സങ്കടം പറഞ്ഞത് വളച്ചൊടിക്കരുത്; ഷീലു എബ്രഹാം 

കഴിഞ്ഞ ദിവസമാണ് നിർമാതാവും ന‍ടിയുമായ ഷീലു എബ്രഹാം ടൊവിനോ തോമസ്, ആന്റണി വർ​ഗീസ്, ആസിഫ് അലി എന്നീ നടന്മാർക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി വിമർശനം ഉന്നയിച്ച് രംഗത്ത് വന്നത്. മൂന്നു പേരുടെയും സിനിമകൾ ഓണം റിലീസുകളാണ്. ഇവർ പരസ്പരം തങ്ങളുടെ സിനിമകൾ ഒരു വീഡിയോയിലൂടെ പ്രൊമോട്ട് ചെയ്‌തിരുന്നു.

എന്നാൽ പക്ഷെ  തന്റെ ‘ബാഡ് ബോയ്സ്’ ഉൾപ്പെടെയുള്ള മറ്റ് ഓണം റിലീസുകളെ ഈ നടന്മാർ  അവ​ഗണിച്ചു എന്നായിരുന്നു ഷീലു എബ്രഹാമിന്റെ വിമർശനം. വിമർശനമറിയിച്ചുള്ള ഷീലു അബ്രഹാമിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പവർ ​ഗ്രൂപ്പ് എന്ന് ഷീലു എബ്രഹാം പരാമർശിച്ചു. ഇത് വലിയ തോതിൽ സോഷ്യൽ  മീഡിയയിൽ ചർച്ചയായി മാറി.

ഇപ്പോഴിതാ താൻ ഉന്നയിച്ച  വിമർശനത്തെക്കുറിച്ച് മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിനോട് വിശദീകരിക്കുകയാണ് ഷീലു എബ്രഹാം. തന്റെ വിമർശനത്തെ വളച്ചൊടിക്കരുതെന്നാണ് ഷീലു എബ്രഹാം പറയുന്നത്. എന്തിനാണ് ആ പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായി തന്നെ താൻ എഴുതിയിട്ടുണ്ട്. അതിനെ വളച്ചൊടിച്ച് പവർ ​ഗ്രൂപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ആവശ്യമില്ല എന്നും ഷീലു എബ്രഹാം പറയുന്നു.

കൃത്യമായി വളരെ ചുരുങ്ങിയ വാക്കുകളിൽ തന്റെ സങ്കടം അവിടെ പറഞ്ഞിട്ടുണ്ട്. ഒരു വളച്ചൊടിക്കലിന്റെയും ആവശ്യമില്ല. പെപ്പെയുടെയും ടൊവിനോയുടെയും ആസിഫിന്റെയും സിനിമകൾ നന്നാകണമെന്നാണ് താനും ആ​ഗ്രഹിക്കുന്നത്. പോസ്റ്റ് കണ്ടി‌ട്ട് തന്നെ അവർ ആരും വിളിച്ചിട്ടില്ലെന്നും ഷീലു എബ്രഹാം വ്യക്തമാക്കി. അതിൽ വിഷമമില്ല.

ഓണം സിനിമകളെന്ന് പറയുമ്പോൾ കോംപറ്റീഷൻ ഉണ്ടാകും. എല്ലാവരും ആർട്ടിസ്റ്റുകളാണ്. തന്റെ സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകൾ അവരുടെ സിനിമയെക്കുറിച്ച് ചെറുതായെങ്കിലും പരാമർശിക്കുമെന്ന് പ്രതീക്ഷിച്ചു. മനപ്പൂർവമായിരിക്കില്ല. അദ്ദേഹം അങ്ങനെ പറഞ്ഞതായിട്ട് താൻ അറിഞ്ഞു. ഒരുപാട് സന്തോഷം. അവർക്ക് വിഷമം വന്നതിൽ തന്റെ വിഷമം താനറിയിക്കുന്നു. തങ്ങളുടെ സങ്കടം മാത്രമാണ്. അത് ദയവ് ചെയ്ത് നിങ്ങളാരും മറ്റൊരു രീതിയിൽ വളച്ചൊടിക്കരുതെന്നും ഷീലു എബ്രഹാം പറയുന്നു. ഷീലു എബ്രഹാമിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.

ബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ബാഡ് ബോയ്സ് സംവിധാനം ചെയ്തിരിക്കുന്നത് ഒമർ ലുലുവാണ്. യുവതാരങ്ങളുടെ സ്വാർത്ഥത നിറഞ്ഞ പെരുമാറ്റത്തിൽ ഒമർ ലുലുവും പ്രതിഷേധം അറിയിച്ചു. നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ട് വന്നവരല്ലേ. എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ. എന്തിനാണ് ഞങ്ങളെ അവഗണിച്ചത് എന്നാണ് ടൊവിനോയേയും ആസിഫിനേയും പെപ്പേയേയും മെൻഷൻ ചെയ്ത് ഒമർ ചോദിച്ചത്. ഷീലുവിന്റെയും ഒമറിന്റേയും കുറിപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.