ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി; പരാതിക്കാരിയെ കണ്ടുപരിചയം മാത്രം; ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ ജയസൂര്യ

തനിക്കെതിരെ വന്ന രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമാണെന്നും പരാതിക്കാരുമായി തനിക്ക് ഒരു സൗഹൃദവും ഇല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് നടൻ ജയസൂര്യ.

തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.  തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ്  ജയസൂര്യ.

2013ൽ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എടുത്തിരിക്കുന്ന കേസും അടിസ്ഥാനരഹിതമാണെണെന്ന് ജയസൂര്യ പറഞ്ഞു. പരാതിക്കാരി പറയുന്നത് പോലെ 2013ല്‍ അങ്ങനൊരു ഷൂട്ടിംഗ് നടന്നിട്ടില്ലെന്നും 2011ല്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ടായിരുന്നുവെന്നും ഷൂട്ടിംഗ് നടന്നത് തൊടുപുഴയിലല്ല. കൂത്താട്ടുകുളത്താണ്. പിന്നെ എന്തിനാണ് ഇങ്ങനെയൊരു വ്യാജ ആരോപണവുമായി വന്നിട്ടുള്ളതെന്ന് അറിയില്ലയെന്നും  ജയസൂര്യ വ്യക്തമാക്കി.

അവർ ആദ്യം ആരോപണം ഉന്നയിച്ചപ്പോൾ പേര് പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയ അത് ഞാനാണെന്ന് പൊക്കിയെടുത്ത്. പിന്നീടവർ ഞാനല്ലെന്ന് ചില ചാനലുകളിൽ പറഞ്ഞു. പിന്നീട് പക്ഷെ അവർ ഞാനാണെന്ന് വീണ്ടും പറഞ്ഞു. 2013 ൽ തൊടുപുഴയിൽ ‘പിഗ്മാൻ’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഇത് സംഭവിച്ചത് എന്നാണ് അവർ ആരോപിക്കുന്നത്. എന്നാൽ തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ എന്നും ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ് എന്നും 2013 ൽ തൊടുപുഴയിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണെന്നും ജയസൂര്യ പറയുന്നു.

മാത്രമല്ല സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവും നടന്‍ നിഷേധിച്ചു. അത്  പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും തനിക്കെതിരെയുള്ള  ഈപ്രതികളെല്ലാം വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു.

സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ലയെന്നും 2008 ൽ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നതെന്നും അങ്ങനെ വലിയൊരു ചിത്രീകരണം സെക്രട്ടേറിയറ്റിൽ നടന്നിരുന്നില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു പാട്ടിന്റെ ചിത്രീകരണം രണ്ടു മണിക്കൂർ നീണ്ടിരുന്നുവെന്നും അതിൽ അവർക്കത്ര റോളും ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലയെന്ന് ജയസൂര്യ പറയുന്നു.

നാളെ ഇതുപോലെ പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ വന്നേക്കാമെന്നും തനിക്ക് മറുപടി പറയാനുള്ള സ്പേസ് കിട്ടുന്നുണ്ട്. സാധാരണക്കാരനാണെങ്കിൽ എന്താണു സംഭവിക്കുക. അയാളുടെ കുടുംബം തകരില്ലേയെന്നും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകരില്ലേയെന്നും ജയസൂര്യ ചോദിക്കുന്നു.

ഇതൊരു അവസാന സംഭവമാകട്ടേയെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാനെന്നാണ് എനിക്കു തോന്നുന്നതെന്നും മുൻകൂർ ജാമ്യം പോലും വേണ്ടാത്തൊരു കേസാണിത്.  ആരോപണം ഉന്നയിക്കുന്ന വ്യക്തികൾ ആരാണെന്നത് പൊലീസുകാർക്കും അറിയാമെന്നും അകത്തുപറഞ്ഞ കാര്യം എനിക്കു പുറത്തുപറയാനാകില്ലയെന്നും  ആരോപണം പൂർണമായും നിഷേധിക്കുന്നുവെന്നും ജയസൂര്യ പറയുന്നു.

ചാരിറ്റിയും കാര്യങ്ങളുമൊക്കെ ചെയ്യുന്നതിന്റെ പേരിൽ സുഹൃത്തുക്കളാകണമെന്നില്ല. പരാതിക്കാരിയെ കണ്ടുപരിചയം ഉണ്ട് എന്നും അവരെന്തു പറഞ്ഞാലും ഉത്തരം പറയേണ്ട ആളല്ലല്ലോ താനെന്നും അവരുമായി ഒരു സൗഹൃദവുമില്ല. 2018ലും 2019ലും മറ്റും ഞാൻ വലിയ സഹായങ്ങൾ നൽകുന്നയാളാണെന്ന തരത്തിൽ അവർ പോസ്റ്റ് ഇട്ടിരുന്നല്ലോയെന്നും ജയസൂര്യ പറഞ്ഞു.

മാത്രമല്ല അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിന് ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ശക്തമായി പോരാടുമെന്നും  തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പ്രതികരിച്ചു.

അതേസമയം ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് രാവിലെയാണ്  പോലീസ് സ്റ്റേഷനിൽ ഹാജരായത്. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്. 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാവാനായിരുന്നു പോലീസ് നിര്‍ദേശം. എന്നാല്‍ മാധ്യമ ശ്രദ്ധ ഒഴിവാക്കാനായി ജയസൂര്യ 8.15ന് തന്നെ ഹാജരാവുകയായിരുന്നു.

രണ്ട് മാസം മുന്‍പാണ് ആലുവയില്‍ താമസിക്കുന്ന നടി ജയസൂര്യക്കെതിരെ  പോലീസിന് പരാതി നല്‍കിയത്. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ജയസൂര്യ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. സെക്രട്ടേറിയേറ്റില്‍ വെച്ചായിരുന്നു ഈ ഷൂട്ടിങ് നടന്നത്. ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ നിന്ന് വരുമ്പോള്‍ തന്നെ പുറകില്‍ നിന്ന് കടന്നു പിടിച്ചു എന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കൂടാതെ വൈകിട്ട് നടന്‍ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സമാനമായ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെ ഉയർന്ന് വന്നത്. ആരോപണങ്ങള്‍ നിഷേധിച്ച ജയസൂര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.
അതേസമയം നടന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ജയസൂര്യയെ വിട്ടയച്ചിരിക്കുന്നത് എന്നാണ് വിവരം.