
മലയാളസിനിമയില്‍ അമ്മയെന്നാല്‍ കവിയൂർ പൊന്നമ്മയാണ്. ഇന്നലെ കവിയൂര്‍ പൊന്നമ്മയുടെ വിയോഗവാര്‍ത്ത അറിഞ്ഞത് മുതല്‍ നടിയെ കുറിച്ചുള്ള ഓര്‍മ്മകളുമായി എത്തുകയാണ് താരങ്ങള്‍. പെറ്റമ്മയെ പോലെ സ്‌നേഹം തന്നിട്ടാണ് പൊന്നമ്മചേച്ചി പോകുന്നതെന്നാണ് നടന്‍ മോഹന്‍ലാല്‍ പറഞ്ഞത്.
എന്നാല്‍ പക്ഷെ തനിക്കങ്ങനൊരു ഭാഗ്യമില്ലാതായി പോയെന്ന് പറയുകയാണ് നടി മഞ്ജു വാര്യര്‍. മലയാള സിനിമയിലെ അമ്മയെന്നാല്‍ പൊന്നമ്മ ചേച്ചിയാണ്. അവരുടെ മക്കളായി അഭിനയിക്കാത്ത ആളുകള്‍ അപൂര്‍വ്വമാണ്. അതിലൊരാള്‍ താനാണ്. പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെടുന്ന കാര്യമിതാണെന്നും ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു .
‘ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാള സിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി! അതുകൊണ്ടു തന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസ്സിലെ സ്നേഹം അടുത്തറിഞ്ഞു.

ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുകച്ചേച്ചിയുമൊത്ത് ‘കണ്ണെഴുതിപൊട്ടും തൊട്ട്’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മച്ചേച്ചിയെ ഓര്‍മിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കണ്‍മുന്നില്‍ പൊന്നമ്മച്ചേച്ചിയുള്ളതു പോലെ തോന്നിയിട്ടുണ്ട്, പലവട്ടം. കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി.
നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയില്‍ നിന്നോ പൂജാമുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോള്‍. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയമായിരുന്നില്ല, ഒരമ്മയുടെ പെരുമാറ്റമായിരുന്നു. പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ, മീനച്ചേച്ചി, ശ്രീവിദ്യാമ്മ, കെ.പി.എ.സി ലളിതച്ചേച്ചി… ഇന്നലെകളില്‍ നമ്മള്‍ സ്നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാള സിനിമയും ഈ നിമിഷം അനുഭവിക്കുന്നത്…’ മഞ്ജു വാര്യര്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.
നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ കേരളം ഒന്നടങ്കം അനുശോചനം അറിയിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരുമെല്ലാം കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി. തലമുറ ഭേദമില്ലാതെ സഹപ്രവര്‍ത്തകരോട് ഹൃദയബന്ധം കാത്തു സൂക്ഷിച്ച കവിയൂര്‍ പൊന്നമ്മയോട് തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് നടി നവ്യ നായരും കുറിച്ചിരുന്നു.

അവസാനമായി കാണാന്‍ കഴിയാതെ പോയതിന്‍റെ വേദനയാണ് നവ്യ നായര്‍ പങ്കുവെക്കുന്നത്. വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്ത് തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല. എനിക്ക് പക്ഷേ, ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും എന്റെ മുടി കോതി പിന്നി തന്നതും ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ… കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ!, നവ്യ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നന്ദനം, അമ്മക്കിളിക്കൂട് ഉൾപ്പെടെയുള്ള സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കവിയൂർ പൊന്നമ്മയുടെ നിര്യണത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ നവ്യ നായർ പറഞ്ഞത്. ഓർമകളെക്കാൾ വിഷമമാണ് വരുന്നത് എന്നാണ്. കാരണം ആരോഗ്യത്തോടെ ഇരിക്കുമ്പോൾ പോയി കാണാൻ പറ്റിയില്ലെന്ന വിഷമമുണ്ട്. സിദ്ദിഖേട്ടന്റെ മകൻ മരിച്ച സമയത്ത് പോയപ്പോൾ അമ്മയ്ക്ക് ഓർമ പോകുന്നുണ്ട്, എന്നാലും മനസിലാവും എന്ന് പറഞ്ഞിരുന്നു. കാണാൻ പോകാത്തത് തെറ്റായിപ്പോയി. ജീവിതത്തിൽ ഓരോ തിരക്കുകളിൽ പെട്ട് ചില കാര്യങ്ങളിൽ മാറ്റി വെച്ചു. അതൊരു പാഠമായി ഇപ്പോൾ. മാറ്റി വെക്കുന്നത് തിരുത്താൻ പറ്റാത്ത തെറ്റായി മാറും. എനിക്കത്രയും സ്നേഹമുള്ള, എന്നെ അത്രയും സ്നേഹിച്ചിരുന്ന വ്യക്തിയാണ്. വിവാഹമൊക്കെ കഴിഞ്ഞ് ആ കണക്ഷൻ നഷ്ടപ്പെട്ടു. അന്നൊന്നും വാട്സാപ്പൊന്നും ഇല്ല. തിരക്കിനിടയ്ക്ക് ആ ബന്ധം നിലനിർത്താനും പറ്റിയില്ല. അത്രയ്ക്കും അടുപ്പമായിരുന്നു. അതാണ് വിഷമം. തനിക്ക് പറ്റിയ തെറ്റാണിതെന്ന് ഇപ്പോൾ തോന്നുന്നെന്നും നവ്യ നായർ വികാരഭരിതയായി പറഞ്ഞു. ഞാൻ പൊന്നൂസ് എന്നാണ് വിളിച്ചിരുന്നത്. ആന്റി എന്ന് പോലും ചേർത്ത് വിളിച്ചിട്ടില്ല.അന്ന് ഭയങ്കര തിരക്കായിരുന്നു എന്റെ കല്യാണത്തിന്. പൊന്നമ്മയും ലളിതാന്റിയുമൊക്കെ എന്റെ കല്യാണത്തിന് വന്നപ്പോൾ താൻ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നെന്നും നവ്യ നായർ ഓർത്തു.











