സിൽക്ക് ഓർമ്മയായിട്ട് 28 വർഷം; മാദകറാണിയായി വാണു, ഒടുവിൽ വീണു

തീക്ഷ്ണവും വശ്യവുമായ നോട്ടത്തിലൂടെ ഒരു ജനതയെ തന്നെ വശീകരിച്ച നടിയാണ് സിൽക്ക് സ്മിത. ആ ഭ്രാന്ത് പിടിപ്പിക്കുന്ന നോട്ടം അത്രവേഗമൊന്നും ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോകില്ല. ആളും ആരവവും ചമയങ്ങളുമില്ലാത്ത ലോകത്തേയ്ക്ക് സിൽക്ക് ഓർമയായിട്ട് 28 വർഷം പിന്നിടുകയാണ്.

ജീവിച്ചിരുന്നപ്പോള്‍ സിനിമ ലോകത്തെ രുചിക്കുന്ന ചേരുവ തന്നെയായിരുന്നു നടി സില്‍ക്ക് സ്മിത. അത്രയും മികച്ച അഭിവാജ്യ ഘടകമായിരുന്നിട്ട് കൂടിയും ആഘോഷിക്കപ്പെടാതെ പോയി. എന്നാല്‍ മരണശേഷം ഏറെ ആഘോഷിക്കപ്പെട്ട കലാകാരി കൂടിയാണ് സിൽക്ക് സ്മിത. ഇന്നും പകരം വെക്കാനില്ലാത്ത സാന്നിധ്യമായ സിൽക്ക് സ്മിത ജീവിതത്തില്‍ നിന്ന് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 28 വര്‍ഷങ്ങള്‍ തികയുകയാണ് എന്ന് പ്രേക്ഷകർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.

സിൽക് സ്മിതയെ കുറിച്ച് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മമ്മൂട്ടി ചിത്രമായ അഥർവത്തിലെ ‘പുഴയോരത്തിൽ പൂന്തോണിയെത്തിയില്ല’…എന്ന് തുടങ്ങുന്ന ഗാനവും മോഹൻലാലിന്റെ സ്ഫടികത്തിലെ ‘ഏഴിമല പൂഞ്ചോലയുമൊക്കെയാണ്’. 1989 ൽ പുറത്തിറങ്ങിയ അഥർവത്തിലെ ആ ഗാനം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്.

ദാരിദ്യം കൊണ്ട് നാലാം ക്ലാസില്‍ പഠനം നിർത്തേണ്ടി വന്നയാളാണ് വിജയലക്ഷ്മി. ആ വിജയലക്ഷ്മിയാണ് പിന്നീട് സിൽക്ക് സ്മിത ആയി മലയാള സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്നത്. ആന്ധ്ര പ്രദേശിലെ എല്ലൂര്‍ സ്വദേശിയായ വിജയലക്ഷ്മി പിന്നീട് അക്കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ തന്നെ കേന്ദ്രമായിരുന്ന മദ്രാസിലെ കോടമ്പാക്കത്തേക്ക് എത്തി. 1978 ൽ കന്നഡ ചിത്രമായ ബെഡിയിൽ മുഖം കാണിച്ചാണ് സിനിമയിലെ അരങ്ങേറ്റം.

1979 ല്‍ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന തമിഴ് സിനിമയിലെ വിജയലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പേരാണ് ‘സിൽക്ക്’ എന്നത്. ആ പേരാണ് പിന്നീട് ചരിത്രമായത്. ഈ ചിത്രം സിൽക്ക് സ്മിതയുടെ കരിയർ ബ്രേക്കുമായിരുന്നു. സിൽക്ക് സ്മിതയുടെ സാന്നിധ്യം സിനിമകള്‍ക്ക് മിനിമം ​ഗ്യാരന്‍റി കൊടുക്കുന്ന ഒരു കാലമാണ് പിന്നീട് ഉണ്ടായത്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍പ്പോലും സില്‍ക്ക് സ്മിത ഒരു അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. ഒരു ​ഗാനരം​ഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോലും സില്‍ക്ക് സ്മിത അന്ന് വാങ്ങിയത് അതത് ചിത്രങ്ങളിലെ നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് എന്നതും ശ്രദ്ദേയമാണ്.

