എനിക്ക് പല പേരുകളുണ്ട്, പ്രാരാബ്ദം സ്റ്റാര്‍, കടക്കെണി സ്റ്റാര്‍, ഇഎംഐ സ്റ്റാര്‍, ലോണ്‍ സ്റ്റാര്‍ അങ്ങനെ, ഞാനത് ആസ്വദിക്കുന്നു ; സൈജു കുറുപ്പ്

അപ്രതീക്ഷിതമായാണ് സൈജു കുറുപ്പ് സിനിമയിലെത്തുന്നത്. 2005 ല്‍ ആരംഭിച്ച ആ യാത്ര 2024 ല്‍ എത്തി നില്‍ക്കുമ്പോള്‍ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് സൈജു കുറുപ്പ്.

തന്റെ സിനിമാ യാത്രയെക്കുറിച്ചും പുതിയ പ്രോജക്റ്റ് ആയ ജയ് മഹേന്ദ്രനെക്കുറിച്ചും മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയാണ് സൈജു കുറുപ്പ്. നായകനും സഹനടനായും വില്ലനായുമെല്ലാം സൈജു കുറുപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോമഡിയിലും സീരിയസ് വേഷങ്ങളിലും കയ്യടി നേടി.

താരജാഡകളില്ലാതെ കഥാപാത്രമാകുന്ന സൈജു കുറുപ്പ് ആളായികൾക്കിടയിലെ സാധാരണക്കാരനായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത് . പുതുതായി സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനല്‍ വെബ് സീരീസായ ‘ജയ് മഹേന്ദ്രനു’മായി എത്തുകയാണ് സൈജു കുറുപ്പ്. ഒരു താലൂക്ക് ഓഫീസും അവിടുത്തെ കഥാപാത്രങ്ങളുമൊക്കെയായി ഫണ്‍ മൂഡിലൊരുക്കിയിരിക്കുന്ന വെബ് സീരീസ് ആണ് ജയ് മഹേന്ദ്രന്‍. കണ്ട് പരിചയമുള്ള മഹേന്ദ്രന്റെ ലോകത്തെപ്പറ്റി സൈജു കുറുപ്പ് വിവരിക്കുന്നു.

‘നമ്മളൊക്കെ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോയിട്ടുണ്ട്. എന്തെങ്കിലുമൊക്കെ ആവശ്യങ്ങളുമായി പോകേണ്ടി വരും. എന്റെ അച്ഛനുണ്ടായിരുന്ന സമയത്ത് എല്ലാം അച്ഛനായിരുന്നു ചെയ്തിരുന്നത്. അച്ഛന്‍ പോയ ശേഷം എല്ലാ ഉത്തരവാദിത്തവും എന്റെ തോളിലാണ്. അതിനാല്‍ ഞാന്‍ തന്നെയാണ് എല്ലായിടത്തും പോകുന്നത്. ഒരു തവണയെങ്കിലും ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ പോയവരാകും എല്ലാവരും. അങ്ങനെ പോയിട്ടുള്ളവര്‍ക്കെല്ലാം ഈ സീരീസും കഥാപാത്രങ്ങളും റിലേറ്റ് ചെയ്യാന്‍ സാധിക്കും. പ്രേക്ഷകരെ രസിപ്പിക്കാന്‍ കുറച്ച് തമാശകളും മസാലകളുമൊക്കെ ചേര്‍ത്തിട്ടുണ്ടെന്ന് മാത്രം.

