
സംഗീത പ്രേമികൾ ഒന്നടങ്കം ഇഷ്‌ടപ്പെട്ടിരുന്ന സംഗീത റിയാലിറ്റി ഷോ ആയ ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9ന് ഇന്നലെ രാത്രി തിരശീല വീണു. സ്റ്റാർ സിംഗര്‍ സീസൺ 9ന്റെ ഇന്നലെ നടന്ന ഗ്രാൻഡ് ഫിനാലെയിൽ വിജയിയായത് അരവിന്ദ് ദിലീപ് നായർ എന്ന അരവിന്ദ് ആണ്.
എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കൺവെൻഷൻ സെറ്ററിൽ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവരാണ് ഫൈനലിസ്റ്റുകളായിരുന്നത്. ഒപ്പം പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ശ്രീരാഗും ഫൈനലില്‍ എത്തി. കെഎസ് ചിത്ര, സുജാത മോഹൻ, സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവരായിരുന്നു ഫൈനലിലെ ജഡ്ജിമാര്‍. ഹരിഹരനായിരുന്നു ചീഫ് ജഡ്ജ്.

ബോളിവുഡ് നടി വിദ്യ ബാലൻ ആയിരുന്നു മുഖ്യ അഥിതി . കൂടാതെ അവാർഡ് വേദിയെ കൂടുതൽ രസിപ്പിക്കാൻ ഹരിഹരന്‍റെയും സ്റ്റീഫന്‍ ദേവസ്യയുടെയും ഗംഭീര സംഗീത വിരുന്നും ഉണ്ടായിരുന്നു .
രണ്ട് റൗണ്ടുകളായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പൊയന്‍റ് നേടിയാണ് അരവിന്ദ് വിജയിയായത്.ഒപ്പം സ്റ്റാര്‍ സിംഗര്‍ പോപ്പുലര്‍ മത്സാര്‍ത്ഥിയായി ശ്രീരാഗ് തെരഞ്ഞെടുക്കപ്പെട്ടു. മത്സരാര്‍ത്ഥിക്ക് ഇഷ്ടഗാനം പാടന്‍ പറ്റുന്ന ചോയിസ് റൗണ്ട്, രണ്ടുപേര്‍ ഒന്നിച്ച് പാടുന്ന വണ്‍ വേഴ്സസ് വണ്‍ റൗണ്ട് എന്നിങ്ങനെയായിരുന്നു ഫൈനലിലെ രണ്ട് റൗണ്ടുകള്‍.
വിജയകിരീടം ചൂടിയ ശേഷം സ്റ്റാർ സിംഗറിലേക്ക് എത്തിയതിനെ കുറിച്ച് ആര്വിന്ദ് പറഞ്ഞതിങ്ങനെയാണ് ;’ഈ സീസണിലേക്ക് എത്തുന്നത് തന്നെ അപ്രതീക്ഷിതമായാണ് എന്ന് പറയാം. ഡിഗ്രി കഴിഞ്ഞതിന് ശേഷം ഒരു ചെറിയ ഇടവേളയിലായിരുന്നു ഞാന്‍. സംഗീതരംഗത്ത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിലായിരുന്നു ഇടവേളയെടുത്തത്. കാര്യമായി ഇത് നടക്കാത്ത അവസ്ഥയില്‍ എംബിഎ ചെയ്യാം എന്ന തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയത്താണ് ഏഷ്യാനെറ്റില്‍ സ്റ്റാര്‍ സിംഗര്‍ ഓഡിഷന്‍ വിളിച്ചത്. എനിക്ക് കാര്യമായ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും നല്ല രീതിയില്‍ പ്രോത്സാഹിപ്പിച്ചിരുന്നു. മുന്‍പും റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത അനുഭവമായിരുന്നു എന്നെ പിന്നോട്ട് വലിച്ചത്. ഓഡിഷന്‍ വിജയിച്ച ശേഷവും പിന്‍വാങ്ങാൻ ഞാൻ ആലോചിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഈ വേദിയില്‍ എത്തി’.
വിജയിയായ അരവിന്ദിന് കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന 50 ലക്ഷം സമ്മാനമായി ലഭിച്ചു . ഒപ്പം ഫൈനലിൽ എത്തിയ 5 പേർക്കും 2 ലക്ഷം വച്ച് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് മേധാവി സിജെ റോയി ഫൈനലില്‍ നൽകി .
ഒപ്പം സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10ന്‍റെ പ്രഖ്യാപനവും വേദിയില്‍ നടന്നു. 2024 ജൂലൈ 22ന് ആണ് ഒന്‍പതാം സീസണ് തുടക്കമായത്. പ്രശസ്ത സംഗീതസംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ കീരവാണി ആയിരുന്നു ഈ സീസണ്‍ ഉദ്ഘാടനം ചെയ്തത്. 16 മത്സരാർഥികളുമായാണ് ഈ സീസൺ ആരംഭിച്ചത് . വാശിയേറിയ പോരാട്ടങ്ങൾക്ക് ഒടുവിൽ അഞ്ച് പേരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . ഈ സീസണിലുടനീളം, കെ എസ് ചിത്ര, സിതാര, വിധു പ്രതാപ് എന്നിവരുൾപ്പെടെയുള്ള വിധികർത്താക്കളും മത്സരാധികൾക്ക് മികച്ച പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകി ഒപ്പമുണ്ടായിരുന്നു .
അതേസമയം നിലവിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9ന്റെ അവതാരക വർഷ ആയിരുന്നു. എന്നാൽ ഗ്രാൻഡ് ഫിനാലെ കൂടുതൽ എനർജറ്റിക് ആക്കി മാറ്റാൻ മുൻ അവതാരിക രഞ്ജിനി ഹരിദാസും വർഷക്കൊപ്പം ഉണ്ടായിരുന്നു .











