കാർത്തിക ഇത്രയും സംസാരിക്കുമോ? കാർത്തികയെ കുറിച്ച് മോഹൻലാൽ  

മോഹൻലാലിൻറെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാണ് ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രം. അടുത്തിടെ ചിത്രത്തിലെ താരങ്ങളെയെല്ലാം ഉൾപ്പെടുത്തി സിനിമയുടെ ​ഗെറ്റ് ടു​ഗെദർ തിരുവനന്തപുരത്ത് നടന്നിരുന്നു. നടി കാർത്തികയുടെ തല തന്നെയാണ് അതിന് പിന്നിൽ പ്രവർത്തിച്ചത്.

പരിപാടി കളറാക്കാൻ മോഹൻലാലുമെത്തി. ചടങ്ങിൽ വെച്ച് പഴയ തന്റെ കുട്ടികളെ വീണ്ടും കാണാൻ സാധിച്ച സന്തോഷം മോഹ​ൻലാൽ പങ്കിട്ടു. ഇപ്പോഴിതാ ​ഗെറ്റ് ടു​ഗെദറിൽ പങ്കെടുത്ത് സംസാരിക്കവെ മോഹൻലാലും കാർത്തികയും പങ്കിട്ട അനുഭവങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

37 വർഷങ്ങൾക്കുശേഷമാണ് കാർത്തിക ഒരു പൊതുപരിപാടിയിൽ സംബന്ധിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോൾ വൈറലാണ്. ആദ്യം കാർത്തികയാണ് സംസാരിച്ചത്.  ആദ്യമായിട്ടാണ് എന്റെ ഭർത്താവ് ഡോ.സുനിൽ അപ്പുറത്ത് നിൽക്കുകയും ഞാൻ ഇപ്പുറത്ത് സ്റ്റേജിൽ ഒറ്റയ്ക്ക് നിൽക്കുകയും ചെയ്യുന്നതെന്നും അതിന്റെ ടെൻഷൻ തനിക്ക് ഭയങ്കരമായിട്ടുണ്ട് എന്നും കാർത്തിക പറയുന്നു.

1987 ജൂലൈ നാലിന് ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്നൊരു ഭംഗിയുള്ള സിനിമ ഉടലെടുത്തു. അതിലെ കേന്ദ്രകഥാപാത്രം എബിയും അതിന്റെ കാതൽ കൊച്ചു കുഞ്ഞുങ്ങളും. അന്നത്തെ കുട്ടികൾ വീണ്ടുമൊത്ത് ചേരുന്ന ഈ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ സന്തോഷമെന്നും നീണ്ട 37 വർഷങ്ങൾക്കുശേഷമാണ് താൻ സിനിമയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു വേദിയിൽ വന്ന് നിൽക്കുന്നതെന്നും 37 വർഷമെന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ലയെന്നും കാർത്തിക പറയുന്നു.

2021 ജൂലൈ ആറിന് ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന പേരിൽ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് തങ്ങൾ തുടങ്ങി. അതിൽ ആദ്യം കുറച്ചുപേരെ ചേർത്തുവെന്നും പിന്നീട് എന്റെ പരിമിതമായ ബന്ധങ്ങൾ ഉപയോഗിച്ച് ബാക്കിയുള്ളവരെ അന്വേഷിച്ച് തുടങ്ങിയെന്നും നമുക്കൊരു റിയൂണിയൻ പോലെയൊന്ന് സംഘടിപ്പിച്ചാലോയെന്ന് അപ്പോഴാണ് കമൽ സർ പറഞ്ഞതെന്നും കാർത്തിക പറയുന്നു.

അങ്ങനെ അദ്ദേഹം ഈയടുത്ത് മോഹൻലാലിനെ കണ്ടുവെന്നും മോഹൻലാൽ താൽപര്യം പ്രകടിപ്പിച്ചു. അങ്ങനെ മോഹൻലാലാണ് ബാക്കി കാര്യങ്ങൾ സംഘടിപ്പിക്കാൻ മുൻകൈ എടുത്തതെന്നും ഇത് അറിഞ്ഞതും പിള്ളേരെല്ലാം ഡബിൾ ഹാപ്പിയായെന്നും അവരുടെ സന്തോഷം കണ്ടപ്പോൾ താനും വളരെ സന്തോഷിച്ചുവെന്നും കാർത്തിക പറയുന്നു.

