മോഹൻലാൽ ഇനി എഎംഎംഎ യുടെ ഒരു തലപ്പത്തും ഇരിക്കാനില്ല; വഴിമുട്ടി എഎംഎംഎ തെരഞ്ഞെടുപ്പ് 

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ എം എം എയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തി വിട്ട വിവാദ കൊടുങ്കാറ്റിന് പിന്നാലെ അമ്മ ഭരണ സമിതി പിരിച്ചു വിട്ടിരുന്നു.

ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരേയും ആരോപണം ഉയരുകയും കേസെടുക്കുകയും ചെയ്തതോടെയാണ് എ എം എം എ ഭരണ സമിതി പിരിച്ചു വിട്ടത്. എന്നാൽ പക്ഷെ ലൈംഗികാരോപണങ്ങളെ തുടർന്ന് ആരോപണ വിധേയൻ അല്ലാത്ത മോഹൻലാലിൻ്റെ നേതൃത്വത്തിലുള്ള മുഴുവൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അടുത്തിടെ രാജിവച്ചതിനാൽ അസോസിയേഷനിൽ ഇപ്പോൾ ഭാരവാഹികളില്ല. മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദീഖ് ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഭരണ സമിതിയാണ് പിരിച്ചു വിട്ടത്. രണ്ട് മാസത്തിനുള്ളില്‍ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.

എന്നാല്‍ പക്ഷെ ഭരണ സമിതി പിരിച്ചു വിട്ട് രണ്ട് മാസമാകാറായിട്ടും ജനറല്‍ ബോഡി വിളിക്കാനോ തെരഞ്ഞെടുപ്പ് നടത്താനോ ഉള്ള ശ്രമങ്ങളൊന്നും തന്നെ സംഘടനയ്ക്കുള്ളില്‍ നടന്നിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ആഗസ്റ്റ് 27 നായിരുന്നു ഭരണ സമിതി അംഗങ്ങൾ ഒന്നാകെ രാജി വെച്ചത്. ഭരണസമിതി രാജിവെച്ചിട്ട് ഒക്ടോബര്‍ 27 ആകുമ്പോള്‍ രണ്ട് മാസം തികയും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പല താരങ്ങള്‍ക്കെതിരേയും ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന വന്നിരുന്നു. പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്നത് വരെ നിലവിലുള്ള ഭരണ സമിതി അഡ്‌ഹോക്ക് കമ്മിറ്റിയായി പ്രവര്‍ത്തിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിൽ മലയാള സിനിമാ അഭിനേതാക്കളുടെ ഏക സംഘടനയായിരുന്ന എ എം എം എ സാംസ്കാരിക ക്ഷേമ സംഘടനയായാണ് പ്രവർത്തിച്ചത്. എ എം എം എ നല്‍കി വരുന്ന മുതിര്‍ന്ന അംഗങ്ങള്‍ക്കും അവശ കലാകാരന്‍മാര്‍ക്കുമുള്ള പെന്‍ഷന്‍ തുക അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പുതിയ ഭരണ സമിതി അധികാരമേറ്റത്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ സംഘടന പിരിച്ചു വിടുകയായിരുന്നു. അതേസമയം അടുത്ത ജൂണ്‍ മാസം വരെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് തുടരാം എന്നാണ് സംഘടനയുടെ ബൈലോയില്‍ പറഞ്ഞിട്ടുള്ളത് എന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാലാണ് തിടുക്കപ്പെട്ട് ജനറല്‍ബോഡി വിളിക്കാത്തത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇതോടെ ജൂണ്‍ മാസം വരെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുക. നേതൃസ്ഥാനത്തേക്ക് വരാന്‍ താരങ്ങള്‍ക്കിടയില്‍ താല്‍പര്യക്കുറവ് ഉണ്ട് എന്നാണ് വിവരം.

ഇനിയും പ്രസിഡന്റ് സ്ഥാനത്തേക്കോ മറ്റേതെങ്കിലും ഭാരവാഹിത്വത്തിലേക്കോ താനില്ല എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളോളം അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും മോഹന്‍ലാല്‍ എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.