കവിയൂർ പൊന്നമ്മയ്‍ക്ക് യാത്ര നൽകി നാടും സിനിമ ലോകവും ; എല്ലാത്തിനും മുന്നിട്ടിറങ്ങി സുരേഷ്‌ഗോപിയും

കവിയൂർ പൊന്നമ്മയ്‍ക്ക് യാത്ര നൽകി നാടും സിനിമ ലോകവും.  മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് കളമശ്ശേരി ടൗൺഹാളിലെത്തിയത്. വൈകീട്ട് 4 ന് ആലുവയിലെ വീട്ടുവളപ്പിലാണ് കവിയൂർ പൊന്നമ്മയുടെ സംസ്ക്കാരം നടക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് അന്തരിച്ച കവിയൂർ പൊന്നമ്മയുടെ മൃതദേഹം ശനിയാഴ്ച രാവിലെ  എട്ടരയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കളമശ്ശേരി ടൗൺഹാളിലേക്ക് കൊണ്ടുപോയത്. രാവിലെ 9 മണിയോടെ മൃതദേഹം ടൗൺ ഹാളിൽ എത്തിച്ചു.

മമ്മൂട്ടി , സുരേഷ് ഗോപി, മോഹൻലാൽ, സിദ്ദിഖ്, ജയസൂര്യ തുടങ്ങിയ ചലച്ചിത്ര താരങ്ങളും മലയാളത്തിന്റെ അമ്മയെ ഒരു നോക്ക് കാണാൻ എത്തിയിരുന്നു. അഭ്രപാളിയിലെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ചലച്ചിത്ര പ്രേമികളായ നൂറുകണക്കിനു പേരും ടൗൺഹാളിലേയ്ക്ക് ഒഴുകിയെത്തി. മൂന്നു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനു ശേഷം കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ആംബുലൻസിൽ ആലുവയിലേ വീട്ടിലേക്ക് കൊണ്ട് പോയിരിക്കുകയാണ്.

ഒരു മകനെ പോലെ നടൻ സുരേഷ് ഗോപി എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്നുണ്ട്. മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡൻ എംപി തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.