ഒരു താര സംഘടനക്കും മുട്ടുമടക്കത്തെ ഒറ്റക്കുനിന്നു പൊരുതി, അന്ന് അവഗണിച്ചവർ ഇന്ന് ആ സത്യം ശരിവെക്കുന്നു ; തിലകൻ ഓർമ്മയിട്ട് ഇന്ന് 12 വര്‍ഷം

മലയാളത്തിന്‍റെ അതുല്യ നടന്‍ തിലകന്‍ ഓര്‍മയായിട്ട്  12 വര്‍ഷം പിന്നിടുന്നു. 2012 സെപ്റ്റംബർ 24 നായിരുന്നു തിലകൻ എന്ന അതുല്യ പ്രതിഭ വിട വാങ്ങിയത്. അഭിനയ തിലകത്തെ കാലം മായ്ച്ച് കളഞ്ഞെങ്കിലും തിലകന്‍ ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ ഇന്നും തിരശീലയില്‍ ജീവിക്കുകയാണ്.

സിനിമ മേഖലയിലെ സംഘടനകളെയും വിലക്കുകളെയും കുറിച്ച് തിലകന്‍ പണ്ടേ വിളിച്ചു പറഞ്ഞത് ഇന്ന് കാലം ശരിവയ്ക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത്. തിലകന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും വെട്ടിത്തുറന്ന് പറഞ്ഞ പല അഭിപ്രായങ്ങളും അപ്രിയ സത്യങ്ങളും കാലം ശരി വയ്ക്കുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടും കടന്നു പോകുന്നത് എന്നതും ശ്രദ്ധേയം.

തന്‍റേ ഉറച്ച നിലപാടുകൾ തന്നെ ആയിരുന്നു എന്നും തിലകന്‍റെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത, പറയാന്‍ ഉള്ളത് മുഖത്ത് നോക്കി പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത കലാകാരൻ, മനുഷ്യൻ എന്നൊക്കെ തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും സുരേന്ദ്ര നാഥ തിലകൻ എന്ന മനുഷ്യൻ അങ്ങനെ തന്നയായിരുന്നു  മരിക്കും വരെ ജീവിച്ചത്.

1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ആയിരുന്നു തിലകൻ എന്ന ‘സുരേന്ദ്രനാഥ തിലകന്റെ’ ജനനം. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. നാടക വേദി രൂപപ്പെടുത്തിയ നടനമാണ് തിലകനെ സിനിമയില്‍ എത്തിക്കുന്നത്.

നാടകങ്ങളിലൂടെ തന്റെ കലാജീവിതം തുടങ്ങിയ തിലകൻ, 1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണസമയ നാടക നടൻ ആയി. 1973-ലാണ് തിലകൻ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. പി.ജെ. ആന്റണി സംവിധാനം ചെയ്‌ത ‘പെരിയാർ’ എന്ന ചിത്രത്തിലൂടെയാണ് 1973ൽ സുരേന്ദ്രനാഥ തിലകന്റെ സിനിമാ അരങ്ങേറ്റം.  ‘യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസ് കീഴടക്കിയ കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും തിലകന്‍ എന്നും പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ചു കൊണ്ടെയിരുന്നു.

മൂന്നാം പക്കത്തിലെ പാച്ചുവിന്‍റെ അപ്പൂപ്പനില്‍ നിന്ന് സ്ഫടികത്തിലെ കര്‍ക്കശകാരനായ ചാക്കോമാഷിലേക്കുള്ള തിലകന്‍റെ ഭാവമാറ്റം അതിനൊക്കെയുള്ള ഒരു ഉദാഹരണമായി പാറയാൻ കഴിയും. അച്ഛന്‍–മകന്‍ വേഷങ്ങളില്‍ മോഹന്‍ലാല്‍–തിലകന്‍ കെമിസ്ട്രി ഒട്ടേറെ തവണയാണ് വെള്ളിത്തിരയിൽ അരങ്ങു വാണത്. അത്തരത്തിൽ കിരീടവും ചെങ്കോലുമെല്ലാം മലയാളിക്ക് മറക്കാനാവാത്ത ജീവിതാംശമായി മാറുകയായിരുന്നു.

