
നടൻ ബാലയുടെ നാലാം വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തതിന് പിന്നാലെ ഏവരും ചോദിച്ചത് ബാല രണ്ടാമത് വിവാഹം ചെയ്ത ഡോക്ടർ എലിസബത്ത് ഉദയനെക്കുറിച്ചാണ്.
ഇപ്പോഴിതാ ബാലയുടെയും കോകിലയുടെയും വിവാഹത്തിന് പിന്നാലെ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ബാലയുടെ വിവാഹത്തെക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് എലിസബത്ത് പരോക്ഷമായി വീഡിയോയിൽ പറയുന്നുണ്ട്. കുറേ വാർത്തകൾ വരുന്നുണ്ട്. ഞാൻ വീഡിയോ ഇടണോ വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷനിലായിരുന്നു. എന്നാൽ തനിക്കതിനെക്കുറിച്ച് പറയാൻ താൽപര്യമില്ലയെന്നാണ് എലിസബത്ത് വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നത്. ശേഷം തനിക്ക് സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് പങ്കുവെക്കാനുണ്ടെന്നും എലിസബത്ത് വ്യക്തമാക്കി.
‘അഹമ്മദാബാദിലാണ് ഞാനിപ്പോൾ. എന്റെ ചെറിയ സഹായം കൃത്യ സമയത്ത് ലഭിച്ചപ്പോൾ രോഗി രക്ഷപ്പെട്ടതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. അവർ എന്നോട് ഒരുപാട് നന്ദി പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷമായി. ഞാൻ ചെയ്യേണ്ട കാര്യമാണ് ചെയ്തത്. എന്നാൽ അവർ തന്റെ സഹായത്തിന് സമ്മാനമായി ചോക്ലേറ്റുകൾ കൊണ്ട് തന്നെന്ന് എലിസബത്ത് പറയുന്നു. ചോക്ലേറ്റുകൾ എലിസബത്ത് വീഡിയോയിൽ കാണിക്കുന്നുണ്ട്. അവരുടെ പ്രവൃത്തിയിൽ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും എലിസബത്ത് വ്യക്തമാക്കി. കുറച്ച് വിഷമങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ ഹാപ്പിയാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു’.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് എലിസബത്തിനെ പിന്തുണച്ച് കമന്റുകളിട്ടത്. ബാലയിൽ നിന്നും രക്ഷപ്പെട്ടതാണെന്നും എല്ലാം മറന്ന് ജോലിയിലേക്ക് ശ്രദ്ധ കൊടുക്കാനും എലിസബത്തിനോട് ആളുകൾ പറയുന്നു. താങ്കളെ പോലെ ഒരു നല്ല സ്ത്രീ രക്ഷപ്പെട്ടതിൽ ഞങ്ങൾ എല്ലാവരും ഇന്ന് ഒരുപാട് സന്തോഷിക്കുന്നു. ഇനിയെങ്കിലും ഇത് പോലുള്ള അബന്ധങ്ങളിൽ ചെന്ന് വീഴരുത്, ചെറിയ ഒരു ഇടർച്ചയുണ്ട് ശബ്ദത്തിന് അത് നൽകിയ ആത്മാർത്ഥതയുടെതാണ്, ദൈവം രക്ഷപെടുത്തിയതാണ് തന്നെ. 250 കോടിയെക്കാൾ വിലയുള്ള സന്തോഷം, നല്ലൊരു ലൈഫ് കിട്ടട്ടെ എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റുകൾ വരുന്നത്.
ചിലർ എലിസബത്തിന്റെ വീഡിയോക്ക് മറ്റ് ചില വ്യാഖ്യാനങ്ങളുമുണ്ടാക്കി. ഗുരുതരാവസ്ഥയിലായ രോഗി രക്ഷപ്പെട്ടപ്പോൾ നന്ദി പ്രകടിപ്പിച്ചതിനെക്കുറിച്ചാണ് എലിസബത്ത് വീഡിയോയിൽ സംസാരിക്കുന്നത്. ബാലക്ക് ജീവൻ പോകുന്ന അവസ്ഥയിലും കൂടെ ഉണ്ടായിട്ട് നന്ദിയില്ലെന്നാണോ എലിസബത്ത് പരോക്ഷമായി പറഞ്ഞതെന്നും കമന്റുകളിൽ ചോദിക്കുന്നു. ബാല കരൾ രോഗം വന്ന് ആശുപത്രിയിലായപ്പോഴും ലിവർ ട്രാൻസ്പ്ലാന്റേഷന് ശേഷവും പരിചരിക്കാൻ ഒപ്പം എലിസബത്തുണ്ടായിരുന്നു.
