വിജയുടെ ഗോട്ടിലെ തന്റെ കുറേ സീൻ കട്ടായി, ചോദിച്ചു വാങ്ങിയ അനാസാരമായിരുന്നു ; ചന്ദനമഴയിലെ അർജുൻ ദേശായി 

മലയാള സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതമായ പേരാണ് അർജുൻ ദേശായി. തന്റെ ഭാര്യയായി ചന്ദനമഴയിൽ അഭിനയിച്ച നടി മേഘ്ന വിൻസെന്റിനൊപ്പം  അർജുൻ ദേശായി ആയി ചന്ദനമഴയിൽ അഭിനയിച്ച് ജനപ്രീതി നേടിയ നടൻ സുബ്ര​ഹ്മണ്യം ഗോപാലകൃഷ്ണൻ മലയാളത്തിലെ ഒരു യൂട്യൂബ് ചാനലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ്.

ചന്ദനമഴ സീരിയലിനെ കുറിച്ച് സംസാരിച്ചു കൊണ്ട് ജീവിത്തിലേയും കരിയറിലേയും വിശേഷങ്ങൾ നടൻ പങ്കു വെയ്ക്കുകയാണ്. വളരെ വിരളമായി മാത്രമാണ് സുബ്ര​ഹ്മണ്യം മലയാളം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളു. മലയാളം അറിയാതെയാണ് മലയാളം സീരിയലിൽ അഭിനയിക്കാൻ താൻ വന്നത് എന്നാണ് സുബ്രഹ്മണ്യം പറയുന്നത്.

പക്ഷെ താൻ ഒരു മാസം കൊണ്ട് മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്നും സുബ്രഹ്മണ്യം പറയുന്നു. മലയാളത്തിൽ അഭിനയിക്കുന്നതിനോടുള്ള താൽപര്യമാണ് ‘ചന്ദനമഴ’ സീരിയലിൽ എത്തിച്ചത് എന്നും സുബ്രഹ്മണ്യം പറയുന്നുണ്ട്. ചന്ദനമഴയിൽ അഭിനയിക്കുമ്പോൾ കേരളത്തിൽ നിന്നുമുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളെപ്പറ്റിയും സുബ്രഹ്മണ്യം പറയുന്നുണ്ട്. ചന്ദനമഴ സീരിയലിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു ക്ഷേത്രത്തിൽ തൊഴുതു കൊണ്ടിരിക്കവെ ആ കൊച്ചിനെ ഒന്ന് സ്നേഹിച്ചൂടെയെന്ന് എന്ന് ചോദിച്ച് ഒരു സ്ത്രീ വന്ന് തന്നെ അടിച്ചു. താൻ പെട്ടെന്ന് ഞെട്ടിപ്പോയി. എന്താണ് സംഭവം എന്ന് മനസിലാകാതെ അമ്പരന്നു പോയി , അത്തരത്തിൽ തനിക്ക് ഒരുപാട് അടി ഇതുപോലെ കേരളത്തിലെ അമ്മമാരുടെ കയ്യിൽ നിന്നും കിട്ടിയിട്ടുണ്ടെന്നും  സുബ്രഹ്‌മണ്യൻ പറയുന്നു.

സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്നെ സിനിമാ വിശേഷങ്ങളും സുബ്രഹ്മണ്യം പങ്കിടുന്നു. വിജയ് ചിത്രം ഗോട്ടിലും സുബ്രഹ്മണ്യം ബാലകൃഷ്ണൻ അഭിനയിച്ചിരുന്നു.

സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്ക് തൊട്ടു മുമ്പായുള്ള സീനുകളിലാണ് സുബ്രഹ്മണ്യൻ സ്പെഷൽ ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ അം​ഗമായി വിജയ്ക്കൊപ്പം അഭിനയിച്ചത്. സുബ്രഹ്മണ്യനെ സ്ക്രീനിൽ കാണിച്ചപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിച്ചത്. ​ഗോട്ടുമായി ബന്ധപ്പെട്ട് തന്റെ കഥാപാത്രത്തിന് വന്ന ട്രോളുകൾ താൻ കണ്ടിരുന്നു എന്നും സുബ്രഹ്മണ്യം പറയുന്നു.