‘പെരുന്തച്ചനായി വിസ്മയിപ്പിച്ച അതേ തിലകന്‍ തന്നെ കിലുക്കത്തില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു. പെരുന്തച്ചനും മൂന്നാം പക്കത്തിലെ മുത്തച്ഛനും സേതുമാധവന്‍റെ അച്ഛനും സ്ഫടിക്കത്തിലെ ചാക്കോ മാഷും മലയാളിയുടെ ഉള്ളിൽ തന്നെയുണ്ട്.

എന്നാല്‍ അതിനപ്പുറം വില്ലന്‍ വേഷത്തിലും തിളങ്ങിയിട്ടുണ്ട് തിലകന്‍. നമ്മുക്ക് പാര്‍ക്കന്‍ മുന്തിരിതോപ്പുകള്‍ പോലുള്ള ചിത്രങ്ങള്‍ തന്നെ ഉദാഹരണം. അവസാന കാലത്ത് അഭിനയിച്ച ഇന്ത്യന്‍ റൂപ്പി, ഉസ്താദ് ഹോട്ടല്‍ ചിത്രങ്ങളിലെ വേഷങ്ങളും പകരക്കാരനില്ലാത്ത ‘തിലകന്‍’ എന്ന പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ‘സീൻ ഒന്ന് – നമ്മുടെ വീട്’ ആണ് . ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു. 2006ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്.

മുൻപ് ‘ഇരകൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്‌കാരവും തിലകനെ തേടി എത്തിയിരുന്നു. നൂറുകണക്കിന് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നെങ്കിലും ജീവിതത്തില്‍ അഭിനയിക്കാത്ത മനുഷ്യനായിരുന്നു അദ്ദേഹം .

സിനിമയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന വിലക്കുകളെ നേര്‍ക്കു നേര്‍ നിന്നു വിളിച്ചു പറഞ്ഞ തിലകന്‍ തന്നിലെ അഭിനേതാവിനെ തളച്ചിടാന്‍ ഒരിക്കലും അനുവദിച്ചില്ല. സിനിമയിലെ അവസരം ചിലര്‍ തട്ടി തെറിപ്പിക്കുന്നുവെന്ന് മനസിലാക്കിയ തിലകൻ ഇടക്കാലത്ത് സീരിയലുകളിലേക്ക് ചുവടുമാറ്റി. അവിടെയും ചിലര്‍ പവര്‍ ഗ്രൂപ്പ് കളിക്കുന്നതായി തോന്നിയപ്പോള്‍ തന്റെ തട്ടകമായ നാടകത്തിലേക്കു മടങ്ങാനും ഒട്ടും മടിച്ചില്ല. നാടകത്തിലേക്കും തിലകൻ മടങ്ങി. അപ്പോഴും തിലകന് മാത്രം അനശ്വരമാക്കാന്‍ കഴിയുന്ന വേഷങ്ങള്‍ ബാക്കിയാകുന്നു.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ സംഘടനയ്ക്കുള്ളിലെ ഒറ്റയാന്‍ പോരാട്ടത്തിനും കാലം സാക്ഷിയായി.  അതേസമയം വരുന്ന കാലത്തെ ദീർഘദൃഷ്ടിയോടെ കണ്ടു കൊണ്ട് അദ്ദേഹം പ്രവചിച്ച കാര്യങ്ങൾ ഒക്കെ ഇന്ന് സത്യമായി മാറുകയാണ്. മലയാള സിനിമ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പവര്‍ ഗ്രൂപ്പ് അടക്കം പല വിവാദമായ കാര്യങ്ങളും തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുറന്നു പറഞ്ഞ കാര്യങ്ങളായിരുന്നു.