
തമിഴ് സൂപ്പർ താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്നലെ വൈകുന്നേരം തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ വെച്ചായിരുന്നു. തമിഴ് നാട്ടിലെ രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ഈ സമ്മേളനത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് വിജയ് നടത്തിയ പ്രസംഗമാണ് . നടൻ സൂര്യയടക്കം നിരവധി സെലിബ്രിറ്റികളാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി എത്തിയത് . ‘തന്റെ സുഹൃത്ത് പുത്തൻ വഴിതേടി പുതിയ യാത്ര ആരംഭിക്കുകയാണ്. അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു വിജയ്‌യുടെ പേരു പറയാതെ സൂര്യയുടെ പ്രശംസ”.
പുതിയ ചിത്രം ‘കങ്കുവ’യുടെ ഓഡിയോ ലോഞ്ചിലാണ് സൂര്യ സംസാരിച്ചത്. ചടങ്ങിനിടയില്‍ നടന്‍ ബോസ് വെങ്കട്ട് തന്റെ പ്രസംഗത്തിൽ സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് നേതാക്കളെന്നും അവര്‍ക്കു നല്ല അറിവു നൽകിയ ശേഷം വേണം അവരുടെ തലവൻ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കേണ്ടതെന്നും ബോസ് പറഞ്ഞു. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണം എന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെടുത്തിയായിരുന്നു ബോസ് വെങ്കടിന്റെ പ്രസംഗമെന്നായി പിന്നീടുള്ള ചർച്ച. ബോസ് വെങ്കട്ടിന്റെ പ്രസംഗത്തിനു ശേഷം വേദിയിലേക്കു കയറിയ സൂര്യ തന്റെ സുഹൃത്തുക്കളായ ഉദയനിധി സ്റ്റാലിനെക്കുറിച്ചും വിജയ്‌യെക്കുറിച്ചുമാണ് പറഞ്ഞത്. തനിക്ക് ലയോള കോളജില്‍ പഠിക്കുമ്പോള്‍, ഒരു ജൂനിയര്‍ ഉണ്ടായിരുന്നു, ഞാന്‍ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകള്‍ എന്നാണ് സൂര്യ പറഞ്ഞത്.
വിജയുടെ രാഷ്ട്രീയ പട്ടാഭിഷേകത്തിന് ആശംസകളുമായി സിനിമ മേഖലയിലെ പ്രമുഖർ രംഗത്ത് വന്നിരുന്നു. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും വിജയ്ക്ക് ആശംസകൾ നേർന്നു “നിങ്ങളുടെ പുതിയ യാത്രക്ക്. ആശംസകളും ചെല്ലം,” എന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു.
വിജയ് സേതുപതി, ശിവകാർത്തികേയൻ, ജയംരവി തുടങ്ങിയവരും വിജയിയുടെ പാർട്ടിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. ഘടകകക്ഷികൾക്ക് അധികാരത്തിൽ പങ്കുനൽകുമെന്ന വാഗ്ദാനവും വിജയ് നൽകിയിരുന്നു. സഖ്യകക്ഷികൾക്ക് അധികാരം നൽകുമെന്ന പ്രഖ്യാപനം വഴിതിരിവാകുമെന്ന് നടൻ തമിഴിസൈ സൗന്ദർരാജൻ പ്രതികരിച്ചു.
അതേസമയം പതിവായുള്ള ചെറിയ നാണവും ശാന്തതയും ഒക്കെ മാറ്റിവെച്ച് തന്റെ മുന്നിൽ അണിനിരന്ന പതിനായിരക്കണക്കിന് വരുന്ന അനുയായികളോട് വീറോടെ വാശിയോടെ പോരാട്ട വീര്യത്തോടെ പ്രസംഗിച്ചായിരുന്നു സമ്മേളനത്തിന് വിജയ് തുടക്കം കുറിച്ചത്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സമ്മേളനത്തിൽ ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷവിമർശനമായിരുന്നു വിജയ് നടത്തിയത്.
ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ഡി എം കെ തമിഴ് ജനതയെ വഞ്ചിക്കുകയാണെന്നാണ് വിജയ് സമ്മേളനത്തിൽ പറഞ്ഞത്. തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് അത്. ഡിഎംകെയുടേത് ജനവിരുദ്ധ സർക്കാറാണ്. ബിജെപി ആശയപരമായി എതിരാളിയും ഡിഎംകെ രാഷ്ട്രീയ എതിരാളിയെന്നും വില്ലുപുരത്ത് വിക്രവാണ്ടിയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വിജയ് പ്രഖ്യാപിച്ചിരുന്നു.
വിഭജന രാഷ്ട്രീയം, ദ്രാവിഡ മോഡൽ, ജാതി തിരിച്ചുള്ള കണക്കെടുപ്പ് തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തിൽ സംസാരിച്ചു. പ്രത്യയശാസ്ത്രപരമായി, ദ്രാവിഡദേശീയതയേയും തമിഴ് ദേശീയതയേയും വേര്‍തിരിച്ചുകാണാന്‍ ശ്രമിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. അവ രണ്ടും ഈ മണ്ണിന്റെ രണ്ട് കണ്ണുകളാണ്. ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തിലേക്ക് നാം നമ്മളെ ചുരുക്കരുത്. മതേതര സാമൂഹിക നീതിയാണ് നമ്മുടെ പ്രത്യയശാസ്ത്രം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുക, എന്ന് വിജയ് പറഞ്ഞു.
തമിഴ് സിനിമയിലെ മുൻനിര നടനും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനുമായ താൻ ഈ താരപദവി വിട്ട് എന്തിനാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിലെ വിജയത്തിന്റെയും പരാജയത്തിന്റെയും കഥകള്‍ വായിച്ചു. എന്റെ തൊഴില്‍ ജീവിതം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സിനിമയും ശമ്പളവും ഉപേക്ഷിച്ച്, നിങ്ങളെ എല്ലാവരെയും വിശ്വസിച്ച്, നിങ്ങളുടെ വിജയ് ആയി എത്തിയിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് സീനിലേതിന് സമാനമായ തീപ്പൊരി ഡയലോഗുകള്‍.. ഇംഗ്ലീഷും തമിഴും കലര്‍ത്തിയ പ്രസംഗം. തോഴാ എന്ന് കേള്‍വിക്കാരെ അഭിസംബോധന. ഓരോ വിഷയത്തിനും ചേരുംവിധത്തില്‍ ശബ്ദത്തിന്റെ ടോണും മോഡുലേഷനും മാറ്റല്‍ ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും ആവേശം കൊള്ളിച്ചായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ വിജയുടെ പ്രസംഗം. ‘ഒരു മുടിവോടെ താൻ വന്തിരിക്കേൻ, നോ ലുക്കിങ് ബാക്ക്’ എന്ന വിജയുടെ വാക്കുകള്‍ക്ക് അനുയായികൾ ആര്‍പ്പുവിളികളോടെയാണ് പിന്തുണ അറിയിച്ചത്.











