
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകന്‍ എന്നതിലുപരിയായി തെന്നിന്ത്യന്‍ സംഗീത ലോകത്തെ മികച്ച ഗായകരില്‍ ഒരാളാണ് വിജയ് യേശുദാസ്. പിന്നണി ഗായകനായി സിനിമയിലേക്ക് എത്തി നിരവധി ഗാനങ്ങളും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് . ഇപ്പോഴിതാ വിജയ് യേശുദാസിന്റെ മകൾ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുന്നതിരെ പ്രതികരിച്ചുകൊണ്ടെത്തിയിരിക്കുകയാണ് ഗായകൻ .
വിവാഹ മോചിതനാണ് വിജയ് യേശുദാസ്. വിജയ് യേശുദാസിന്റെ മകൾ അമേയ ആണെന്ന തരത്തില്‍ ഒരു കുട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മുന്‍പും സമാനമായ രീതിയില്‍ ചില പ്രചരണങ്ങള്‍ വന്നപ്പോഴും വിജയ് യേശുദാസ് മറുപടിയുമായി വന്നിരുന്നു. വീണ്ടും യേശുദാസിന്റെ പാരമ്പര്യത്തില്‍ കൊച്ചുമകളും എത്തിയെന്ന തരത്തിലാണ് ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അടുത്ത കാലത്തെങ്ങും വിജയ്‌യുടെ മകൾ അമേയയുടെ ചിത്രങ്ങളോ, പാടുന്ന വീഡിയോയോ പരസ്യമായി എവിടെയും വന്നിട്ടില്ല. വിജയ് യേശുദാസ് തന്നെ ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണിപ്പോള്‍.

വിജയ് യേശുദാസിന്റെ മകള്‍ അമേയ സംഗീത ലോകത്തേക്ക് പ്രവേശിച്ചുവെന്നാണ് പ്രചരണം. ഒപ്പം ചിത്രങ്ങളും പ്രചരിച്ചു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദീകരണവുമായി വിജയ് യേശുദാസ് തന്നെ രംഗത്ത് എത്തി. ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടി അമേയ യേശുദാസ് അല്ലെന്നാണ് വിജയ് യേശുദാസ് പറഞ്ഞത്. മാത്രമല്ല ഫോട്ടോയിലുള്ള ഗായികയെ താരം ടാഗ് ചെയ്ത് കൊണ്ടാണ് വിശദീകരിച്ചത്.
“ആന്ധ്രയിലെ അറിയപ്പെടുന്ന ഗായികമാരില്‍ ഒരാളായ ശ്രീലളിത ഭാമിടിപ്പതിയുടെ ചിത്രങ്ങളാണ് വിജയ് യേശുദാസിന്റെ മകളെന്ന നിലയില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടത്. ശ്രീലളിത പാടുന്ന പാട്ടിൽ ആലാപനം അമേയ യേശുദാസ് ( വിജയ് യേശുദാസിന്റെ മകൾ) എന്ന രീതിയിലാണ് ഫോട്ടോ പ്രചരിച്ചിരുന്നത്. ‘ഇത് എന്റെ മകളല്ല’ എന്ന് വിജയ് യേശുദാസ് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റിലൂടെ വ്യക്തമാക്കി . ഈ പ്രചാരണം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല എന്ന് സോഷ്യൽ മീഡിയ പരിശോധിച്ചാൽ മനസിലാകും. രണ്ടു വർഷങ്ങൾക്ക് മുൻപ്, ശ്രീലളിത പാടുന്ന ഒരു വീഡിയോ സഹിതം, ഇത് യേശുദാസിന്റെ കൊച്ചുമകൾ എന്ന നിലയിൽ പ്രചരിച്ചിട്ടുള്ളതായി കാണാം. മക്കളുടെ വ്യക്തിപരമായ വിവരങ്ങൾ വിജയ് യേശുദാസ് എവിടെയും ഷെയർ ചെയ്യാറില്ല.
വിവാഹിതയായ ശ്രീലളിത, ഇക്കഴിഞ്ഞ നവരാത്രി ദിനങ്ങളിൽ പ്രത്യേക സംഗീതാർച്ചന സമർപ്പിച്ചിരുന്നു. ‘ഈ കുട്ടി നേരത്തെ തന്നെ കഴിവ് തെളിയിച്ച് പ്രശസ്തിയിലേക്ക് എത്തിയ ആന്ധ്രയിൽ നിന്നുള്ള ഗായികയാണ്. അവളുടെ കഴിവിനുള്ള അംഗീകാരം അവൾക്ക് തന്നെ കൊടുക്കുക. അവളുടെ ഐഡന്റിറ്റി ആരും തെറ്റിദ്ധരിക്കരുത്’ എന്നാണ് ശ്രീ ലളിതയെ മെൻഷൻ ചെയ്തുകൊണ്ട് വിജയ് യേശുദാസ് പറഞ്ഞത്. സംഗീത റിയാലിറ്റി ഷോയിലും മറ്റുമൊക്കെ പങ്കെടുത്തിട്ടുള്ള ശ്രീലളിത സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഒരു റിയാലിറ്റി ഷോയിൽ എസ്.പി. ബാലസുബ്രമണ്യത്തിന്റെ പക്കൽ നിന്നും നല്ല അഭിപ്രായം നേടുന്ന കുട്ടിയായ ശ്രീലളിതയുടെ വീഡിയോ ഈ പേജിൽ കാണാം.
വിജയ് യേശുദാസുമായി ചില മുഖസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് പലപ്പോഴും ശ്രീലളിതയുടെ ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ ശ്രീലളിത പാടുന്ന വീഡിയോയും പ്രചരിച്ചിരുന്നു. അന്ന് യേശുദാസിന്റെ കൊച്ചുമകള്‍ അമേയയാണെന്ന തരത്തിലായിരുന്നു പ്രചരണം.











