20 വർഷം കാത്തിരിക്കരുത്; അപ്പോൾ തന്നെ പ്രതികരിക്കണം; സിദ്ദിഖ് അന്ന് പറഞ്ഞത് ആ പെൺകുട്ടി കേട്ടു

ലൈംഗിക ആരോപണ കേസില്‍ നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നടന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ സിദ്ധിഖ് ഒളിവിൽ പോയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

നടനെതിരെയുള്ള കേസ് ശക്തി പ്രാപിച്ചു വരുന്നതിനിടയില്‍ സിദ്ദിഖ് മുന്‍പ് നടത്തിയ ചില പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. മുന്‍പ് മീടു മൂവ്‌മെന്റിനെ അനുകൂലിച്ചുകൊണ്ട് സിദ്ദിഖ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് അദ്ദേഹത്തെ തന്നെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. സ്ത്രീകളെ ആരങ്കിലും ഉപദ്രവിച്ചാൽ, പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കാതെ അപ്പോൾ തന്നെ  മുഖത്തടിക്കണമെന്നാണ് സിദ്ദിഖ് 2018ൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ലൈംഗിക ചൂഷണങ്ങൾക്കെതിരെ സ്വയം വെളിപ്പെടുത്തലുമായി സ്ത്രീകൾ രംഗത്തുവന്ന ‘മി ടൂ’ ക്യാംപെയ്നെ സംബന്ധിച്ചായിരുന്നു നടന്റെ പ്രതികരണം.

ആ പ്രതികരണത്തിൽ സിദ്ധിഖ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്,  മീടു ക്യാംപെയിന്‍ നല്ലതാണെന്നാണ് ഞാന്‍ പറയുന്നത്. അത് സിനിമാ നടിമാര്‍ക്ക് മാത്രമല്ല കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും നല്ലതാണ്. എനിക്കെതിരെ ഒരാള്‍ പീഡനം നടത്തിയെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞാൽ അയാളുടെ പേര് വെളിപ്പെടുത്തുന്നത് നല്ല കാര്യമാണ് എന്നും ഇരുപത് കൊല്ലം അതിന് വേണ്ടി കാത്തിരിക്കേണ്ടതില്ല, അപ്പോള്‍ കയറി കരണത്ത് അടിക്കണമെന്നും അല്ലാതെ, അന്നേരം ധൈര്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കുറച്ച് ധൈര്യം വന്നെന്ന് പറയാന്‍ നില്‍ക്കരുതെന്നുമൊക്കെയാണ് സിദ്ധിഖ് പറയുന്നത്. എല്ലാ പെണ്‍കുട്ടികളുടെയും കൂടെ കേരളം മുഴുവന്‍ ഉണ്ടാവുമെന്നും  ആക്രമിക്കപ്പെടുന്ന ആ സെക്കന്‍ഡില്‍ പ്രതികരിക്കാന്‍ ശ്രമിക്കണമെന്നാണ് തന്റെ അപേക്ഷയെന്നും പിന്നെ പുരുഷന്മാരെല്ലാം സ്ത്രീകളുടെ ശത്രുക്കളാണെന്ന് വിചാരിക്കരുതെന്നും സിനിമയ്ക്ക് അകത്ത് മുഴുവന്‍ പീഡനം നടക്കുകയല്ല. വളരെ ഒറ്റപ്പെട്ട സംഭവം നടക്കുമ്പോള്‍ അതിനെതിരെ നടപടി എടുക്കുന്നുണ്ട്. കേസും എടുക്കുന്നുണ്ട് എന്നും എന്നാൽ പോലീസില്‍ ആരും പരാതി കൊടുക്കുന്നില്ല. പോലീസില്‍ പരാതി കൊടുക്കേണ്ടത് അങ്ങനെ തന്നെ ചെയ്യണമെന്നുമാണ് അന്ന് സിദ്ധിഖ് പറഞ്ഞത്.

സിദ്ധിഖ് അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് തിരികെ വന്നിരിക്കുകയാണെന്ന് ചൂണ്ടി കാണിക്കുകയാണ് പ്രേക്ഷകർ. സിദ്ധിഖിന്റെ ഈ വീഡിയോ വയറലായത്തിന് പിന്നലെ നിരവധി പേരാണ് സിദ്ധിഖിനെ പരിഹസിച്ചും കളിയാക്കിയും കമന്റുകളുമായി എത്തുന്നത്. ഈ പ്രസംഗം ആ കുട്ടി കണ്ടു കാണും. അതാണ് പരാതിയുമായി എത്തിയത്. അന്ന് കരണം നോക്കി അടി കിട്ടാത്തത് കൊണ്ടാവും ഇതുപോലെയുള്ള ഡയലോഗുകളൊക്കെ അടിക്കാന്‍ സാധിച്ചത്. താന്‍ നല്ല നടന്‍ തന്നെയാണ് അതില്‍ തര്‍ക്കമില്ല എന്നിങ്ങനെ നീളുകയാണ് സിദ്ധിക്കിനെ പരിഹസിച്ചുകൊണ്ടുള്ള  കമന്റുകള്‍.

അതേസ്മായം  മുൻ‌കൂർ ജാമ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ സിദ്ധിഖിന്റെ അറസ്റ്റ് നടക്കാനിരിക്കെയാണ്‌ നടൻ ഇന്നലെ ഒളിവിൽ പോയത്. അതോടെ സിദ്ധിക്ക് ഗൾഫിലേക്ക് കടക്കാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും പോലീസ് നടത്തിയിരുന്നു. എന്നാൽ ഇതുവരെയും സിദ്ധിക്കിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുൻപ് അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. സിദ്ദിഖിന്റെ പടമുകളിലെ വീടും ആലുവയിലെ വീടും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി മുതൽ സിദ്ദിഖ് സംസാരിച്ച ഫോൺ കോൾ വിവരങ്ങൾ പൊലീസ് സൈബർ സെല്ലിൽ നിന്ന് ശേഖരിച്ചു. കൊച്ചി കേന്ദ്രീകരിച്ച് വൻ തിരച്ചിലാണ് കഴിഞ്ഞ ദിവസം പൊലീസ് നടത്തിയത്.

2016-ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ 2024 -ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. സിദ്ദിഖിനെതിരായ തെളിവുകൾ ഉൾപ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകിയേക്കുമെന്നും വിവരമുണ്ട്. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു .