത്തെ അറിയിച്ചില്ലയെന്നും ഈ ലോകത്തുള്ള സകല പുരുഷന്മാരെയും സംസാരിച്ച് തിരുത്താൻ പറ്റുമെന്നാണോ വിചാരിക്കുന്നത്. നിയമ നടപടിയിലൂടെ മാത്രമെ ഓരോരുത്തരെയും തിരുത്താൻ സാധിക്കൂവെന്നും തങ്ങൾക്ക് കാരവാൻ വേണ്ട എന്ന് പറയാനുള്ള ധൈര്യം കാണിക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സിനിമ എന്നത് വളരെ അടുത്തിടപഴകുന്നൊരു മേഖലയാണ്. ഒരു കാരവാനിന് അകത്ത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നു , സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, എന്തിനേറെ ഡ്രഗ്സ് വരെ ഉപയോഗിക്കുന്നു. ആരാണ് ഇതിനെതിരെ സംസാരിക്കുന്നതെന്നും ഇവിടെ ഇങ്ങനെ നടക്കുകയാണെന്ന് പറഞ്ഞ് പരാതി കൊടുക്കയോ, ഇല്ലെങ്കിൽ സർക്കാരിന്റെയോ പൊലീസിന്റെയോ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ടോയെന്നും ഒരു ക്രൈം നടക്കുമ്പോൾ അത് കണ്ടുകൊണ്ട് മിണ്ടാതിരിക്കുന്നത് അതിനെക്കാൾ വലിയ ക്രൈം ആണെന്നാണ് പറയാറെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
അതേസമയം നടൻ ശരത്കുമാറിന്റെ ഭാര്യയായ രാധിക രാഷ്ട്രീയത്തിലും സജീവമാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ വിരുതുനഗർ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശരത്കുമാറിൻ്റെ പാർട്ടി അഖില ഇന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) ബിജെപിയിൽ ലയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാധിക ശരത്കുമാറിനെ ബിജെപി മത്സരരംഗത്തിറക്കിയത്. പവി കെയർടേക്കർ, ഇട്ടിമാണി, രാമലീല, ഗാംബിനോസ് എന്നീ ചിത്രങ്ങളിലാണ് രാധിക ശരത്കുമാർ സമീപകാലത്ത് മലയാളത്തിൽ അഭിനയിച്ചത്.