സോണി ലിവിന്റെ ഫസ്റ്റ് ഒറിജിനല്‍ വെബ് സീരീസ് എന്നത് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാകും ഈ സീരീസ് . മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനും സൈജു കുറുപ്പ് മറുപടി നൽകുന്നു. സീരിയസ് ആയി തന്നെ ഞാനതിന് ശ്രമിക്കുന്നുണ്ട്. പ്രാക്ടിക്കലി എത്രത്തോളം അതൊക്കെ ഫലം കാണുന്നുണ്ട് എന്നറിയില്ലെങ്കിലും. ഭയങ്കരമായി തന്നെ ശ്രമിക്കുന്നുണ്ട്. നമ്മളെ കാര്യമായി നിരീക്ഷിക്കുന്നവരുണ്ട്. അവര്‍ ചിലപ്പോള്‍ പറയും ആ എക്‌സ്പ്രഷന്‍ ഒന്ന് രണ്ട് പടത്തില്‍ വന്നല്ലോ, ഒന്ന് മാറ്റിപ്പിടിച്ചൂടേ എന്ന്. അതിനാല്‍ കഥാപാത്രങ്ങളും കഥകളും രസിപ്പിക്കുന്നത് ആയിരിക്കണം, വ്യത്യസ്തമായിരിക്കണം എന്നു കരുതിയാണ് തിരഞ്ഞെടുക്കുന്നത്. എന്നു കരുതി എല്ലാം വര്‍ക്ക് ചെയ്യണം എന്നുമില്ല. നമ്മളുടെ സമാന്യബോധവും തോന്നലുമൊക്കെ വച്ചാണ് ഓരോ പ്രൊജക്ടും ചെയ്യുന്നത്.

എന്നിരുന്നാലും അന്തിമഫലം എന്തായിരിക്കുമെന്ന് പ്രവചിക്കുക സാധ്യമല്ല. ഈയ്യടുത്തിറങ്ങിയ എന്റെ സിനിമയായ ഭരതനാട്യത്തില്‍ ഞാന്‍ വളരെയധികം കണ്‍വിന്‍സ്ഡ് ആയിരുന്നു. അങ്ങനെയാണ് അതിന്റെ നിര്‍മാണ പങ്കാളിയാകാം എന്ന് കരുതുന്നത്. പക്ഷെ തീയേറ്ററില്‍ ചിത്രത്തിന് വലിയ കളക്ഷന്‍ നേടാനായില്ല. ഇപ്പോള്‍ ഒടിടിയില്‍ വന്നപ്പോള്‍ ഹിറ്റായി. ആളുകള്‍ നന്നായി എന്നു പറയുന്നുണ്ട്. ഓരോ തലയിലെഴുത്താണ്.

എല്ലാവർക്കും ആവര്‍ത്തന വിരസത ഉണ്ടാകരുത് എന്ന് കരുതി തന്നെയാണ് ഓരോ സിനിമയും ചെയ്യുന്നത്.  സോഷ്യല്‍ മീഡിയയുടെ പ്രാരാബ്ദം സ്റ്റാര്‍ എന്ന വിളിയോടുള്ള പ്രതികരണവും സൈജു കുറുപ്പ് പങ്കു വെയ്ക്കുന്നുണ്ട്. ഞാനത് വളരെ എന്റര്‍ടെയ്‌നിംഗ് ആയിട്ടാണ് എടുത്തിരിക്കുന്നത്. ആളുകള്‍ നമ്മളെക്കുറിച്ച് ഓര്‍ക്കുന്നുണ്ടല്ലോ. ‘either you love or hate me, but please don’t ignore me’ എന്ന് പറയാറുണ്ടല്ലോ.

എനിക്ക് പല പേരുകളുണ്ട്. പ്രാരാബ്ദം സ്റ്റാര്‍, കടക്കെണി സ്റ്റാര്‍, ഇഎംഐ സ്റ്റാര്‍, ലോണ്‍ സ്റ്റാര്‍ അങ്ങനെ. ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാത്ത ആരും കാണില്ല. ഞാന്‍ ബൈക്ക് വാങ്ങിയത് ലോണ്‍ എടുത്താണ്. നമ്മള്‍ വണ്ടി വാങ്ങുന്നതും വീട് വെക്കുന്നതുമൊന്നും രൊക്കം കാശുള്ളതുകൊണ്ടല്ല. എല്ലാം ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടല്ലേ. സാധാരണക്കാരനായി എന്നെ പ്ലേസ് ചെയ്യാന്‍ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യമാണ്. ആളുകള്‍ക്ക് എന്നെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നതു കൊണ്ടാണല്ലോ. പിന്നെ ഓരോ കഥാപാത്രവും വ്യത്യസ്തമാണ്. കഥാപാത്രങ്ങളുടെ സാഹചര്യങ്ങളും അവസ്ഥകളും വ്യത്യസ്തമാണ്.

