
ബോക്‌സ് ഓഫീസില്‍ 87 കോടിക്ക് മുകളില്‍ കളക്ഷൻ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം. ഈ ചിത്രത്തിൽ മൂന്ന് വ്യത്യസ്ത കഥപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നത്.
മൂന്നും മൂന്ന് പേർ ചെയ്തിരിക്കുന്നുവെന്ന തോന്നലാണ് സിനിമ കാണുന്നവർക്ക് ടോവിനോ തോമസിന്റെ അഭിനയ മികവിൽ നിന്നും തോന്നുക. അത്രത്തോളം ആ കഥാപാത്രങ്ങൾക്ക് വേണ്ടി ടൊവിനോ തോമസ് പ്രവർത്തിച്ചിട്ടുണ്ടെന്നത് വ്യക്തം.
ഇപ്പോഴിതാ അജയന്റെ രണ്ടാം മോഷണത്തിലെ ടൊവിനോ തോമസിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. കേരള പ്രളയം പ്രേമേയമാക്കി ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നയനഗവേഷത്തിൽ എത്തിയ 2018 മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായിരുന്നു . മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും കഴിഞ്ഞ വർഷം ചിത്രത്തിലൂടെ ജൂഡിന് ലഭിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഓസ്കാർ പട്ടികയിൽ തിരഞ്ഞെടുത്ത ചിത്രവും ഇതായിരുന്നു .

ഹോളിവുഡ് നടൻ ‘ക്രിസ്റ്റ്യൻ ബെയ്ലിനോ’ടാണ് ടൊവിനോ തോമസിന്റെ കഠിനാധ്വാനത്തെ ജൂഡ് ആന്റണി ജോസഫ് ഉപമിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ പരിപൂർണതയ്ക്കായി ശരീരത്തിൽ അതിസാഹസിക പരിണാമങ്ങൾ നടത്തിയ മഹാനടന്മാരെ പട്ടികപ്പെടുത്താൻ തുനിഞ്ഞാൽ അതിൽ ആദ്യം ചേർക്കേണ്ട പേര് ക്രിസ്റ്റ്യൻ ബെയ്ലിന്റേത് തന്നെയാണ്. ഇദ്ധേഹത്തേപ്പോലെ ബോഡി ട്രാൻസ്ഫോർമേഷൻസ് നടത്തിയ മുഖ്യധാര നായക നടന്മാർ വേറേയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജൂഡ് ആന്റണി ജോസഫ് കുറിക്കുന്നു.
ബാറ്റ്മാനായി വന്ന ഏറ്റവും പ്രായം കുറഞ്ഞ നോൺ അമേരിക്കൻ നടന് ലോകത്തെമ്പാടുമായി കോടിക്കണക്കിന് ആരാധകരുമുണ്ട് ഇന്ന്. ആർഎം ൽ അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങൾക്ക് വേണ്ടിയും രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങൾ കൊണ്ടു വന്നിരുന്നു ടൊവിനോ തോമസ്.
ടോവിനോയെ കുറിച്ച് ജൂഡ് ആന്റണി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ‘ … ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ച് മിനുക്കണമെന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. മലയാളത്തിന്റെ ‘ക്രിസ്റ്റ്യൻ ബെയി’ലെന്ന് വേണമെങ്കിൽ പറയാം. അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്. നമുക്കുള്ളതിൽ ഏറ്റവും കഠിനാധ്വാനിയായ നടൻ. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറ് ശതമാനം ആത്മാർത്ഥതയുമാണ്. ഇന്നലെ അജയന്റെ രണ്ടാം മോഷണം കണ്ടപ്പോഴും ഞാൻ ആ പാഷിനേറ്റ് ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. എആർഎം ടീമിന് അഭിനന്ദനങ്ങൾ എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചത്.
