
കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്.
ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഓംപ്രകാശിന്റെ മുറിയിൽ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന ആരോപണങ്ങൾ ശക്തമാണ്. അതിനിടയിലാണ് ഇപ്പോൾ പ്രമുഖ താരങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. ലഹരി വിൽപ്പന നടത്തി എന്ന് കരുതുന്ന ഓം പ്രകാശിന്റെ മുറിയിലെത്തിയ എല്ലാവരെയും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ ഗുണ്ടാനേതാവായ ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. 20 ലധികം കേസുകളിൽ പ്രതിയായ ഇയാൾ കുണ്ടന്നൂരിലെ സ്റ്റാർ ഹോട്ടലിൽ ലഹരി പാർട്ടി നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. ഓംപ്രകാശിനെ കൂടാതെ ഇയാളുടെ കൂട്ടാളിയായ കൊല്ലം സ്വദേശി ഷിഹാസിനേയും പോലീസ് പിടികൂടിയിരുന്നു.
ശനിയാഴ്ചയായിരുന്നു ഇരുവരും മുറി എടുത്തത്. മൂന്ന് മുറികളാണ് ബുക്ക് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മുറികൾ പരിശോധിച്ചപ്പോൾ ഇവർ മുറിയിൽ സൂക്ഷിച്ച അളവിൽ അധികമുള്ള മദ്യകുപ്പികളും കൊക്കെയ്‌നും പോലീസിന് ലഭിച്ചു. ലഹരി പിടിക്കപ്പെട്ടതോടെ എൻ ഡി പി എസ് ഉൾപ്പെടെയുള്ള വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ദിവസം ഇവരെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.

അതേസമയം ഓം പ്രകാശിന്റെ ഹോട്ടൽ റൂമിൽ ആരൊക്കെയാണ് സന്ദർശിച്ചതെന്നു ഇപ്പോൾ പോലീസ് അനേഷിച്ചുകൊണ്ടിരിക്കുകയാണ് . ഹോട്ടലിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഓംപ്രകാശിനെ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും സന്ദർശിക്കുന്നത് കണ്ടെത്തിയത്. ഇവരുടെ പേരുകൾ റിമാന്റ് റിപ്പോർട്ടിലും ഉണ്ടെന്നാണ് വിവരം.
നേരത്തേ തന്നെ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഒരിക്കൽ അഭിമുഖത്തിനിടെ അവതാരകയോട് താരം വളരെ മോശമായി പ്രതികരിച്ചത് വിവാദമായിരുന്നു. ‘ചട്ടമ്പി’ എന്ന സിനിമ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് ശ്രീനാഥ് ലഹരി ഉപയോഗിച്ചോയെന്ന് പോലീസ് പരിശോധിച്ചിരുന്നു. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകളാണ് പോലീസ് പരിശോധനയ്ക്ക് അയച്ചത്. ഇതിന് പിന്നാലെ താരത്തിനെ സിനിമ സംഘടനകൾ വിലക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അവതാരക നടനെതിരായ പരാതിയിൽ നിന്നും പിൻമാറുകയായിരുന്നു. തുടർന്ന് താരത്തിനെതിരെയുള്ള വിലക്ക് സംഘടന നീക്കുകയും ചെയ്തു.
കടുത്ത ഭാഷയിലായിരുന്നു അന്ന് ഈ സംഭവങ്ങളിലെല്ലാം താരം പ്രതികരിച്ചത്. മലയാള സിനിമയിൽ താൻ മാത്രമാണോ ലഹരി ഉപയോഗിക്കുന്നയാൾ എന്നായിരുന്നു ശ്രീനാഥ് ഭാസി ഒരു അഭിമുഖത്തിനിടെ തുറന്നടിച്ചത്. താൻ ലഹരിയാണെന്ന് പറയുന്ന അങ്കിൾമാരിൽ പലരും വൈകീട്ട് രണ്ട് അടിച്ച് കിടക്കുന്നവരല്ലേയെന്നും ശ്രീനാഥ് ചോദിച്ചിരുന്നു. എന്തെങ്കിലും ആരോപണം ഉയരുമ്പോൾ ഇത്തരത്തിൽ ലഹരി ആരോപണം കൂടി തിരുകികയറ്റുന്നത് പതിവ് രീതിയാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു.
അതേസമയം സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയുടെ മുറിയിലേക്ക് ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും എന്തിനാണ് എത്തിയതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കേസ് സംബന്ധിച്ച് ഇരുവരേയും പോലീസ് ചോദ്യം ചെയ്തേക്കും. വിശദമായ വിവരം തേടിയേക്കുമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.











