
നടൻ ബൈജു മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്.
യാത്രക്കാരന് കാര്യമായ പരിക്കില്ല. ശാസ്തമംഗലം ഭാഗത്തുനിന്നും വരികയായിരുന്ന ബൈജുവിന്റെ കാർ കവടിയാർ ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടർ യാത്രികനെ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഇടിച്ച കാർ സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. നിയന്ത്രണം വിട്ട കാർ ആദ്യം സ്കൂട്ടറില്‍ ഇടിക്കുകയും അതിന് ശേഷം വീണ്ടും മുന്നോട്ട് പോയി സിഗ്നല് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല.
തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നല്‍കി. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസ് നടനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം രാത്രി ഒരു മണിയോടെ നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

എന്നാൽ നടൻ നന്നായി മദ്യപിച്ചിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും ബലം പിടിച്ചാണ് താരത്തെ കാറിൽ നിന്നും പുറത്തിറക്കിയതെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
‘വണ്ടിയൊക്കെ ആകുമ്പോള്‍ തട്ടും, കുഴപ്പം എന്താണ് എന്നായിരുന്നു’ ബൈജുവിന്റെ പ്രതികരണം. ഇതൊന്നും കണ്ട് ഞാന്‍ പേടിക്കില്ലെന്നും താരം വ്യക്തമാക്കി. അതേസമയം പരിക്കേറ്റ സ്കൂട്ടർ യാത്രികന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റയാള്‍ നിലവില്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് താരത്തിനെതിരെ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് ബൈജുവിന് എതിരെ കേസെടുത്തത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ വലതു ടയർ പഞ്ചറായിരുന്നു. അതിനാൽ ടയര് മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടു വരാൻ ബൈജുവിന്‍റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. പൊലീസ് കാർ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച ഒരു പ്രമുഖ വാർത്ത ചാനലിന്റെ ക്യാമാറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ചു വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. വാർത്ത വൈറലായതോടെ നടനെ ട്രോളിയും പരിഹസിച്ചും കമന്റുകൾ സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്.
ബൈജുവിന്റെ പേര് ഇത്തരം കേസുകളിൽ ഉൾപ്പെട്ട് കേൾക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നാണ് ഒരാൾ കുറിച്ചത്. അതേസമയം നടന് സ്റ്റേഷൻ ജാമ്യം അനുവദിച്ചതിലുള്ള എതിർപ്പും കമന്റ് ബോക്സുകളിൽ നിറയുന്നുണ്ട്. അതേസമയം മലയാള സിനിമയിൽ സഹനടൻ റോളുകളിൽ തിളങ്ങുന്ന നടനാണ് ബൈജു സന്തോഷ്. അടുത്ത കാലത്തായി മലയാളത്തിൽ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ ബൈജു ഉണ്ടാകാറുണ്ട്.
അമ്പത്തിനാലുകരനായ നടൻ ബാലതാരമായാണ് സിനിമയിൽ എത്തിയത്. സിനിമാ പ്രമോഷനുകളിലും സജീവമായി പങ്കെടുക്കാറുള്ള ബൈജുവിന്റെ അഭിമുഖങ്ങളും കുറിക്കുകൊള്ളുന്ന തഗ് മറുപടികളും വൈറലാകാറുണ്ട്. അതേസമയം മുമ്പൊരിക്കൽ അച്ഛന്റെ മദ്യാപനത്തിന് കുറിച്ച് ബൈജു പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. അച്ഛന്‍ മരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ തന്നെ കുഴപ്പം കൊണ്ടാണെന്നും മദ്യപാനം മുതല്‍ എല്ലാംതരം പരിപാടികളുമുണ്ടെന്നുമാണ് ബൈജു അന്ന് പറഞ്ഞത്. എന്റെ അമ്മയുടെ ഗുണമാണ് എനിക്ക് കിട്ടിയതെന്നും അമ്മ തഗ്ഗടിക്കുന്ന ആളായിരുന്നു. അമ്മ മരിച്ചുപോയി, എന്നാണ് മുൻപൊരിക്കൽ തന്റെ അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞത് .











