മമ്മൂക്കാ, എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു; പുതുജന്മം നൽകിയ മമ്മൂട്ടിക്ക് ആശംസയുമായി മഞ്ജിമ 

തന്റെ ഹൃദയ ശസ്ത്രക്രിയയുടെ മുഴുവൻ ചിലവും ഏറ്റെടുത്ത നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മഞ്ജിമ. മഞ്ജിമയെ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി ശസ്ത്രക്രിയ ചെയ്തത്. എറണാകുളത്തെ രാജ​ഗിരി ഹോസ്പിറ്റലിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് ഇന്ന് മമ്മൂട്ടിയുടെ പിറന്നാൾ ആണെന്ന് മഞ്ജിമ അറിയുന്നത്.

തുടർന്ന് മഞ്ജിമ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരുകയും അതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. ‘ജന്മദിന ആശംസകൾ മമ്മൂക്കാ, എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു’, എന്നാണ് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജിമ പറഞ്ഞത്.

തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന 21കാരി മഞ്ജിമയെ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി, രാജഗിരി ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്യ്ത്.

പാലക്കാട് സ്വദേശിയാണ്  മഞ്ജിമ. വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്ന മഞ്ജിമക്ക് കലശലായ ശ്വാസതടസ്സത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയത്തിന് തകരാറുളളതായി കണ്ടെത്തിയത്. മഞ്ജിമയുടെ സാമ്പത്തിക സ്ഥിതിയും ആരോഗ്യസ്ഥിതിയും മനസ്സിലാക്കിയ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഡയറക്ടർ ജോർജ് സെബാസ്റ്റ്യനാണ് വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

രാജഗിരിയിൽ നടത്തിയ ട്രാൻസ് ഈസോഫാഗൽ എക്കോ കാർഡിയോഗ്രാം പരിശോധനയിലും, അതിന് ശേഷം നടത്തിയ കാത്ത് സ്റ്റഡിയിലുമാണ് ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ദ്വാരം ഉണ്ടെന്ന് കണ്ടെത്തിയത്. 3 സെൻ്റിമീറ്റർ വ്യാസമുളള ദ്വാരമാണ് കണ്ടെത്തിയത്. ചികിത്സ വൈകിപ്പിച്ചാൽ ശ്വാസകോശത്തിലെ സമ്മർദം സ്ഥിരപ്പെടുകയും ശസ്ത്രക്രിയ നടത്തി സുഖപ്പെടുത്താൻ ഉള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. അതിനാൽ അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന മഞ്ജിമയുടെ അച്ഛൻ തോമസിന് ഓപ്പറേഷനുള്ള തുക കണ്ടെത്തുക ബുദ്ധിമുട്ടായതിനാൽ അദ്ദേഹത്തിന്റെ ബന്ധു വഴി വിവരം അറിഞ്ഞ ജോൺ ബ്രിട്ടാസ് എംപിയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൌണ്ടേഷൻ്റെ ‘ഹൃദ്യം’ പദ്ധതിയിൽ അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നത്.

തുടർന്ന് മഞ്ജിമയുടെ അച്ഛന്റെ അപേക്ഷയിൽ നിന്നും മഞ്ജിമയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ കെയർ ആൻഡ് ഷെയർ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ഹൃദ്യം പദ്ധതിയിൽ മഞ്ജിമയെ ഉൾപ്പെടുത്താൻ മമ്മൂട്ടി നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി രണ്ട് ആഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ രോഗം ഭേദമായി മഞ്ജിമ വീട്ടിലേക്ക് മടങ്ങി. അതേസമയം അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഹൃദ്യം പദ്ധതിയിലൂടെ പൂർണമായും സൗജന്യമായി മമ്മൂട്ടി ചെയ്ത് നൽകിയത്. പുതുജന്മത്തിൽ  ഡോക്ടർമാർ നിർദേശിച്ച വിശ്രമ കാലയളവ് പൂർത്തിയാക്കി തുടർന്നും പഠിക്കണം എന്ന തീരുമാനങ്ങളോടെയാണ് മഞ്ജിമ ആശുപത്രി വിട്ടത്.

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്റ്റംബർ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നതും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്നതും. 2022 മേയിൽ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ അമ്പതോളം ശസ്ത്രക്രിയകളാണ് ഇതുവരെ പൂർത്തിയായത്. അതേസമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 73-ാം പിറന്നാൾ ആഘോഷിക്കുകയാണ്.