അവിടെ നടന്നത് ഒരു ഫാമിലി ഗെറ്റ് ടുഗതർ ആയിരുന്നു , പ്രയാഗയെ കണ്ടിരുന്നു , ശ്രീനാഥ് ഭാസിയോടും സംസാരിച്ചു ; നടന്ന സത്യം വെളിപ്പെടുത്തി ഓം പ്രകാശ്  

കഴി‌ഞ്ഞ ദിവസമാണ് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയതിന്റെ പേരിൽ ഓം പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഓം പ്രകാശ് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രാസലഹരിക്കേസില്‍ താന്‍ നിരപരാധിയെന്ന് പറയുകയാണ് ഓം പ്രകാശ്.

നടി പ്രയാഗ മാര്‍ട്ടിനെ അറിയില്ലയെന്നും ശ്രീനാഥ് ഭാസി തന്റെ കൂട്ടുകാരനാണെന്നും  ഇന്നുവരെ മയക്കുമരുന്നിടപാട് നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ നിരപരാധിയാണെന്നും ഓം പ്രകാശ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഓം പ്രകാശിന്റെ വെളിപ്പെടുത്തൽ.

ശ്രീനാഥ് ഭാസി കൂട്ടുകാരന്‍ മാത്രമാണ് എന്നും തന്റെ റൂമില്‍നിന്ന് കുപ്പികളോ മറ്റോ ഒന്നും കിട്ടിയിട്ടില്ല ഇതെല്ലാം ഷിഹാസിന്റെ റൂമില്‍നിന്നാണ് കിട്ടിയത്. ജീവിതത്തില്‍ ഇന്നുവരെ ഒരു അനധികൃത ബിസിനസ് നടത്തിയിട്ടില്ലയെന്നും മണല്‍ മാഫിയ എന്നതടക്കം തനിക്കെതിരേ ആരോപണങ്ങളുണ്ട്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് പോയി ഒപ്പിടാറുണ്ട് എന്നും ഓം പ്രകാശ് പറയുന്നു.

പ്രയാഗ മാര്‍ട്ടിനാണോ ആ കുട്ടി എന്നത് തനിക്കറിയില്ലയിരുന്നുവെന്നും സിനിമയില്‍ കാണുന്നതുപോലെ രൂപഭംഗിയുള്ള കുട്ടിയല്ല പ്രയാഗ. മാത്രമല്ല പ്രയാഗയുമായി സംസാരിച്ചിട്ടുമില്ലയെന്നും അവിടെക്കൂടിയ തന്റെ സുഹൃത്തിന്റെ സുഹൃത്താണ് ശ്രീനാഥ് ഭാസിയെന്നും അതുപ്രകാരമാണ് ഭാസി അവിടെയെത്തിയതെന്നും ഓം പ്രകാശ് പറയുന്നു .

മൂന്നുമണിക്കാണ് ശ്രീനാഥ് ഭാസിയെത്തിയത്. ഉറങ്ങുകയായിരുന്ന താന്‍ എഴുന്നേറ്റ് ഭാസിയെക്കണ്ടു. പിന്നീട് അവര്‍ കൂട്ടുകാര്‍ തമ്മില്‍ സംസാരിക്കുകയാണ് ചെയ്തത്. പ്രയാഗയെ അറിയില്ലയെന്നും രാവിലെയാണ് ഇത് പ്രയാഗ മാര്‍ട്ടിനാണെന്ന് അറിയുന്നതെന്നും ഓം പ്രകാശ് വ്യക്തമാക്കി. കേസില്‍ പോലീസ് തന്നെ ഫ്രെയിം ചെയ്തിട്ടില്ലയെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആകെ പൊലീസിന് തെളിവായി കിട്ടിയത് കുപ്പി മാത്രമാണെന്നും ഓം പ്രകാശ് കൂട്ടിച്ചേർത്തു.

ഫൈവ് സ്റ്റാര്‍ ഹോട്ടലിനകത്ത് എത്രയോ പേര്‍ പൊതുപരിപാടികള്‍ നടത്താറുണ്ട്. ഞാന്‍ നടത്തുമ്പോള്‍ മാത്രം ഡാന്‍സ് പാര്‍ട്ടി ഡി.ജെ. പാര്‍ട്ടി എന്നൊക്കെ പറഞ്ഞ് തനിക്കെതിരേ വരുമെന്നും ഓം പ്രകാശ് പറയുന്നു. ഷിഹാസുമായി ബിസിനസ്-സുഹൃദ്ബന്ധമാണുള്ളത്. സുഹൃത്തുക്കളെ കാണാനായി കൊച്ചിയിലെത്തിയപ്പോള്‍ ക്രൗണ്‍ പ്ലാസയില്‍ മുറിയെടുത്തുവെന്നും അവിടത്തെ സുഹൃത്തുവഴി റേറ്റ് കുറച്ച് റൂം ബുക്കുചെയ്തു. വൈകുന്നേരം കൂട്ടുകാര്‍ വരുന്നതിനാല്‍ ബിവറേജസില്‍ പോയി മദ്യം വാങ്ങിച്ചു. മദ്യക്കുപ്പികളെല്ലാം ഷിഹാസിന്റെ റൂമില്‍വെച്ചുവന്നു രാത്രി എല്ലാവരും വന്ന് മദ്യപിച്ചു തിരിച്ചുപോയി.

