സിദ്ധിഖ് ഒളിവിൽ; ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കം; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു 

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന . ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

നിലവിൽ നടൻ ഒളിവിൽ പോയിരിക്കുന്നതായാണ് വിവരം. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കട‌ക്കാതിരിക്കാനാണ് നീക്കം. അതേസമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ല. അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. അറസ്റ്റിന് തടസമില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതിന് വേണ്ടി കാത്ത് നില്‍ക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലെന്നുമാണ് പോലീസ് പറയുന്നത്. സിദ്ദിഖ് കൊച്ചിയിലെ ഒരു ഹോട്ടലിൽ ഉണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. നെടുമ്പാശേരി ഐര്പോര്ട്ടിനടുത്തുള്ള ഒരു ഹോട്ടലിൽ ഉണ്ടെന്ന വിവരമായിരുന്നു ആദ്യം പൊലീസിന് ലഭിച്ചത്.

അതേസമയം തിരുവനന്തപുരം സ്വദേശിയായ യുവ നടിയുടെ പരാതിയിൽ, ബലാത്സംഗ കുറ്റം ഉൾപ്പടെ ചുമത്തിയാണ് പൊലീസ് നടനെതിരെ കേസെടുത്തത്. പിന്നാലെ സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അത് തള്ളുകയും ചെയ്തിരുന്നു. കുറ്റത്തിൻറെ വ്യാപ്തി പരിഗണിക്കുമ്പോൾ ജാമ്യം നൽകാകില്ലെന്ന് വ്യക്തമാക്കിയാണ് നടൻ സിദ്ദിഖിൻറെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയത്. നടൻ വലിയ സ്വാധീനമുള്ളയാളാണ്.

മുൻകൂർ ജാമ്യം നൽകിയാൽ പരാതിക്കാരിയെയും  സാക്ഷികളെയും സ്വാധീനിക്കാൻ ഇടയുണ്ട്. പരാതിക്കാരിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. അതിൻറെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ് എന്നീ കാര്യങ്ങൾ വ്യക്തമാക്കിയാണ് മുൻ‌കൂർ ജാമ്യം കോടതി തള്ളിയത്.

സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.