നിവിനെതിരെ പവർ ഗ്രൂപ്പുണ്ട് , ലക്ഷ്യം നിവിനിലൂടെ മറ്റുപലതുമാണ് ; ബൈജു കൊട്ടാരക്കര

നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി യഥാര്‍ത്ഥമാണോ എന്നതില്‍ സംശയമുണ്ട് എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മറ്റ് പരാതികളുടെ ക്രെഡിബിലിറ്റി ഇല്ലാതാക്കാന്‍ വേണ്ടി വ്യാജമായി ഉന്നയിക്കുന്ന പരാതിയാണ് നിവിനെതിരെ ഉള്ളത് എന്ന് സംശയിക്കുന്നതായും ബൈജു കൊട്ടാരക്കര പറഞ്ഞു.

നിവിന്‍ പോളിയ്ക്കെതിരേ ആരോപണം ഉന്നയിച്ച് മറ്റ് നടിമാർ ഉയർത്തിയ പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംശയിക്കുന്നു. നിവിനെതിരേയുള്ള ലൈംഗിക പീഡനാരോപണത്തില്‍ പരാതിക്കാരിയുടെ മൊഴികളില്‍ വലിയ വൈരുധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുള്ള പവര്‍ ഗ്രൂപ്പാണോ ഇതിന് പിന്നില്‍ എന്ന് സംശയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പരാതികളളെല്ലാം വ്യാജമാണെന്ന് വരുത്തി തീര്‍ക്കാനും ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകര്‍ക്കാനുമാണ് ഈ ശ്രമമെന്നാണ് തന്റെ നിഗമനം എന്നും കാരണം, പരാതിക്കാരിയ്ക്കെതിരേ കഞ്ചാവ് കേസുകള്‍ അടക്കമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിവിനെതിരായ പരാതി മാത്രമല്ല, മറ്റ് ചിലരുടെയും ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട് എന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ത്തു. നിവിന്‍ പോളി ഇപ്പോള്‍ വലിയ പ്രൊജക്ടുകളുടെ ഭാഗമാണ് എന്നും ആ പ്രൊജക്ടുകള്‍ മുടക്കാനുള്ള ചില വ്യക്തികളുടെ ശ്രമമാണോ ഈ പരാതി എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലകളില്‍ ഇത്തരം ശ്രമങ്ങള്‍ പതിവാണ് എന്നും അതെക്കുറിച്ചും അന്വേഷണിക്കണം എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പ് ഇപ്പോഴും സജീവമാണ് എന്നും അദ്ദേഹം പറഞ്ഞു. അതിന് വേണമെങ്കില്‍ തെളിവുകള്‍ തരാം.

ബി ഉണ്ണികൃഷ്ണനെ സിനിമനയ രൂപീകരണ സമിതിയില്‍ നിന്നൊഴിവാക്കണം എന്ന് പറഞ്ഞ് ഞങ്ങള്‍ കത്ത് കൊടുത്തിരുന്നു. അതെല്ലാം തള്ളിയാണ് അദ്ദേഹത്തെ സമിതിയില്‍ നിലനിര്‍ത്തിയത്. അതെങ്ങനെയാണ് സാധിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം തനിക്കെതിരായ പരാതിയില്‍ ഗൂഢാലോചന ആരോപിച്ച് നിവിന്‍ പോളിയും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷിന് നിവിന്‍ പോളി പരാതി നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവനായ വെങ്കടേഷിന്റെ ഓഫീസിലെത്തിയാണ് നിവിന്‍ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നും നിവിൻ പറഞ്ഞു.

തനിക്കെതിരായ പീഡനപരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ മേഖലയിലുള്ളവര്‍തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നും നിവിന്റെ പരാതിയില്‍ പറയുന്നുണ്ട്. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നിവിന്‍ പോളിക്കെതിരായ പരാതി. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനടക്കം ആറ് പേര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ 14 ന് നിവിനും സംഘവും തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ യുവതി ആരോപണം ഉന്നയിച്ച അന്ന് തന്നെ ഇക്കാര്യം നിഷേധിച്ച നിവിന്‍ രംഗത്തെത്തിയിരുന്നു.

പിന്നാലെ പരാതിക്കാരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് സിനിമ മേഖലയിൽ നിന്നും തെളിവുകളുമായി വിനീത് ശ്രീനിവാസന്‍, പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍, വിശാഖ് സുബ്രഹ്‌മണ്യം തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.  പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ ‘വർഷങ്ങൾക്ക് ശേഷം’ എന്ന  സിനിമയുടെ ലൊക്കേഷനിൽ ഷൂട്ടിലായിരുന്നുവെന്നാണ് ഇവർ  പറഞ്ഞത് . ഇതിനെത്തുടർന്ന് താൻ ഡേറ്റ് പറഞ്ഞത് ഉറക്കപിച്ചിലായിരുന്നുവെന്നു പറഞ്ഞുകൊണ്ട് പരാതിക്കാരി മലക്കം മറിഞ്ഞത് .