ഗോട്ടിന്റ ഡയറക്റ്റർ വെങ്കട്ട് പ്രഭു സാർ തന്റെ ചേട്ടന്റെ സുഹൃത്താണ്. അങ്ങനെയാണ് തനിക്ക് ഗോട്ടിൽ അവസരം കിട്ടുന്നതെന്നും സുബ്രമണ്യം പറഞ്ഞിരുന്നു.  വെങ്കട്ട് പ്രഭു സാറിനെ വിളിച്ച് ഒരുപാട് ബുദ്ധിമുട്ടിച്ചപ്പോൾ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിൽ താൻ ചെയ്യുന്ന സിനിമകൾക്ക് തമിഴിൽ വിജയ് സാർ ചിത്രത്തിൽ അഭിനയിച്ചാൽ ​ഗുണം കിട്ടുമെന്നെല്ലാം വെങ്കട്ട് സാറിനോട് പറഞ്ഞു. വിജയ് സാറിന്റെ സിനിമ കൂടിയായതു കൊണ്ട് വെങ്കട്ട് സാറിനെ ഒരുപാട് നിർബന്ധിച്ച് വാങ്ങിയ കഥപാത്രമായിരുന്നു ​ഗോട്ടിൽ‌ ചെയ്തത്. തന്റെ കഥാപാത്രത്തിന് ഒരുപാട് സീനുകളുണ്ടായിരുന്നു. പക്ഷെ കൂടുതലും എഡിറ്റിങിൽ പോയി.

വിജയ് സാറുമായി ഫൈറ്റും അ​ദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതുമൊക്കെയായ സീനുകളുണ്ടായിരുന്നുവെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. തമിഴിൽ സിനിമകൾ ചെയ്താൽ മലയാളത്തിൽ  തനിക്ക് അതൊരു നല്ല ഇംപാക്ട് തരുമെന്ന് തോന്നിയിരുന്നു എന്നും സുബ്രഹ്മണ്യം പറയുന്നു. മലയാളത്തിൽ ലാൽ സാറിന്റെയോ മമ്മൂട്ടി സാറിന്റെയോ ഒപ്പം സിനിമ ചെയ്യണമെങ്കിൽ ചന്ദനമഴ എന്ന വിസിറ്റിങ് കാർഡ് കൊണ്ട് മാത്രം തനിക്ക് അത് സാധ്യമാവില്ല. മമ്മൂക്ക, ലാലേട്ടൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ട്. പക്ഷെ എളുപ്പത്തിൽ വഴി തുറന്ന് കിട്ടിയത് തമിഴിലാണ്. താൻ അത് ഉപയോ​ഗിച്ചു എന്നാണ് ഗോട്ടിൽ അഭിനയിച്ചതിനെപ്പറ്റി സുബ്രഹ്മണ്യൻ പറയുന്നത്.

തന്റെ കുടുംബ ജീവിതത്തെ പറ്റിയും വിവാഹത്തെയും കുറിച്ചും നടൻ സംസാരിച്ചു. കൂട്ടുകാരന്റെ പെങ്ങളെയാണ് താൻ വിവാഹം ചെയ്തത്. അവൻ തന്നെ കുറിച്ച് നിരന്തരമായി പറയുന്നത് കേട്ടാണ് അവൾക്ക് തന്നോട് പ്രണയം തോന്നിയത്. ചന്ദനമഴ ചെയ്യുന്ന സമയത്ത് ഒരുപാട് പ്രപ്പോസൽസ് തനിക്ക് വന്നിട്ടുണ്ട്. ഇപ്പോഴും വരാറുണ്ടെന്നും സുബ്രഹ്മണ്യൻ പറയുന്നു. അതേസമയം കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത പരമ്പരയാണ് ചന്ദനമഴ. സീരിയൽ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഈ  പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. തമിഴ്‌നാട് പുതുക്കോട്ടെ സ്വദേശിയായ സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണൻ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമ കരിയർ ആരംഭിച്ചത്. ചന്ദന മഴ സുബ്ര​ഹ്മണ്യത്തിന്റെ ആദ്യത്തെ മലയാളം സീരിയലായിരുന്നു. ശേഷം സൂര്യകാന്തി, അക്ഷരതെറ്റ്, പളുങ്ക് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ‘ആക്രി കല്യാണം’ എന്നൊരു മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.