ഒരു വർഷം കൊണ്ട് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചു എന്ന ലോക റെക്കോർഡും സിൽക്ക് സ്മിതക്ക് സ്വന്തമാണ്‌ . ബി-​ഗ്രേഡ് സിനിമകളിലായിരുന്നുസിൽക്ക് സ്മിത കൂടുതലും പ്രത്യക്ഷപ്പെട്ടിരുന്നത്. സൂപ്പർ സ്റ്റാറുകൾക്കൊപ്പം പാട്ടു സീനിലും അല്ലാതെയും സിൽക്ക് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻ ലാലിനുമൊപ്പം അഭിനയിച്ചു. 1989ൽ അഥർവം എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. അഥർവത്തിലെ കഥയും അതിലെ തന്റെ കഥാപാത്രവും അറിഞ്ഞപ്പോൾ സിൽക്ക് സ്മിതയ്ക്ക് അതിൽ അഭിനയിക്കാൻ എന്തെന്നില്ലാത്ത ആവേശമായിരുന്നു. തന്നെ തേടിയെത്തുന്ന പതിവുവേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അഥർവ്വത്തിലെ ‘പൊന്നി’ എന്ന തിരിച്ചറിവ് തന്നെയാണ് സിൽക്ക് സ്മിതയെ ആവേശ ഭരിതയാക്കിയത്. ആഭിചാര ക്രിയയ്ക്കായി സില്‍ക് സ്മിത മമ്മൂട്ടിക്ക് മുന്‍പില്‍ പൂര്‍ണ നഗ്‌നയായി നില്‍ക്കുന്ന രംഗം അഥര്‍വ്വത്തിലുണ്ട്. ആ രംഗം പൂര്‍ണ മനസ്സോടെ ചെയ്യാന്‍ സില്‍ക് സ്മിത തയ്യാറാവുകയായിരുന്നു.

പിന്നീട് 4 വർഷങ്ങൾക്കിപ്പുറം 1995ൽ  മോഹൻലാലിനൊപ്പമുള്ള സ്ഫടികത്തിലെ സിൽക്ക് സ്മിതയുടെ കഥാപാത്രമായ ലൈലയും മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വല്ലാതെ ആഘോഷിക്കപ്പെട്ടിരുന്നു. ഒന്നര പതിറ്റാണ്ട് കാലം സില്‍ക്ക് സ്മിത ഇന്ത്യന്‍ സിനിമയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. മാദകത്വമുള്ള ശരീരം കൊണ്ടുള്ള അനായാസ ചുവടുകളും കണ്ണിലെ കനൽ കൊണ്ടും തിരശ്ശീലയിൽ അഗ്നി പടർത്തിയ സ്മിത 17 വർഷം കൊണ്ട് അഭിനയിച്ചത് 450 ലേറെ സിനിമകളിലാണ്.

ആയിരത്തി തൊള്ളായിരത്തി എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതിയിലുമൊക്കെ തെന്നിന്ത്യൻ സിനിമാ രംഗത്ത് മാദക താരമായി തരം​ഗം സൃഷ്ടിച്ച സിൽക് സ്മിത വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. സിൽക് സ്മിതയു‌ടെ ഐറ്റം ഡാൻസുണ്ടെങ്കിൽ പ്രേക്ഷകർ തിയറ്ററുകളിൽ ഇടിച്ച് കയറിയ കാലഘട്ടം. മുൻനിര നായിക ന‌ടിമാരേക്കാൾ താരമൂല്യം പലപ്പോഴും സിൽക് സ്മിതയ്ക്ക് ലഭിച്ചു. സിൽക്ക് സ്മിത കടിച്ച ആപ്പിളിന് പോലും പൊന്നും വിലയിട്ട, തരത്തിലുള്ള ഒരു ആരാധകക്കൂട്ടം അന്ന് മറ്റൊരു താരത്തിനും ഉണ്ടായിരുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

