ജെൻസന്റെ വിയോഗം വലിയ ദുഃഖം; ശ്രുതിക്ക് ശക്തി ലഭിക്കട്ടെ; കുറിപ്പുമായി മമ്മൂട്ടിയും ഫഹദും

മലയാളികളെയാകെ വേദനയിലാഴ്ത്തുകയാണ് ജെൻസന്റെ വേർപാട്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കുടുംബത്തെ മുഴുവൻ നഷ്‌ടമായ ശ്രുതിക്ക് പുതുജീവൻ നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പ്രതിശ്രുത വരൻ ജെൻസൻ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി മലയാളം സിനിമ താരങ്ങളുമെത്തുകയാണ്. ഫഹദ് ഫാസിൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളാണ് തങ്ങളുടെ സോഷ്യൽ മീഡിയ വഴി അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്. കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ജെൻസന്റെ ചിത്രം പോസ്റ്റ് ചെയ്ത് നടൻ ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ. ഫഹദിന്റെ ആരാധകരായ നിരവധി പേരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ ജെൻസണ് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടെത്തിയത്.

ജെൻസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടിയും എത്തിയിരുന്നു. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് മമ്മൂട്ടി തന്റെ അനുശോചനം അറിയിച്ചത്. ‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും’. ഇതായിരുന്നു മമ്മൂട്ടി എഴുതിയ വാക്കുകൾ.

എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ശ്രുതിയെ ചേർത്ത് പിടിച്ച് കരുത്തായി നിന്ന യുവാവിൻ്റെ വേർപാട് സംസ്ഥാനത്തിന് തന്നെ നോവായി മാറി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം തന്നെ ജെൻസൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു.

അതേസമയം വയനാട് ദുരന്തത്തിൽ കുടുംബത്തിലെ 9 പേരെ നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുതവരനായിരുന്നു ജെൻസൻ. കുട്ടിക്കാലം മുതലേ ഉള്ള സൗഹൃദവും പ്രണയവുമാണ് ജെയ്‌സന്റെയും, ശ്രുതിയുടെയും. കഴിഞ്ഞദിവസം കൽപ്പറ്റ വെള്ളാരംകുന്നിൽ വാനും സ്വകാര്യ ബസ്സും തമ്മിലുള്ള കൂട്ടിമുട്ടലിൽ ആണ് ശ്രുതിക്കും ജെൻസണും പരിക്കേൽക്കുന്നത്.

ശ്രുതിയുടെ ബന്ധുക്കൾ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെ ബന്ധുക്കൾക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് മരണം അപകടത്തിൻ്റെ രൂപത്തിലെത്തിയത്. ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപമാണ് അപകടം ഉണ്ടായത്. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ശ്രുതിക്ക് കാലിന് ചെറിയ പരിക്കേറ്റിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കേറ്റിരുന്നില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്.

അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെൻസന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയ ശേഷം വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

എന്നാൽ ശ്രുതിയുടെയും കേരളത്തിൻ്റെയാകെയും പ്രാർത്ഥനകൾ വിഫലമാക്കി ഇന്നലെ രാത്രിയോടെ ജെൻസൺ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം അമ്പലവയൽ ആണ്ടൂരിൽ ജെൻസൻ്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് ജെൻസന്റെ  സംസ്കാരം നടക്കുക.