വൈകിവന്ന ബോധോദയം ; മോഹൻലാലിനെതിരെ രൂക്ഷ വിമർശനം

സ്വന്തം മകനെയും നടൻ മോഹൻലാലിനെയും കാണണമെന്ന ആഗ്രഹം ബാക്കിവെച്ചുകൊണ്ടാണ് നടൻ ടിപി മാധവൻ മടങ്ങിയത്. ടിപി മാധവന്റെ അവസാന നാളുകളിൽ സിനിമ ലോകത്തു നിന്നും ആരും അദ്ദേഹത്തെ കാണാൻ പ്രമുഖ നടൻമാർ ആരും എത്തിയില്ല എന്നുള്ള വിമർശനങ്ങളും ഒരു ഭാഗത്തു നിന്നും ഉയർന്നിരുന്നു.

വിമര്ശനങ്ങൾക്കിടെ നടൻ മോഹൻലാലും മമ്മൂട്ടിയും പങ്കിട്ട ആദരാഞ്ജലി പോസ്റ്റുകൾക്കുമെതിരെ ചിലർ രംഗത്തെത്തി. മോഹൻലാലിനെ കാണണമെന്നുള്ള അതിയായ ആഗ്രഹം ടിപി മാധവനുണ്ടായിരുന്നുവെന്ന കാര്യം തന്നെയാണ് മോഹൻലാലിൻറെ പോസ്റ്റിന് താഴെ ആരാധകർ കുറിക്കുന്നത്.

മാധവന്റെ വിയോഗത്തിൽ നടൻ മോഹൻലാൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ് ;  “മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ‘ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്,നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വൻ്റി 20’ അങ്ങനെ ഒട്ടനവധി സിനിമകൾ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്. ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്”.

എന്നാൽ പോസ്റ്റിന് കീഴെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്. ഒരിക്കൽ അദ്ദേഹം ഒന്ന് കാണണം എന്ന ചെറിയ ഒരു ആഗ്രഹം പറഞ്ഞു. ഒന്നുമില്ലേലും നിങ്ങൾ പ്രസിഡന്റ് ആയി ഇരുന്ന സിനിമ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു അദ്ദേഹം. കുറെ സിനിമകളിൽ ഒരുമിച്ചു അഭിനയിച്ചു അതിൽ സൂപ്പർ ഹിറ്റ്‌ സഹിതം ഉണ്ടായിരുന്നു . നിങ്ങളുടെ നല്ല ഒരു ആരാധിക ആണ് ഞാൻ ആ സ്വാതന്ത്ര്യം ഉൾക്കൊണ്ടു പറയുകയാണ് ഒന്ന് പോയി കാണാമായിരുന്നു.  ചെയ്തത് തെറ്റാണു മരിച്ചതിനു ശേഷം ഒരു ആദരാഞ്ജലിപോസ്റ്റ്‌ ഇട്ടതുകൊണ്ട് ഒരു കാര്യവും ഇല്ല .  ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട കടമ ചെയ്യണം എന്നാണ് ഒരു ആരാധിക കുറിച്ചിരിക്കുന്നത്.

ഇടയ്ക്ക് പല അവസരങ്ങളിലും അദ്ദേഹം ഗാന്ധിഭവൻ സെക്രട്ടറി സോമരാജൻ സാറിനോടും അവിടെ മാധവൻ സാറിനെ സന്ദർശിക്കാൻ ചെല്ലുന്ന പലരോടും മോഹൻലാലിനെ കാണണം എന്നൊരാഗ്രഹം പറഞ്ഞിരുന്നു. അത് ഒരു പക്ഷേ താങ്കളോടുള്ള സ്നേഹം കൊണ്ടുതന്നെയാകാം  എന്നിങ്ങനെ നിരവധി പേരാണ് മോഹൻലാലിൻറെ പോസ്റ്റിന് കമന്റുമായി എത്തുന്നത്.

ഒരിക്കൽ മാധവൻ പറഞ്ഞ വാക്കുകൾ  സമൂഹമാധ്യങ്ങളിലൂ‌ടെ വൈറലായപ്പോള്‍ മുൻ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മറുപടിയുമായി എത്തിയിരുന്നു. ‘ഓര്‍മ നഷ്ടപ്പെട്ട നിലയിലാണ് നിലവില്‍ അദ്ദേഹം. ഗാന്ധി ഭവനില്‍ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കുന്നുണ്ട്. ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് മനസിലാകാന്‍ ബുദ്ധിമുട്ടാണ്. പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ എല്ലാ കാര്യങ്ങളും അവിടെ ചെയ്യാറുണ്ട്. ആ ഭാഗത്ത് കൂടി പോകുന്ന സിനിമ പ്രവര്‍ത്തകരും ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാറുണ്ട്. പക്ഷെ കുറച്ചുപേരെ അദ്ദേഹത്തിന്റെ ഓര്‍മ്മയിലുള്ളു. അദ്ദേഹത്തിന്റെ മനസിലുള്ള ആള്‍ ലാലേട്ടാനാണ്. മാധവന്‍ ചേട്ടനെ കാണാന്‍ ഒരിക്കല്‍ ലാലേട്ടനുമായി ആശുപത്രിയില്‍ പോയതാണ് എന്നാണ് ഇടവേള ബാബു പറഞ്ഞത്’.

അതേസമയം കുടുംബം ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ എട്ട് വർഷത്തോളമായി പത്തനാപുരം  ​ഗാന്ധിഭവനിലായിരുന്നു മാധവന്റെ താമസം. ബുധനാഴ്ചയാണ് അദ്ദേഹം  അന്തരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.