പക്ഷെ അതിനൊപ്പം തനിക്ക് വേറൊരു സങ്കടം കൂടിയുണ്ടായിരുന്നു, ഒരു പൊതുപരിപാടിയിൽ ഞാൻ പങ്കെടുക്കില്ലെന്നത് വർഷങ്ങൾക്ക് മുമ്പ് എടുത്ത ഒരു തീരുമാനമായിരുന്നു. ആ തീരുമാനം ഓർത്തപ്പോൾ താൻ ആകെ ആശയക്കുഴപ്പത്തിലായിയെന്നും മോഹൻലാലിനെ പോലെ ഒരാൾ ഇത്തരമൊരു കാര്യത്തിന് മുൻകൈ എടുത്തിറങ്ങമ്പോൾ അതിൽ യെസ് പറയാനോ നോ പറയാനോ താൻ ആളല്ലയെന്നും കാർത്തിക പറയുന്നുണ്ട്.

ആ ചിത്രത്തിൽ അഭിനേതാവ് മാത്രമല്ല മോഹൻലാൽ. നിർമാണത്തിലും പങ്കാളിയാണ്. അദ്ദേഹത്തിന് ആ സിനിമയുമായി ബന്ധപ്പെട്ട് എന്ത് കാര്യം ചെയ്യുന്നതിനും അധികാരമുണ്ട്. എല്ലാവരും ഈ ഒത്തുചേരലിനായി തിരുവനന്തപുരത്ത് വരുമ്പോൾ ഞാനെങ്ങനെ മാറി നിൽക്കും?. അങ്ങനെ ചെയ്താൽ അതെന്റെ സ്വാർത്ഥതയായി പോകുമെന്നും അതുകൊണ്ട്, ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്.

തന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ല. ഒരു പൊതുപരിപാടിയിലും പങ്കെടുക്കില്ല എന്നത് . ഒരു ഫാമിലി റിയൂണിയനായതുകൊണ്ട് മാത്രമാണ് താനിവിടെ നിൽക്കുന്നതെന്നും കാർത്തിക പറഞ്ഞു.

കാർത്തികയ്ക്ക് ശേഷം സംസാരിക്കാനായി മോഹൻലാലും എത്തിയിരുന്നു. ഇങ്ങനെയൊന്ന് ഒരിക്കൽ മാത്രമെ സംഭവിക്കുകയുള്ളു. ഇനി ഇങ്ങനൊരു ​ഗാതറിങ് ഉണ്ടാവില്ല. ഇതൊരു മാജിക്കാണെന്ന് പറഞ്ഞാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങിയത്. കാർത്തികയൊക്കെയാണ് ഈ കൂട്ടായ്മയുണ്ടാകാൻ കാരണമെന്നും  കാർത്തികയൊക്കെ ഇത്രയും സംസാരിക്കുമോയെന്ന് ഓർത്ത് അത്ഭുതപ്പെട്ടിരിക്കുകയാണ് താനെന്നും ഷൂട്ടിങ് സമയത്ത് പോലും നമ്മളോടൊന്നും വന്ന് സംസാരിക്കാത്തയാളാണ് കാർത്തിക. ഡയലോ​ഗ് പോലും പറയാൻ പ്രയാസമുള്ളയാളാണ് എന്നും മോഹൻലാൽ പറയുന്നു.

കൊടൈക്കനാലിലാണ് ഈ സിനിമയുടെ ഷൂട്ട് നടന്നത്. അന്നൊക്കെ വളരെ തണുപ്പായിരുന്നു. കുട്ടികളൊക്കെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് പരാതി പറയുമായിരുന്നുവെന്നും കുട്ടികളെ വെച്ച് ഷൂട്ടിങ് പ്രയാസമാണ് എന്നും ഒരു കൊച്ചിനെ വെച്ച് തന്നെ ഷൂട്ട് പ്രയാസമാണ് അപ്പോഴാണ് പത്ത് കുട്ടികളെ വെച്ച് ഷൂട്ട് നടത്തിയത്. പത്ത് പേർക്കും പത്ത് സ്വഭാവമായിരിക്കില്ലേയെന്നും മോഹൻലാൽ പറയുന്നു.

ഈ അവസരത്തിൽ തിലകൻ ചേട്ടനേയും സുകുമാരി ചേച്ചിയേയുമെല്ലാം ഓർക്കുന്നു. തിരുവനന്തപുരത്ത് ഞങ്ങൾ ഈ പ്രോ​ഗ്രാം വെച്ചത് തന്നെ കാർത്തികയ്ക്ക് വേണ്ടിയാണെന്നും മോഹൻലാൽ പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേര് കമന്റുമായി എത്തുന്നുണ്ട്. കാർത്തികയുടെ സംസാരത്തെക്കുറിച്ചാണ് ഏവരും കമന്റ് ചെയ്യുന്നത്. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന താരജോഡിയാണ് മോഹൻലാലും കാർത്തികയും.