അതേസമയം ജൂഡ് ആന്റണി ജോസഫിന്റെ ഈയൊരു നിരീക്ഷണം ശരിയാണെന്നാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇതിനു കീഴിൽ വരുന്ന ഏറെയും കമന്റുകൾ. ഒറ്റയ്ക്ക് വഴിവെട്ടി വന്നവനല്ലേ… അത് അങ്ങനെയേ വരൂവെന്നാണ് ഒരാൾ കുറിച്ചത്. എആർഎമ്മിൽ അഭിനയിക്കുന്നത് കണ്ടപ്പോൾ മുതൽ ഞാൻ ടൊവിനോ തോമസിന്റെ ആരാധകനായി. അദ്ദേഹത്തിൻ്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും അഭിനന്ദനങ്ങൾ. ഒരുപാട് ദൂരം സഞ്ചരിക്കാൻ അദ്ദേഹത്തിലെ നടന് കഴിയട്ടെ എന്നിങ്ങനെയും ടൊവിനോയെ അഭിനന്ദിച്ച് കമന്റുകൾ വന്നു.
എന്നാൽ ജൂഡിന്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ടൊവിനോയും എത്തി. അതേസമയം ടൊവിനോയെ ക്രിസ്റ്റ്യൻ ബെയ്ലിനോട് ഉപമിച്ചതിനോട് അതൃപ്തി പ്രകടിപ്പിച്ചും ചിലർ എത്തി. അഭിനയം മെച്ചപ്പെട്ടുവെന്നേയുള്ളു. ‘ക്രിസ്റ്റ്യൻ ബെയ്ലി’നോടൊക്കെ ഉപമിക്കുന്നത് കുറച്ച് കൂടുതലല്ലേ എന്നാണ് മറ്റ് ചിലർ ജൂഡിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കുറിച്ചത്.
അതേസമയം അജയന്റെ രണ്ടാം മോഷണത്തിന്റെ വിജയത്തില്‍ സംവിധായകൻ ജിതിൻ ലാലിനെയും ചിത്രത്തിൽ ഹീറോ ആയെത്തിയ ടൊവിനോ തോമസിനെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ച് മലയാള സിനിമാ പ്രേക്ഷകരും സെലിബ്രിറ്റകളുമെല്ലാം സോഷ്യൽ മീഡിയയിൽ കൂടി എത്തുന്നുണ്ട്. ജിതിൻ ലാൽ സംവിധാനം ചെയ്ത്, സുജിത് നമ്പ്യാർ എഴുതി, മാജിക് ഫ്രെയിംസും യുജിഎം എൻ്റർടൈൻമെൻ്റും ചേർന്ന് നിർമ്മിച്ച ഇന്ത്യൻ മലയാളം ആക്ഷൻ സാഹസിക ചിത്രമാണ് എഎംആർ . ചിത്രത്തിൽ സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, നിഷ്താർ സെയ്ത്, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ് സുധീഷ്, ബിജു കുട്ടൻ എന്നിവരും വേഷമിടുന്നു. ടൊവിനോയുടെയും സുരഭി ലക്ഷ്മിയുടെയും പ്രകടനം, സംവിധാനം, കഥ, വിഷ്വൽ എഫക്‌ട്‌സ്, സംഗീതം എന്നിവയെ പ്രശംസിച്ച് നിരൂപകരിൽ നിന്ന് പോസിറ്റീവ് റിവ്യൂകൾ ലഭിച്ച ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം.
ടൊവിനോ തോമസിന്റെ സിനിമാ കരിയറിലെ അമ്പതാമത്തെ സിനിമ കൂടിയാണ് അജയന്റെ രണ്ടാം മോഷണം എന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ടൊവിനോയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രവും അജയന്റെ രണ്ടാം മോഷണം തന്നെയാണ് . പ്രിൻ്റും പബ്ലിസിറ്റിയും ഉൾപ്പെടെ 30 കോടി രൂപ ബജറ്റിലാണ് ARM നിർമ്മിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് 2024 സെപ്റ്റംബർ 12-ന് തീയറ്ററുകളിൽ റിലീസ് ചെയ്തു. 2ഡി ഫോർമാറ്റിൽ ആദ്യം ചിത്രീകരിച്ച ചിത്രം 3ഡിയിലേക്ക് മാറ്റുകയായിരുന്നു.











