കുടുംബത്തെ മറന്നുള്ള കലാജീവിതം മാധവനെ എത്തിച്ചത് ഗാന്ധിഭവനിൽ ; അവസാന കാലം തുണയായി കലാ മേഖല

ഒട്ടനവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി മനസ് കീഴടക്കിയ സ്വഭാവ നടൻ ടി പി മാധവൻ ഇന്ന്വിടപറഞ്ഞിരിക്കുകയാണ് . 88 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു നടന്റെ അന്ത്യം.

കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യ നില മോശമാകുരയും തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മലയാള സിനിമയുടെ താരസംഘടനയായ ‘എ എം എം എ’യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടി പി മാധവൻ. എന്നാൽ  ടി.പി മാധവൻ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ്. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നടനെ കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

നിരവധി പേരാണ് ഇദ്ദേഹത്തിന് പ്രാർത്ഥനകൾ നേർന്ന് ഇന്നലെ  എത്തിയത്.  കുടുംബത്തെ വിട്ട് സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു  മാധവന്റെ ജീവിതം . അതുകൊണ്ടു തന്നെ വർദ്ധക്യകാലവും അദ്ദേഹം ഒറ്റക്ക് തന്നെയായിരുന്നു .

അതേസമയം 2015ൽ ഹരിദ്വാർ യാത്രക്കിടയിൽ ടി പി മാധവന് പക്ഷാഘാതം സംഭവിച്ചിരുന്നു. അവിടെ വെച്ച് ടി പി മാധവനെ തിരിച്ചറിഞ്ഞ പൂജാരിയാണ് നടൻ സുരേഷ് ഗോപിയെ വിളിച്ച് വിവരമറിയിച്ചത് . പിന്നീടാണ് അദ്ദേഹത്തിന് ആയുര്‍വേദ ചികില്‍സ ഒക്കെ എ എം എം എ ഇടപെട്ട് നല്‍കിയത്.

പിന്നീട് തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് കണ്ടെത്തിയതും എട്ട് വര്‍ഷങ്ങൾക്ക് മുമ്പ് ഗാന്ധിഭവനില്‍ എത്തിച്ചതും . വീട്ടുകാർ പോലും തിരിഞ്ഞ് നോക്കാതായതോടെയാണ് തല ചായ്ക്കാൻ ഇടംതേടി അ​ദ്ദേഹം ​ഗാന്ധി ഭവനിൽ എത്തിയത്.

എന്നാൽ എല്ലാവിധ സൗകര്യങ്ങളും നൽകി സിനിമാക്കാരനെന്ന പ്രൗഢിയോടെ അദ്ദേഹം ഗാന്ധിഭവനിൽ കഴ്ഞ്ഞിരുന്നത് . ഷൂട്ടിങ് സെറ്റിലെ പഴയ ഓർമകൾ അയവിറക്കിയാണ് വളരെ സന്തോഷത്തോടെ  അദ്ദേഹം ഗാന്ധി ഭവനിൽ താമസിച്ചത്.

ഉറ്റവർ ഉപേക്ഷിച്ചതിനാൽ ടി പി മാധവന്റെ സ്വന്തവും ബന്ധവുമെല്ലാം ​ഗാന്ധി ഭവനിലെ അം​ഗങ്ങളും അവിടുത്തെ ജീവനക്കാരുമാണ്. ​ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം മെച്ചപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവൻ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചതിനെ തുടർന്ന് വിശ്രമ ജീവിതം തുടരുകയായിരുന്നു .

പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി പിള്ളയുടെ മകനാണ് ടി.പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ ഇദ്ദേഹത്തിന്റെ  മകനാണ്.

പിപ്പ, ഷെഫ്, എയർലിഫ്റ്റ് എന്നിവയാണ് രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. രണ്ടര വയസുള്ളപ്പോൾ മകനേയും കുടുംബത്തേയും ഉപേക്ഷിച്ചു പോയ അച്ഛനെ ഇനി കാണേണ്ടെന്ന നിലപാടിലായിരുന്നു മകൻ .  അമ്മയ്ക്കൊപ്പം ബാംഗ്ലൂരിലാണ് രാജകൃഷ്ണമേനോന്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ.

മകന് രണ്ടര വയസ് പ്രായമുള്ളപ്പേഴാണ് ടി.പി മാധവന്‍ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമാ മോഹം കൂടിയപ്പോൾ കുടുംബവുമായി പിന്നെ അദ്ദേഹം ബന്ധപ്പെട്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് മകനെ കാണണം എന്ന ആ​ഗ്രഹം ഇദ്ദേഹം പറഞ്ഞത്. എന്നാൽ പക്ഷെ വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചു പോയ അച്ഛനെ ഇനി കാണണ്ട എന്ന നിലപാടിലാണ് രാജകൃഷ്ണമേനോന്‍ സ്വീകരിച്ചത് . അതുകൊണ്ടു തന്നെ അവസാന കാലം മാധവന്റെ ജീവിതവും തനിച്ചായിരുന്നു .

1975ൽ രാഗം എന്ന സിനിമയിലൂടെയാണ് മാധവൻ മലയാള സിനിമയിലെത്തിയത്. നടന്‍ മധുവാണ് ടി പി മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ഒരു കാലത്ത് മലയാള സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമായിരുന്നു ടി.പി മാധവൻ . ഇദ്ദേഹം ചെയ്ത ക്യാരക്ടർ റോളുകൾ എല്ലാം തന്നെ എന്നേക്കും മലയാളിയുടെ മനസിൽ തങ്ങി നിൽക്കുന്നവയുമാണ്.

അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു ഇദ്ദേഹം . നടൻ സുരേഷ് ഗോപി, കെ.ബി ഗണേഷ്‌കുമാർ, നടി ചിപ്പി ഭര്‍ത്താവ് രഞ്ജിത്ത്, ജയരാജ് വാര്യര്‍, മധുപാല്‍ , സംവിധായകൻ രഞ്ജിത്ത്  തുടങ്ങിയ ചുരുക്കം ചില സിനിമാക്കാർ മാധവനെ കാണാൻ ഇടയ്ക്ക് ​ഗാന്ധി ഭവനിൽ എത്താറുണ്ട്.

അടുത്തിടെ ടി പി മാധവനെ കണ്ടപ്പോൾ വികാരധീനയായാണ് നടി നവ്യ നായർ സംസാരിച്ചത്. ​ഗാന്ധി ഭവനിലാണ് ടി പി മാധവൻ കഴിയുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നടി പറഞ്ഞത്. നിരവധി സിനിമകളിൽ ടി.പി മാധവനൊപ്പം നവ്യ നായർ അഭിനയിച്ചിട്ടുണ്ട്.