വയനാട്ടിലെ ബിജെപി സ്ഥാനാർഥി ഖുശ്ബുവോ? പ്രിയങ്കയ്‌ക്കെതിരെ സിനിമ താരത്തെയിറക്കാൻ ബിജെപി നീക്കം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് ആരെന്ന് ഇന്ന് അറിയാം. അതിനിടെ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.

വയനാട്ടിലേക്കുളള സ്ഥാനാർത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചതായാണ് വിവരം. തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.

അതേസമയം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കൊപ്പം വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയേയും ഇന്ന് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം.

രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്. അതോടെ പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയെ തിരയുകയാണ് ബിജെപി നേതൃത്വം. താര പരിവേഷമുള്ള കോൺഗ്രസ് നേതാവിന്, അതേ തലപ്പൊക്കമുള്ള മറ്റൊരു നേതാവിനെയാണ്  പാർട്ടി തേടുന്നത്. അങ്ങനെയാണ് ഖുശ്ബു അന്തിമ പട്ടികയിലേക്ക് എത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പ്രവർത്തനം എങ്കിലും മലയാളിക്ക് ഏറെ സുപരിചിതമായ സിനിമാ താരമാണ് ഖുശ്ബു.

അമേഠിയില്‍ സ്മൃതി ഇറാനിയെ ഇറക്കി 2019 ല്‍ വിജയിച്ച പരീക്ഷണത്തിനാണ് ഖുശ്ബുവിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ കൂടി തീരുമാനം നോക്കിയ ശേഷമെ ഇക്കാര്യത്തില്‍ തുടര്‍നീക്കങ്ങളുണ്ടാകൂ എന്നാണ് അറിയാന്‍ കഴിയുന്നത്.

തമിഴ് വംശജർ കൂടി വോട്ടർമാരായുള്ള വയനാട് മണ്ഡലത്തിൽ ഖുശ്ബുവിന്റെ വരവ് വലിയ സ്വാധീനം ചെലുത്തും എന്നാണ് കണക്കുകൂട്ടൽ. ബിജെപി സംസ്ഥാന ഘടകം അനുകൂലമായ മറുപടിയാണ് നൽകിയത് എന്നാണ് വിവരം. തൃശ്ശൂരിൽ പരീക്ഷിച്ചു വിജയിച്ച ഫോർമുലയ്ക്ക് ഒരു തുടർച്ചയെന്നാണ് നേതൃത്വം ഖുശ്ബുവിനെ  പ്രതീക്ഷിക്കുന്നത്. എന്നാൽ ബിജെപിയുടെ തമിഴ്നാട് ഘടകത്തിന്റെ നിലപാട് സ്ഥാനാർഥിത്വത്തിൽ നിർണായകമാണ്.

തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയുമായി അത്ര നല്ല സ്വരചേര്‍ച്ചയില്‍ അല്ല ഖുശ്ബു. അതിനാല്‍ തന്നെ ഖുശ്ബുവിനെ മാറ്റണോ എന്ന കാര്യം അണ്ണാമലെ പരിഗണിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കേരളം സമര്‍പ്പിച്ച പേരുകളിലേക്ക് തന്നെ ദേശീയ നേതൃത്വം കടക്കും. നിലവില്‍ സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യര്‍, ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരുടെ പേരുകളാണ് വയനാട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി കേരള ഘടകം സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. കൂടാതെ എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, ഷോണ്‍ ജോര്‍ജ് എന്നീ പേരുകളും വയനാട്ടിലേക്ക് ബിജെപി സജീവമായി പരിഗണിക്കുന്നുണ്ട്.