പൃഥ്വിരാജിനെപ്പോലെ മാധവ് സുരേഷ്; കേൾക്കുമ്പോൾ സന്തോഷം, ഇടയ്ക്ക്  സംസാരിക്കാറുണ്ട്

സുരേഷ് ഗോപിയുടെ ഇളയമകനായ മാധവ് സുരേഷും ഇപ്പോൾ സിനിമ മേഖലയിലേക്കുള്ള തന്റെ കടന്നു വരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് . ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്. സിനിമയുടെ ഭാഗമായി നിരവധി ഇന്റർവ്യൂകളും താരം കൊടുക്കുന്നുണ്ട് .

കുടുംബത്തെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിക്കുന്ന ഗോസ്സിപ്പുകൾക്കും യുവതാരം മറുപടി പറയുന്നുണ്ട് .  ചിത്രത്തിന്റെ പ്രമോഷന്‍ വർക്കുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വലിയ തിരക്കിലാണ് മാധവ് സുരേഷ്. തന്റെ നിലപാടുകള്‍ ഉറക്കെ പറയുന്ന സുരേഷ് ഗോപിയുടെ പ്രകൃതം തന്നെയാണ് മാധവ് സുരേഷിന്റേത് എന്നാണ് മാധവ് സുരേഷ് നൽകുന്ന അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ചിലരാകട്ടെ നടൻ പൃഥ്വിരാജിന്റെ വ്യക്തിത്വവുമായും മാധവ് സുരേഷിന്റെ വ്യക്തിത്വത്തെ ചേർത്ത് താരതമ്യം ചെയ്യുന്നുണ്ട് .

പ്രിത്വിരാജിനെയും തന്നെയും ചേർത്ത് കമന്റുകൾ വരുന്നത് താൻ നേരത്തെയും കണ്ടിട്ടുണ്ടെന്നായിരുന്നു ഇതിനുള്ള മറുപടിയായി മാധവ് പറഞ്ഞത് . നമ്മുടെ ജനറേഷന്റെ സൂപ്പർ സ്റ്റാറാണ് പൃഥ്വിരാജ്. അദ്ദേഹവുമായി സാമ്യത കാണുന്നു, ആളുകള്‍ തന്നെ താരതമ്യം ചെയ്യുന്നു എന്നൊക്കെയുള്ളത് തീർച്ചയായും തന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ് എന്നും മാധവ് സുരേഷ് പറയുന്നു. അതില്‍ വളരെ സന്തോഷമുണ്ട് തനിക്ക്. പൃഥ്വിരാജുമായി ഇടക്കൊക്കെ താൻ സംസാരിക്കാറുണ്ട്. ഒരു നടന്‍ എങ്ങനെ ആകണം, ഒരു സെലിബ്രിറ്റി എങ്ങനെ ആകണം എന്നൊക്കെ പല രീതിയില്‍ തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കരിയർ തന്റെ തലമുറയിലുള്ള ആളുകള്‍ക്ക് പ്രചോദനമാണെന്നും മാധവ് സുരേഷ് പറയുന്നു.

പറയാനുള്ള കാര്യങ്ങള്‍ താന്‍ പറയും. താന്‍ ആരേയും അബ്യൂസ് ചെയ്യുകയോ ഇന്‍സല്‍ട്ട് ചെയ്യുകയോ ചെയ്യാറില്ല. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള അവകാശം ഒരു മനുഷ്യന്‍ എന്ന നിലയില്‍ തനിക്കുണ്ട്. അത് താന്‍ പറയും എന്ന് തന്നെയാണ് മാധവ് സുരേഷ് വ്യക്തമാക്കുന്നത്. അച്ഛൻ സുരേഷ് ഗോപിയുടെ ചിത്രങ്ങളെപ്പറ്റിയും മാധവ് സുരേഷ് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ‘അമ്മ രാധികയ്ക്ക് ഇഷ്‌ടപ്പെട്ട അച്ഛന്റെ ചിത്രങ്ങളെപ്പറ്റിയാണ് മാധവ് സുരേഷ് തുറന്നു പറയുന്നത്.

