
തനിക്ക് നേരിട്ട മോശം അനുഭവങ്ങളെ തുടര്‍ന്നാണ് താന്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി കസ്തൂരി. മോശമായി പെരുമാറിയതിന് താന്‍ പ്രൊഡക്ഷന്‍ മാനേജരുടെ കരണത്ത് അടിച്ചുവെന്നാണ് കസ്തൂരി പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
ഇന്‍ഡസ്ട്രിയില്‍ ചില വിവരദോഷികളെ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നും പ്രത്യേകിച്ചും മലയാളത്തില്‍ നിന്നാണെന്നും അതുകൊണ്ടാണ് താന്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്നും കസ്തൂരി പറയുന്നു. തന്നോട് വളരെ മോശം സമീപനമായിരുന്നുവെന്നും പ്രൊഡക്ഷന്‍ ടീമിലുള്ള നിരവധി പേര്‍ മോശമായി പെരുമാറിയിട്ടുണ്ട് എന്നും ഒരു പ്രൊഡക്ഷന്‍ മാനേജരെ താന്‍ കരണത്തടിക്കുക വരെയുണ്ടായിയെന്നും സംവിധായകനും മോശമായി പെരുമാറിയെന്നും അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നുമാണ് കസ്തൂരി പറയുന്നത്.

താന്‍ വളരെ ബോള്‍ഡാണ്, അതുകൊണ്ട് തന്നെ പ്രതികരിക്കുമെന്ന് അവർക്കറിയാമെന്നും എന്നാലും ശ്രമിച്ചു നോക്കാം എന്നു കരുതിയാണ് അവര്‍ സമീപിക്കുന്നതെന്നും കസ്തൂരി പറയുന്നു. കേരളത്തിലെ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും തമിഴ്‌നാട്ടില്‍ ഒരാളും സംസാരിക്കാനുള്ള ധൈര്യം പോലും കാണിക്കുന്നില്ലയെന്നും അവര്‍ക്ക് സംസാരിക്കാന്‍ ഭയമാണെന്നും നടി വ്യക്തമാക്കി.
നടി ഖുശ്ബുവിനെ പോലുള്ളവര്‍ക്കും സംസാരിക്കാന്‍ ഭയമാണെന്നും കസ്തൂരി വ്യക്തമാക്കി. സര്‍ക്കാര്‍ നിയമങ്ങള്‍ കൊണ്ടു വരികയും, ആളുകള്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ തുടങ്ങുകയും ചെയ്യാതെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലെ ആയിരം റിപ്പോര്‍ട്ട് വന്നാലും മാറ്റം സാധ്യമല്ലയെന്നും ഇത് രണ്ടുമാണ് ഏറ്റവും പ്രധാനമായും നടപ്പിലാകേണ്ടതെന്നും താരം പറയുന്നു.
എന്നാൽ ഒപ്പം അഭിനയിച്ച നായകന്മാരില്‍ നന്നായി പെരുമാറുന്നവരുണ്ട്. മുഴുവൻ മലയാള സിനിമയെക്കുറിച്ചുമല്ല പറയുന്നതെന്നും ചില വ്യക്തികളെക്കുറിച്ചാണ് പറയുന്നതെന്നും കസ്തൂരി പറയുന്നു. തമിഴിലും ഇത്തരം ഇടപെടലുകളുണ്ടാകണമെന്നും വിശാല്‍ പറഞ്ഞത് പോലെ പറയുന്നത് സാധ്യമാണെന്നും എന്നാല്‍ വേണ്ടത് ഇടപെടലുകളാണെന്നും കസ്തൂരി അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരു പോലെ നിറഞ്ഞ് നിന്ന താരമാണ് നടി കസ്തൂരി. സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞു നിന്ന താരമാണ് കസ്തൂരി. കസ്തൂരിയെ മലയാളികള്‍ക്ക് പരിചയം അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ്. ചക്രവര്‍ത്തി, രഥോത്സവം, മംഗല്യ പല്ലക്ക്, സ്നേഹം പഞ്ച പാണ്ടവര്‍, അഥീന തുടങ്ങിയ മലയാളം ചിത്രങ്ങളിലും നടി അഭിനയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമ മേഖയിലെ പല പ്രമുഖർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സിനിമാ ലോകത്ത് നേരിടുന്ന ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള തുറന്നു പറച്ചിലുകളും മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ചര്‍ച്ചയായി മാറുന്നുണ്ട്.