സ്റ്റീരിയോടൈപ്പിംഗ് ആകുന്നതിൽ ഭയമില്ലേ എന്ന് ചോദിച്ചതിനും സൈജു കുറുപ്പിന്റെ കയ്യിൽ മറുപടിയുണ്ട്. ദൈവം അനുഗ്രഹിച്ച് എനിക്ക് ഒരു ഇമേജ് ഇല്ല. ഞാനൊരു സീസണ്‍ഡ് കൊമേഡിയനല്ല. ആക്ഷന്‍ ചെയ്യുന്ന ആളല്ല. സീരിയസ് കഥാപാത്രം മാത്രവുമല്ല ചെയ്യുന്നത്. എല്ലാതരം വേഷങ്ങളും ചെയ്യുന്നത്. ഫിലിംമേക്കേഴ്‌സും എന്നെ അങ്ങനെ തന്നെയാണ് പ്ലേസ് ചെയ്യുന്നതും. അതുകൊണ്ട് തന്നെ ബോധപൂര്‍വ്വം സ്റ്റീരിയോടൈപ്പ് ആകുന്നുണ്ടോ എന്ന് ചിന്തിക്കുന്നില്ല. സിനിമകള്‍ ഉണ്ടാകണം. അതോടൊപ്പം കഥാപാത്രങ്ങളില്‍ ആവര്‍ത്തനം വരാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

സിനിമയിൽ 20 വര്‍ഷം പിന്നിടുമ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് സൈജു കുറുപ്പിന്റെ മറുപടി ഇങ്ങ്നെ ആയിരുന്നു.  തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷവും സങ്കടവുമൊക്കെ നിറഞ്ഞൊരു യാത്രയായിരുന്നു. വന്ന സമയത്ത് അഭിനയത്തിലൊക്കെ കുറേ പരിമിതികളുണ്ടായിരുന്നു. മുഖ്യധാര സിനിമകള്‍ ലഭിക്കുന്നത് കുറഞ്ഞ സമയമുണ്ട്. ഒരുപാട് കഷ്ട്‌പ്പെട്ടിട്ടുണ്ട്. ഒരു പശ്ചാത്തലവുമില്ലാതെയാണ് വന്നത്. സെയില്‍സില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ യാദൃശ്ചികമായിട്ടാണ് സിനിമയിലെത്തുന്നത്. ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ സാധിക്കുന്നു എന്നത് ബോണസ് ആണ്. സന്തോഷമുണ്ട്, എല്ലാം ദൈവാനുഗ്രഹം.

ഞാന്‍ ഒരിക്കലും സിനിമയുടെ പുറകെ പോയിട്ടില്ല. ചാന്‍സ് ചോദിച്ച് നടന്നിട്ടില്ല. ദൈവമായിട്ടാണ് എന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. അതിനാല്‍ ആ വഴിയില്‍ എന്തെങ്കിലും ഒരു സംഭവം കാണുമെന്ന് കരുതി മുന്നോട്ട് പോയി. ട്രിവാന്‍ഡ്രം ലോഡ്ജ് കഴിയുന്നതോടെയാണ് ഇനി സിനിമകള്‍ കിട്ടുമെന്ന് തോന്നിയത്. പുതിയ പ്രൊജക്ടുകളെപ്പറ്റിയും സൈജു കുറുപ്പ് സ്മസാരിക്കുന്നു. അഭിലാഷം, പൊറാട്ട് നാടകം, സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍, പല്ലോട്ടി തുടങ്ങി സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ദാവീദ് എന്ന സിനിമയാണ്. ആന്റണി വര്‍ഗ്ഗീസ് ആണ് നായകന്‍. ആന്റണിയുടെ കൊച്ചാപ്പയായിട്ടാണ് അഭിനയിക്കുന്നത്. ഞങ്ങള്‍ ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത് എന്നും സൈജു കുറുപ്പ് പറയുന്നു.