മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചെത്തുന്നു, ശ്രീലങ്കൻ ചിത്രം ഉടൻ വരുന്നു ; നീണ്ട 11 വർഷങ്ങൾക്ക് ശേഷം

മലയാള സിനിമാപ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന കോമ്പോയാണ് മോഹൻലാൽ മമ്മൂട്ടി . പ്രേക്ഷകരുടെ ആ കാത്തിരിപ്പിനു വിരാമമാകുന്നു. നേരത്തെ തന്നെ മമ്മൂട്ടി മോഹൻലാൽ കോമ്പോയിൽ പുതിയ ചിത്രമെത്തുന്നെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത് യാഥാർഥ്യമാകാൻ പോകുകയാണ്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുതാരങ്ങളും ഒരുമിച്ചെത്തുന്നത്. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരിക്കും എന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 30 ദിവസം ശ്രീലങ്കയിൽ ചിത്രീകരണമുണ്ടാകും എന്നാണ് റിപോർട്ടുകൾ. കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ ഉണ്ടാവുക. മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്.

സെപ്റ്റംബർ 15-ന് മഹേഷ് നാരായണൻ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി പ്രധാനമന്ത്രി വസതിയിൽവെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റോ ജോസഫും സംവിധായകനൊപ്പം ഉണ്ടായിരുന്നു. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ബി​ഗ് ബജറ്റിൽ തയ്യാറെടുക്കുന്ന പ്രോജക്ടിലൂടെ രാജ്യത്തേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റിന്റെ ശ്രമം. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിച്ചു.

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ഈ ചിത്രം ഉറപ്പായും ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞതായിയും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ആദ്യസൂചനകൾ നൽകിയത്.

ആന്റണി പെരുമ്പാവൂർ  ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. മഹേഷ് നാരായണൻ മമ്മൂട്ടി ടീമിന്റെ ചിത്രം വരുന്നു എന്ന് വാർത്ത വന്നതുമുതൽ ചിത്രത്തിൽ കാമിയോ റോളിൽ സൂപ്പർ താരനിരയിൽ നിന്നും സുരേഷ് ​ഗോപി അടക്കമുളള താരങ്ങളുമെത്തുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.  എന്നാൽ കേന്ദ്ര സഹമത്രി  സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിനു പരിമിതികൾ ഉള്ളതിനാൽ  ചിത്രത്തിൽ സുരേഷ് ​ഗോപിയുടെ ഭാ​ഗമാണ് ഇപ്പോൾ മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പക്ഷെ മോഹൻലാൽ ചിത്രത്തിലേക്ക് എത്തുമ്പോൾ ,  സുരേഷ് ഗോപിക്ക് തീരുമാനിച്ചതിനേക്കാൾ കൂടുതൽ ശ്കതമായ രീതിയിലേക്ക് കഥാപാത്ര രൂപീകാരണം നടത്തിയതായും വിവരങ്ങളുണ്ട് . എന്നാൽ ചിത്രത്തിൽ നിന്നും സുരേഷ് ഗോപി പിന്മാറിയതിനെത്തുടർന്ന് , തെന്നിത്യയിലെ തന്നെ മുൻനിര താരങ്ങളെ ചിത്രത്തിലേക്കായി പരിഗണിച്ചിരുന്നു .  ഇതിൽ വിജയ് സേതുപതിയുൾപ്പെടെ ഉണ്ടായിരുന്നു .

എന്നാൽ ഇതിനിടയിൽ മോഹൻലാലിനോട് ഈ വേഷത്തെപ്പറ്റി സംസാരിക്കുകയും മോഹങ്ങൾലാൽ ഒക്കെ പറയുകയുമായിരുന്നു. പക്ഷെ നായകകഥാപാത്രമായ മമ്മൂട്ടിയുടെ അത്രയും പ്രാധാന്യമോ സ്ക്രീൻ സ്പേസോ ഇല്ലാത്തതിനാൽ, ഇത്തരമൊരു  വേഷത്തിലേക്ക് മോഹൻലാലിനെ കൊണ്ട് വരികയാണെങ്കിൽ  ശക്തമായ കഥാപത്രം തന്നെ വേണമെന്ന്  മമ്മൂട്ടി തന്നെ നിർദ്ദേശിക്കുകയും , അതിനനുസരിച്ച മാറ്റം വരുത്തുകയുമായിരുന്നു. ഒരു ത്രില്ലർ ചിത്രമാകും ഇതെന്നും സൂചനകളുണ്ട് .

ലൊക്കേഷൻ ശ്രീലങ്ക ആയതു കൊണ്ട് തന്നെ ശ്രീലങ്കൻ പൊളിറ്റിക്സുമായി ചേർന്ന് പോകുന്ന ത്രില്ലർ സിനിമയാകുമിത് .  ഒരു വിദേശ ഭാഷാ ചിത്രത്തിന്റെ അഡാപ്റ്റേഷൻ ആണെന്ന വിവരങ്ങളുമുണ്ട് .  ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.

അതേസമയം അൻപതോളം സിനിമകളിലാണ് ഇതുവരെ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 2013 ൽ റിലീസ് ചെയ്ത ‘കടൽ കടന്നൊരു മാത്തുക്കുട്ടി’യിലാണ് അവസാനമായി ഇരുവരും ഒരുമിച്ചെത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’യാണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ‘ബസൂക്ക’യാണ് ഇനി റിലീസാകാനുള്ള സിനിമ.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബാറോസാണ്’ മോഹൻലാലിന്റേതായി ഇനി തിയറ്ററിലെത്താനിരിക്കുന്ന ചിത്രം. ചിത്രം ഒക്ടോബറിൽ തിയറ്ററുകളിലെത്തും. വാസ്‌കോഡ ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. എം.ടി. വാസുദേവൻ നായരുടെ വിവിധ തിരക്കഥകളെ ആസ്പദമാക്കി ഈയിടെ പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന ആന്തോളജി സീരിസിലെ രണ്ട് വ്യത്യസ്ത ചിത്രങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.