ആരോഗ്യകാരണങ്ങളാല്‍ താന്‍ മദ്യപിച്ചിരുന്നില്ലയെന്നും ഓം പ്രകാശ് പറയുന്നു.  തന്റെ റൂമിലാണ് ആദ്യം റെയ്ഡ് നടന്നത്. അവിടെനിന്ന് ഒന്നും കണ്ടെത്തിയില്ലയെന്നും പിന്നാലെ ഷിഹാസിന്റെ റൂമില്‍നിന്ന് കുപ്പി കണ്ടെടുത്തു. ഷിഹാസ് ഒരു നല്ല ബിസിനസ് പ്രമുഖനാണ് .  അദ്ദേഹം ഒരു മദ്യപാനിയോ ലഹരി കടത്തുന്ന ആളോ അല്ല . പിന്നീട്  അവിടെ ശുചിമുറിയില്‍വെച്ച് ലഹരി പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്ന തരത്തിലുള്ള ഒരു കവര്‍ കണ്ടെത്തിത്തിയെന്നാണ് പോലീസുകാരുടെ സംസാരത്തില്‍നിന്ന് മനസ്സിലാക്കിയതെന്നും എന്നാൽ  ഒരു ഡി ജെ പാർട്ടിയും ഞങ്ങൾ നടത്തിയിട്ടില്ല . ഒരു ഫാമിലി ഗെറ്റു ടുഗദറായിരുന്നു നടന്നതെന്നും ഹോട്ടലില്‍ നടത്തിയതിനാൽ കൂട്ടുകാരും അവരുടെ കൂട്ടുകാരും ഫാമിലിയുമെല്ലാം  വന്നിരുന്നെന്നും ഓം പ്രകാശ് വ്യക്തമാക്കി.

താൻ മാധ്യമങ്ങളും പോലീസും പറയുന്ന പോലെ മുപ്പതോളം കേസിൽ പ്രതിയല്ലയെന്നും അത് ഗോസ്സിപ് അടിക്കുന്നതാണെന്നും തനിക്ക് ആകെ 14 കേസുകളാണ് ഉണ്ടായിരുന്നുള്ളുവെന്നും 10 വർഷമായി തന്റെ പേരിൽ ഒരു കേസുമില്ലയെന്നും ഓംപ്രകാശ് പറയുന്നു . ഒരു ലഹരിക്കടത്തും താൻ  ഇന്ന് വരെ ചെയ്തിട്ടില്ല . എന്നാൽ ഇനി ബലാത്സംഗ കേസ് മാത്രമേ തന്റെ പേരിൽ ചാർത്താനുള്ളൂ ബാക്കിയെല്ലാമായെന്നും ഇതൊക്കെ ആൾക്കാർ ശ്രദ്ധിക്കാൻ വേണ്ടി പറയുന്നതാണെന്നും ഓം പ്രകാശ് വ്യകത്മാക്കി.

തന്നെ പൊലീസല്ല മാധ്യമങ്ങളാണ് വേട്ടയാടുന്നതെന്നും തന്നെ പോലെ ഒരാളെ പൊലീസിന്  സംരക്ഷിയ്ക്കേണ്ട കാര്യമില്ലായെന്നും മയക്കുമരുന്ന് ഇടപാടിൽ തനിക്ക് ബന്ധമുണ്ടെങ്കിൽ അവർ അത് കണ്ടുപിടിക്കട്ടെയെന്നും ഓം പ്രകാശ് പറയുന്നുണ്ട്.

അതേസമയം കേസില്‍ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ മരട് പോലീസ് ഇന്ന് ചോദ്യം ചെയ്തു . ലഹരിക്കേസിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ് നൽകിയിരുന്നു. ലഹരിപ്പാര്‍ട്ടി നടക്കുന്നയിടത്ത് ഇരുവരും വന്നതടക്കമുള്ള കാര്യങ്ങള്‍ ചോദിക്കും. ശ്രീനാഥ്‌ ഭാസിയും പ്രയാഗയും ലഹരിപാർട്ടി നടന്ന ഹോട്ടൽ മുറിയിൽ എത്തിയതോടെയാണ് കേസ് കൂടുതൽ ശ്രദ്ധ നേടുന്നത്. താരങ്ങൽ ഹോട്ടലിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സിനിമ താരങ്ങളിലേക്ക് അന്വേഷണം എത്തിയത്. കഴിഞ്ഞ ദിവസം ആരോപണങ്ങൾക്ക് മറുപടിയുമായി പ്രയാഗ മാർട്ടിൻ രംഗത്തെത്തിയിരുന്നു. എന്നാൽ ശ്രീനാഥ്‌ ഭാസി ഇതുവരെയും  വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും താൻ ലഹരി ഉപയോ​ഗിക്കാറില്ലെന്നുമാണ് പ്രയാ​ഗ മാർട്ടിൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.