അമ്മക്ക് അച്ഛന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടമായത് ‘ഇന്നലെ, മണിച്ചിത്രത്താഴ്’ എന്നീ സിനിമകളാണ്. അച്ഛൻ അഭിനയിച്ച ‘ജനകന്‍, അപ്പോത്തിക്കിരി’ എന്നീ സിനിമകളും അമ്മക്ക് വലിയ ഇഷ്ടമാണ് എന്നും മാധവ് സുരേഷ് പറയുന്നു. അതുപോലെ തന്നെ സുരേഷ് ഗോപി അഭിനയിച്ചതിൽ അപകടകരമായ ഷൂട്ടിംഗ് ലൊക്കേഷനുകൾ ഉണ്ടായിരുന്ന ചിത്രങ്ങളെപ്പറ്റിയും മാധവ് സുരേഷ് ഈയൊരു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

കശ്മീരിന്റെ ഭാഗങ്ങളില്‍ ഷൂട്ട് ചെയ്ത രണ്ട് സിനിമകളുണ്ടായിരുന്നു. ‘ന്യൂഡല്‍ഹിയും ‘നായർ സാബു’മാണെന്ന് തോന്നുന്നു എന്നും മാധവ് സുരേഷ് പറയുന്നു. വളരെ മോശം കാലാവസ്ഥയിലായിരുന്നു ആ സിനിമയുടെ ഷൂട്ടിങ് നടന്നത്. ഇക്കാലത്ത് ഷൂട്ടിങിന് പോകുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നമുക്ക് ലഭിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ അന്ന് അതൊന്നും ഇല്ലായിരുന്നു. അന്ന് ആ സിനിമയിൽ നേരെ മഞ്ഞിലേക്ക് എടുത്ത് ചാടുന്ന സീനൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്യുന്നത്‌. അതുകൊണ്ട് തന്നെ അച്ഛന് ഇന്നും ശാരീരികമായ ചില ബുദ്ധിമുട്ടുകളുണ്ട്. അത്തരത്തില്‍ റിസ്ക് എടുത്ത് ചെയ്ത ഒരുപാട് സീനുകള്‍ പണ്ട് ഉണ്ടായിട്ടുണ്ട്. അതൊക്കെ അതിന്റെ ഒരു ഭാഗമാണ്. ക്യാമറയില്‍ എല്ലാം ചീറ്റ് ചെയ്ത് കാണിക്കാന്‍ സാധിക്കില്ല.

ഒരു ബോംബ് പൊട്ടുന്ന സീന്‍ ആണെങ്കില്‍ മിനിമം ഒരു പടക്കം എങ്കിലും അവിടെ പൊട്ടിക്കേണ്ടി വരും. ‘രാഷ്ട്രം’ എന്ന സിനിമയില്‍ സ്പിരിറ്റ് ലോറിയിലേക്ക് ബോംബ് എറിയുന്ന ഒരു സീനുണ്ട്. അത് ചിത്രീകരിക്കുന്നതിനിടെ അച്ഛന്റെ കൈയുടെ തൊട്ടടുത്ത് നിന്ന് പടക്കം പൊട്ടുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇതൊക്കെ സ്വാഭാവികമാണ്.

എആർഎം, നടികർ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനിടെ ടൊവിനോ ചേട്ടനും പരിക്കേറ്റതായി വാർത്തകളുണ്ടായിരുന്നല്ലോ? അതായത് ഇത്തരം റിസ്കുകളൊക്കെ ഇതിന്റെ ഭാഗമാണെന്നും മാധവ് സുരേഷ് കൂട്ടിച്ചേർക്കുന്നു.

അതേസമയം  രേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന മലയാള ചലച്ചിത്രം കുമ്മാട്ടിക്കളിയുടെ ട്രെയിലർ റിലീസ് ചെയ്തു. സുരേഷ് ​ഗോപിയാണ് ട്രെയിലർ പുറത്തുവിട്ടത്. വിൻസെന്റ് സെൽവ ആണ് കുമ്മാട്ടിക്കളി സംവിധാനം ചെയ്യുന്നത് . ഡെന്നി എന്ന കഥാപാത്രത്തെയാണ് മാധവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുമ്മാട്ടി ബോയ്സിന്റെ കഥ പറയുന്ന ചിത്രം ആക്ഷൻ ത്രില്ലർ ​ഗണത്തിൽപെടുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.