
നടൻ ജോജുവിന്റെ ആദ്യ സംവിധാന സംരഭമായ ‘പണി ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സമീപകാലത്ത് കഥാപാത്രങ്ങളായി വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റമാണി സിനിമ .
ആ കൗതുകം കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു പണി. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ഥികള്‍ സാഗര്‍ സൂര്യയും ജുനൈസ് വി പിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതും ഈ പ്രോജക്റ്റിന്‍മേല്‍ പ്രേക്ഷകരുടെ കൗതുകം കൂട്ടിയ ഘടകമാണ്.
മൂന്ന് പതിറ്റാണ്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്ന ജോജു ജോര്‍ജ് സംവിധായകനായി അരങ്ങേറിയപ്പോള്‍ ഒരു സര്‍പ്രൈസ് പാക്കേജ് ആണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ മൂഡിലാണ് ചിത്രത്തിന്റെ പോക്ക്.

ത്രില്ലര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് കാണുന്നവര്‍ക്ക് ‘പണി ദൃശ്യ വിരുന്നൊരുക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത് ജോജു ജോര്‍ജ് തന്നെയാണ്. നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഒന്നൊന്നര വർഷത്തിന്റെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ പടം ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രം മുഴുവനായും ജോജു ചേട്ടന്റെ പടമാണെന്നും വ്യകതമാക്കുകയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗറും ജുനൈസും.
ബിറ്റ് തൃശ്ശൂര്‍ നഗരത്തെ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പശ്ചാത്തലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗിരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. തൃശ്ശൂരില്‍ അത്യാവശ്യം ഹോള്‍ഡുള്ളയാളാണ് ഗിരി. ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കേന്ദ്ര കഥാപാത്രമായ ഗിരിയെ അവതരിപ്പിച്ചിരിക്കുന്നതും ജോജു തന്നെയാണ്.
കോളെജ് കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ച ഗൗരിയുമൊത്ത് ബിസിനസും മറ്റുമായി ജീവിക്കുന്ന ഗിരിക്ക് പക്ഷേ മറ്റൊരു മുഖവും ഭൂതകാലവുമുണ്ട്. പറയാനുള്ളത് ലളിതമായി പറയുന്നു എന്നതാണ് ഗ്യാങ്സ്റ്റര്‍ പശ്ചാത്തലമുള്ള ഈ ആക്ഷന്‍ ക്രൈം ഡ്രാമയെ മികവുറ്റതാക്കുന്നത് . ഒപ്പം കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയുമൊക്കെ റിയലിസ്റ്റിക് ആയും ജോജു അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പക്ഷം.
പണി അറിയാവുന്ന ഒരു ഡിറക്ടറുടെ മനോഹരമായ ഒരു സിനിമയാണ് പണി അതാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. അഞ്ചു ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.