എന്നാൽ പിന്നീടും മുൻ ഭാര്യയെക്കുറിച്ച് ആരോപണങ്ങളുന്നയിച്ച് കൊണ്ട് ബാല അഭിമുഖങ്ങളിൽ സംസാരിച്ചു. പിന്നീടാണ് ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതായത്. അഭ്യൂഹങ്ങൾ വന്നതോടെ എലിസബത്ത് തനിക്കൊപ്പമില്ലെന്ന് ബാല വ്യക്തമാക്കുകയും ചെയ്തു. എലിസബത്തുമായി അകന്നെങ്കിലും ഒരു കുറ്റവും താൻ എലിസബത്തിനെക്കുറിച്ച് പറയില്ലെന്ന് നേരത്തെ ബാല വ്യക്തമാക്കിയിരുന്നു.
വയ്യാതായപ്പോൾ തനിക്കൊപ്പമുണ്ടായിരുന്നത് എലിസബത്താണെന്നും ബാല അന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം ബാലയും എലിസബത്തും നിയമപരമായി വിവാഹിതരായിരുന്നില്ല. അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും സഹോദരി അഭിരാമിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവരും കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. എലിസബത്ത് തന്നോടൊപ്പം ഇല്ലെന്നും വിധിയാണെന്നും ബാല ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി.
എന്നാൽ ഇരുവരും തമ്മിൽ വേര്പിരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. അകന്നെങ്കിലും എലിസബത്തിനോട് തനിക്കൊരു ദേഷ്യവും ഇല്ലെന്നാണ് ബാല വ്യക്തമാക്കിയത്. ‘എലിസബത്ത് ഗോൾഡ് ആണ്. തന്റെ കൂടെ ഇല്ല. വിധി. അത് പോലെ ഒരു ക്യാരക്ടറുള്ള പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പിടിക്കാൻ പറ്റില്ല. എലിസബത്തിനെക്കുറിച്ച് ഞാൻ മരിച്ചാലും ഒരു കുറ്റവും പറയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷെ വിധിയാണ്. അതിലേക്ക് ഞാൻ പോകുന്നില്ലയെന്നും എലിബസത്ത് ഹാപ്പിയായിരിക്കുന്നു എന്ന് മാത്രം താൻ പറയാമെന്നും അന്ന് ബാല പറഞ്ഞു’.
ബാലയോട് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് എസിബസത്താണ്. സോഷ്യൽ മീഡിയയിലൂടെയാണ് എലിസബത്ത് ബാലയോട് ഇഷ്ടമാണെന്ന് പറഞ്ഞത്. പിരിഞ്ഞ ശേഷം ബാലയെക്കുറിച്ച് എലിസബത്ത് സംസാരിച്ചിട്ടില്ല. അതേസമയം ബാലയുടെ മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് എലിസബത്ത്-ബാല വേർപിരിയലിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകളും നടത്തിയിരുന്നു.
ബാലയുടെ ക്രൂരതകൾ കാരണമാണ് എലിസബത്ത് ബന്ധം ഉപേക്ഷിച്ചതെന്നാണ് അമൃതയുടെ സുഹൃത്ത് കുക്കു എനോല ആരോപിച്ചത്. നിയമപരമായി അവർ വിവാഹിതരല്ല. എവിടെയോ പോയി താലി കെട്ടി ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്.
ഭീഷണിപ്പെടുത്തി നിർത്താൻ പറ്റുന്ന പെൺകുട്ടികളെ നോക്കിയാണ് അയാൾ വിവാഹം ചെയ്യുന്നത്. ഒരു ദിവസം എലിസബത്തുള്ളപ്പോൾ വീട്ടിൽ ഏതോ ജൂനിയർ ആർട്ടിസ്റ്റുമായി കയറി വന്നു. നിനക്കിതൊക്കെ പറ്റുമെങ്കിൽ ഇവിടെ നിന്നാൽ മതിയെന്ന് എലിസബത്തിനോട് പറഞ്ഞു. അതോടെയാണ് എലിസബത്ത് ബാലയുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. ഭാര്യയോട് ചെയ്യാൻ പറ്റാത്ത മോശമായ കാര്യങ്ങൾ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഇയാൾ ചെയ്തു. മൂന്ന് പ്രാവശ്യം എലിസബത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും കുക്കു ആരോപിച്ചിരുന്നു. എലിസബത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്.. അവരെ ഭീഷണിപ്പെടുത്തി. അവരുടെ വീട്ടുകാർക്ക് ഈ വിവാഹത്തിന് താൽപര്യമില്ലായിരുന്നെന്നും കുക്കു എനോല അന്ന് പറഞ്ഞു. മാത്രമല്ല അമൃത സുരേഷ് ഒരിക്കൽ എലിസബത്തുമായി സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ട്. വിശ്വസിക്കാന്‍ സാധിക്കാത്തതാണ് കേട്ടതെന്നും കുക്കു വിഡിയോയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസമാണ് നടൻ ബാല മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്തത്. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്.











