
ബിരിയാണി കഴിച്ചാലോ എന്ന് ചോദിച്ച് നാവെടുക്കുന്നതിന് മുൻപ് ബിരിയാണിക്കടകളുടെ പരസ്യവും റീലുമൊക്കെ ഫോണിൽ വരുന്നത് കണ്ടിട്ടില്ലേ… നമ്മൾ പറയുന്ന വിവരങ്ങളെല്ലാം ചോർത്തുന്നത് ഫേസ്ബുക്കാണെന്ന് പറയാറുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ശാസ്ത്രീയ സ്ഥിരീകരണമൊന്നുമില്ല. എന്നാലിപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഒരു മാർക്കറ്റിംഗ് കമ്പനി. സ്മാർട്‌ഫോണിന്റെ മൈക്രോഫോൺ ഉപയോഗിച്ച് ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ടെന്ന വെളിപ്പെടുത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്.
കോക്സ് മീഡിയാ ഗ്രൂപ്പ് എന്ന മാർക്കറ്റിംഗ് കമ്പനിയാണ് ഇക്കാര്യം സമ്മതിച്ചത്. ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളുടെ ലിസ്റ്റിലുണ്ട്. ഉപയോക്താക്കളുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് തുറന്ന് പറഞ്ഞത്. ഈ ഡാറ്റ ആളുകളുടെ വ്യക്തിഗതവിവരങ്ങളുമായി ചേർത്ത് മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും.
ഉപഭോക്താക്കളുടെ ശബ്ദം കേൾക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് 2023ൽ തന്നെ പറഞ്ഞിരുന്നു. അന്ന് ഇതിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ഗൂഗിൾ തങ്ങളുടെ പാർട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റിൽ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തു. പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഫോണിന്റെ മൈക്രോഫോൺ തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും വർഷങ്ങളായി ഇത് പറയുന്നുണ്ടെന്നുമാണ് മെറ്റയുടെ വിശദീകരണം.