തെന്നിന്ത്യൻ താരറാണിയായ സിൽക്ക് സ്മിതയുടെ ജീവിതവും അവരുടെ മരണവും ഏറെ ദുരൂഹത നിറഞ്ഞതായിരുന്നു. 1996 സെപ്റ്റംബർ 23 ന് കോടമ്പാക്കത്തെ വസതിയിലാണ് സിൽക്ക് സ്മിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തി ആറാം വയസ്സിലായിരുന്നു സിൽക്ക് സ്മിതയുടെ മരണം. ആത്മഹത്യയാണെന്ന് വിവിധ പരിശോധനകൾ സ്ഥിരീകരിച്ചു.

ആത്മഹത്യയെക്കുറിച്ച് പല ​അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ആത്മഹത്യക്ക് കാരണം എന്തെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. നടിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന വാ​ദ​മുണ്ട്. ചിലരുടെ വാദം നടിക്ക് പ്രണയനൈരാശ്യം ഉണ്ടായിരുന്നു എന്നതാണ്. പക്ഷേ എന്തിന് സിൽക്ക് സ്മിത ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിന് കൃത്യമായ വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. അന്നുമില്ല ഇന്നുമില്ല.

ഒരു പാടു സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ആ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാൻ ഉണ്ടായ കാരണം മാത്രം പ്രേക്ഷകർക്ക് ഇപ്പോഴും അജ്ഞാതം. സില്‍ക്ക് സ്മിതയുടെ ഡേറ്റിനായി ക്യൂ നിന്നവരും ചിത്രങ്ങള്‍ കാണാന്‍ ആദ്യദിനം തിയറ്ററില്‍ ഇരച്ചെത്തിയവരും അവരെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയില്ല. ഒരു അനാഥശവം പോലെ അവ‍ർ മദിരാശി നഗരത്തില്‍ എവിടെയോ അലിഞ്ഞു ചേർന്നു. ഒരു വ്യക്തി എന്ന നിലയിലും കലാകാരി എന്ന നിലയിലും സില്‍ക്ക് സ്മിത പരി​ഗണിക്കപ്പെട്ടു തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല.

വർഷങ്ങൾക്കിപ്പുറം സിൽക്ക് സ്മിതയുടെ കഥ സിനിമയാക്കിയിരുന്നു. വിദ്യാ ബാലൻ നായികയായി വന്ന ഡേർട്ടി പിക്ചർ ഒരുപാട് പ്രശംസ നേടിയിരുന്നു. മാത്രമല്ല ചിത്രത്തിലെ അഭിനയത്തിന് വിദ്യാ ബാലന് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. അതേസമയം സ്വയം മരണം തെരഞ്ഞെടുത്തപ്പോള്‍ അവരുടെ മൃതദേഹത്തിന് ചുറ്റും തടിച്ച് കൂടാന്‍ പക്ഷേ ആരും ഉണ്ടായില്ല. കഷ്ടപ്പെടുണ്ടാക്കിയ സമ്പാദ്യം സ്നേഹം നടിച്ച് കൂടെ നിന്നവർ കൈക്കലാക്കി. ഒപ്പം നിന്നവരുടെ ചതി  കൂടിയായപ്പോൾ സിൽക്ക് സ്മിത ആകെ തളർന്നു. അന്ന് സിൽക്ക് സ്മിതയെ ഒന്ന്  ആശ്വസിപ്പിക്കാൻ ഒന്ന് ചേർത്തു പിടിക്കാൻ, ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ സിൽക്ക് സ്മിത എന്ന അഭിനേത്രിയെ ഇന്ത്യൻ സിനിമയ്ക്ക് ഒരിക്കലും നഷ്‌ടമാകില്ലായിരുന്നു.