
പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങൾ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു പറഞ്ഞു.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം. പുതിയ സംഘടനയുടെ ഔദ്യോഗികമായ അന്തിമ രൂപം ആയിട്ടില്ല. ശേഷം സംശയങ്ങള്‍ എല്ലാം തീര്‍ക്കുമെന്നാണ് ആഷിഖ് അബു പറഞ്ഞിരിക്കുന്നത്.
മാത്രമല്ല ആഷിഖ് അബുവും രാജീവ് രവിയും ചേര്‍ന്ന് സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് പുറത്തിറക്കും . ആദ്യം നിര്‍മാതാക്കളുടെ സംഘടയും ശേഷം എല്ലാ മേഖലയിലും ഉള്ളവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. മറ്റ് സംഘടനകള്‍ക്ക് ബദലായി പുതിയ അസോസിയേഷന്‍ വരുമോ എന്ന ആശങ്കകളും സംശയങ്ങളും ഉയരുന്നുണ്ട്. സംഘടനയുടെ ആദ്യഘട്ടത്തില്‍ പങ്കാളികളായവരാണ് ലിജോ ജോസും ബിനീഷും.
പക്ഷേ ഔദ്യോഗിക രൂപത്തിലേക്ക് പെട്ടെന്ന് എത്തുമെന്ന് അവര്‍ കരുതിയിരുന്നില്ല. അതിന്‍റെ ഒരു ആശയക്കുഴപ്പം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആഷിഖ് അബു. അതേസമയം. തുടക്കത്തില്‍ തന്നെ പുതിയ സംഘടനയ്ക്ക് അകത്ത് എതിര്‍പ്പ് ഉയരുന്നത് മറ്റ് സംഘടനകള്‍ക്ക് മെച്ചമായി ഭവിക്കുമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.

ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ നിലവില്‍ താന്‍ ഭാഗമല്ലെന്ന് പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരുന്നു. നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മയോട് താന്‍ യോജിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചിരുന്നു.
പിന്നാലെയാണ് പുതിയ സംഘടനയുടെ ഭാഗമാകാൻ തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ച് ബിനീഷ് ചന്ദ്രയും രംഗത്ത് എത്തിയത്. ആശയം നല്ലതാണെന്നും കത്തിൽ പേര് വച്ചത് തന്‍റെ അറിവോടെ അല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. അതേസമയം ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‍സെ’ന്നാണ് പുതിയ സിനിമാ താരങ്ങളുടെ സംഘടനയ്ക്ക് നൽകിയിരിക്കുന്ന പേര്.
ആഷിഖ് അബു, അഞ്‍ജലി മേനോൻ, റിമ കല്ലിങ്കര്‍, രാജീവ് രവി, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ സംഘടനയില്‍ നിലവില്‍ ഭാഗം അല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയിരിക്കുകയാണ്.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ മലയാള ചലച്ചിത്ര കൂട്ടായ്‍മയിൽ താൻ നിലവിൽ ഇല്ലെന്നായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‍ബുക്കില്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കിയത്. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്‍മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ ഞാൻ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്‍മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല എന്നായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍.
ഇതിനു പിന്നാലെയാണ് മഞ്‍ജു വാര്യരുടെ മാനേജരും സിനിമാ നിര്‍മാതാവുമായ ബിനീഷ് ചന്ദ്രയും വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ആശയം നല്ലതാണ് എന്നും പുതിയ സംഘടയില്‍ ചേരാൻ തീരുമാനമെടുത്തിട്ടില്ലെന്നും പ്രചരിക്കുന്ന കത്തില്‍ പേര് വെച്ചത് അറിവോടെ അല്ല എന്നും ബിനീഷ് പറഞ്ഞു . സംവിധായകൻ വിനയനും പുതിയതായി പ്രഖ്യാപിച്ച സിനിമ സംഘടനയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു . ബൈലോ നോക്കി മാത്രമേ പുതിയ സിനിമാ സംഘടയില്‍ ചേരൂവെന്നാണ് വിനയൻ വ്യക്തമാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് സിനിമയില്‍ പുതിയ സംഘടന സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. മലയാളത്തില്‍ ഒരു പുത്തൻ പുരോഗമന സിനിമ സംസ്‍കാരം രൂപീകരിക്കുമെന്നും പ്രസ്‍തവാനയില്‍ വ്യക്തമാക്കിയരുന്നു. പിന്നാലെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സംവിധായകൻ വിനയനും രംഗത്ത് വന്നിരുന്നു.











