
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ‘രംഗണ്ണൻ മലയാളികളുടെ സ്വന്തം ‘ഫഫ ആണ് നടൻ ഫഹദ് ഫാസിൽ. വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഫഹദ് ഫാസിലിന്റെ പഴയൊരു അഭിമുഖം വീണ്ടും വൈറലാവുകയാണ്.
മറക്കാനാവാത്ത ഒരു യാത്രയുടെ അനുഭവം പങ്കുവെക്കാമോയെന്ന അവതാരകയുടെ ചോദ്യത്തിന് 20 ആം വയസിൽ നടത്തിയ അമേരിക്കൻ യാത്രയെ കുറിച്ചാണ് ഫഹദ് ഫാസിൽ സംസാരിച്ചത്. ‘തനിക്ക് മറക്കാൻ പറ്റാത്ത യാത്ര ഒറ്റയ്ക്ക് 20 ആം വയസിൽ അമേരിക്കയിൽ പോയതാണ് എന്നും ഫഹദ് ഫാസിൽ പറയുന്നു. അന്ന് ‘കൈയെത്തും ദൂരത്ത്’ സിനിമ കഴിഞ്ഞ സമയമായിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെ എങ്കിലും അമേരിക്കയിൽ എത്തിയാൽ മതിയായിരുന്നുവെന്നായിരുന്നു മനസിൽ എന്നാണ് ഫഹദ് ഫാസിൽ ചെറുചിരിയോടെ മറുപടിയായി പറഞ്ഞത്.
നടന്റെ പഴയ അഭിമുഖത്തിലെ വാക്കുകൾ വൈറലായതോടെ അന്ന് അങ്ങനെ പോകേണ്ടിവന്നെങ്കിൽ എന്താ… തിരിച്ച് വരവ് ഒരു ഒന്നൊന്നര വരവായില്ലേയെന്നാണ് ആരാധകർ പഴയ അഭിമുഖത്തിന് കമന്റായി കുറിക്കുന്നത്.

ഇപ്പോൾ മലയാള സിനിമയിലുള്ള യുവതാരങ്ങളിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ച നടനാണ് ഫഹദ് ഫാസിൽ. ജോജി, 22 ഫീമെയിൽ കോട്ടയം , നോർത്ത് 24 കാതം, മഹേഷ് ഭാവന, തൊണ്ടി മുതലും ദൃക്സാക്ഷിയും , ഞാൻ പ്രകാശൻ , പുഷ്പയിലെ ഭവൻവർ സിങ് ശകാവത് ആവേശത്തിലെ രംഗണ്ണൻ, തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഐക്കോണിക്കായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഫഹദ് ഫാസിൽ തെന്നിന്ത്യയിൽ തിരക്കുള്ള താരമാണിപ്പോൾ.
ഒരു കാലത്ത് തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ നടി നസ്രിയയുടെ ഭർത്താവ് എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന താരം ഇപ്പോൾ തമിഴർക്കും ഫഫയായി മാറി കഴിഞ്ഞു. ഇന്ന് ബോളിവുഡ് സിനിമ താരങ്ങൾ അടക്കം ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെ പ്രശംസിക്കുകയാണ്. എന്നാൽ നാൽപ്പത്തിരണ്ടുകാരനായ ഫഹദ് ഫാസിലിന്റെ തുടക്കം പരാജയത്തിൽ നിന്നായിരുന്നു.
ഫാസിലിന്റെ അഭിനയം അറിയാത്ത മകനെന്ന ടൈറ്റിൽ കഠിനാധ്വാനത്തിലൂടെയാണ് താരം മാറ്റിയെടുത്തത്. പതിനേഴാം വയസിലാണ് ഫഹദ് ഫാസിൽ കയ്യെത്തും ദൂരത്ത് എന്ന സിനിമയിൽ നായകവേഷം ചെയ്തത്. ഫഹദ് ഫാസിലിന്റെ പിതാവും മലയാളത്തിലെ പ്രശസ്ത സംവിധായകനുമായ ഫാസിൽ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ സച്ചിൻ മാധവനെ മനോഹരമായി ഫഹദ് ഫാസിൽ കൈകാര്യം ചെയ്തുവെങ്കിലും പ്രേക്ഷകർക്ക് അത്രകണ്ട് ബോധിച്ചില്ല. അതുകൊണ്ട് തന്നെ വലിയ വിമർശനമാണ് ഈ സിനിമയുടെ റിലീസിനു ശേഷം ഫഹദ് ഫാസിലിന് നേരിടേണ്ടിവന്നത് . 2002ലായിരുന്നു കയ്യെത്തും ദൂരത്ത് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ അടക്കം ഉണ്ടായിട്ടും ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ഫാസിൽ പിന്നെയും നിരവധി സിനിമകൾ സംവിധാനം ചെയ്തുവെങ്കിലും ഫഹദ് ഫാസിലിനെ പിന്നീട് ആരും കണ്ടില്ല. ആ ചിത്രത്തിന് ശേഷം നാടുവിട്ടിരുന്നു ഫഹദ് . പിന്നീട് ആറ് വർഷങ്ങൾക്കുശേഷം ‘കേരള കഫേ’ തിയേറ്ററുകളിൽ എത്തിയപ്പോഴാണ് ഫഹദ് ഫാസിലിനെ പിന്നീട് പ്രേക്ഷകർ കാണുന്നത്. അവിടെ നിന്ന് തുടങ്ങുന്നു അഭിനയിക്കാൻ അറിയില്ലെന്ന് പരിഹസിച്ചവരെ കൊണ്ട് തന്നെ തനിക്ക് വേണ്ടി കൈയ്യടിപ്പിക്കുവാനുള്ള ഫഹദിന്റെ ശ്രമം.
പിന്നീടുള്ള ഒരു ചിത്രങ്ങളിലും നടനായ ഫഹദിനെയല്ല ഓരോ കഥപാത്രമായി ജീവിക്കുന്ന ഫഹദിനെയാണ് പ്രേക്ഷകർ കണ്ടത്. ഇന്ന് മലയാളത്തിൽ താരമൂല്യമുള്ള പാൻ ഇന്ത്യൻ സ്റ്റാറാണ് ഫഹദ് ഫാസിൽ. നടൻ എന്നതിലുപരി നിർമാതാവ് കൂടിയാണ് ഫഹദ് ഫാസിൽ ഇപ്പോൾ. നായകനായും സഹനടനായും വില്ലനായുമെല്ലാം ഫഹദ് ഫാസിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്.
മലയാളത്തിൽ ‘ബോഗെയ്ൻവില്ല’യാണ് നടന്റെ ഏറ്റവും പുതിയ റിലീസ്. ചിത്രം തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തമിഴിൽ രജിനീകാന്തിനൊപ്പം വേട്ടയ്യനാണ് ഫഹദിന്റെ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രം . ചിത്രത്തിൽ ഫഹദിന്റെ പാട്രിക്കിനെ പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു .











