
അന്തരിച്ച നടി ശോഭയെ താന്‍ പരിചയപ്പെടുമ്പോള്‍ അവര്‍ക്ക് 15 വയസായിരുന്നു. അന്തരിച്ച നടി ശോഭയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടി, വളരെ ചെറിയ പ്രായത്തില്‍ തന്നെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് ശോഭ. എന്നാല്‍ തന്റെ 17-ാം വയസില്‍ ശോഭ ആത്മഹത്യ ചെയ്യുകയായിരുന്നു. ശോഭയെ താന്‍ പരിചയപ്പെടുമ്പോള്‍ അവര്‍ക്ക് 15 വയസായിരുന്നുവെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
‘ദ്വീപ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശോഭയേയും കുടുംബത്തേയും പരിചയപ്പെടുന്നത്. പിന്നീട് ശോഭ വലിയ താരമായപ്പോഴും ആ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ശോഭയെ ഓര്‍ത്തത്. ഒരിക്കല്‍ മദ്രാസില്‍ ചെന്നപ്പോള്‍ താനും ജോസും ശോഭയെ വിളിച്ചു. നിങ്ങള്‍ രണ്ടു പേരും നാളെ രാവിലത്തെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് ശോഭയുടെ അമ്മ പ്രേമ ചേച്ചി പറഞ്ഞുവെന്നും അതുപ്രകാരം പിറ്റേന്ന് തങ്ങള്‍ ചെന്നു. അന്ന് ശോഭ കത്തി നില്‍ക്കുന്ന സമയമാണ്. പ്രേമ ചേച്ചിയും ശോഭയും ചൂട് ദോശയും മറ്റും തന്നുവെന്നും ശോഭയോടും ഇരിക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് ഞാന്‍ വാരി കൊടുത്താലേ കഴിക്കൂ എന്നായിരുന്നു ശോഭയുടെ ‘അമ്മ പ്രേമ പറഞ്ഞതെന്നും ആലപ്പി അശ്റഫ് പറയുന്നു. പിന്നെ കാണുന്നത് പ്രേമ ചേച്ചിയുടെ മടിയില്‍ ശോഭ ഇരിക്കുന്നതും ചേച്ചി വാരി കൊടുക്കുന്നതുമാണ്.

മൂന്ന് വയസുകാരിയ്ക്ക് ഭക്ഷണം കൊടുക്കുന്നത് പോലെയാണ് ശോഭയ്ക്ക് ചേച്ചി ഭക്ഷണം വാരി കൊടുത്തിരുന്നത്. കൊഞ്ചിച്ചായിരുന്നു അവരവളെ വളര്‍ത്തിയത്. അത് കാണാന്‍ വളരെ രസമായിരുന്നുവെന്നു ഇത്രയും പ്രായം ആയില്ലേ ഇനി സ്വന്തമായി വാരി കഴിച്ചൂടേ എന്ന് ഞാന്‍ ചോദിച്ചുവെന്നും ഇത് അവളുടെ സന്തോഷം മാത്രമല്ല, എന്റെ സന്തോഷം കൂടിയാണ് എന്നായിരുന്നു പ്രേമ ചേച്ചിയുടെ മറുപടിയെന്നും ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്.
പിന്നീടാണ് ശോഭയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. പശി’ എന്ന സിനിമയില്‍ അഭിനയിച്ചതിനായിരുന്നു മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. ഇതോടെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി ശോഭ വളര്‍ന്നു. അക്കാലത്ത് തമിഴ് നാട്ടിലുടനീളം ശോഭ എന്ന പേര് മുഴങ്ങി കേട്ടിരുന്നു. പെട്ടെന്നായിരുന്നു എല്ലാം മാറി മറിയുന്നത്.
ശോഭ, തന്റെ പിതാവിനേക്കാള്‍ പ്രായമുള്ള ബാലു മഹേന്ദ്ര എന്ന സംവിധായകനെ വിവാഹം കഴിച്ചു. ഞങ്ങളെല്ലാം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. അതിന് ശേഷം പ്രേമ ചേച്ചി ആരുടേയും ഫോണ്‍ എടുക്കാതായി. അവര്‍ ഉണ്ണാതേയും ഉറങ്ങാതേയും കരച്ചിലായിരുന്നു.
വീണ്ടും ഞെട്ടിച്ചു കൊണ്ട് ശോഭ സാരിത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ചു എന്ന വാര്‍ത്ത വന്നു. വിധി ഒരു ഇടിത്തീ പോലെ വന്ന് ആ കുടുംബത്തെ തകര്‍ത്തുകളഞ്ഞുവെന്നും സിനിമാ ലോകം ബാലു മഹേന്ദ്രയ്‌ക്കെതിരെ തിരിഞ്ഞുവെന്നും, ശോഭയെ അയാള്‍ കൊന്നതാണെന്ന് അവര്‍ വിശ്വസിച്ചു.
പ്രേമ ചേച്ചിയെ സംബന്ധിച്ച് ഒരു സ്ത്രീയ്ക്ക് താങ്ങാവുന്നതിലും വലുതായിരുന്നു അതെന്നും അവരുടെ മാനസിക നില താറുമാറായി എന്നും ആലപ്പി അശ്റഫ് പറയുന്നു. അവര്‍ ശോഭയുടെ അതേ വലിപ്പത്തില്‍ ഒരു രൂപമുണ്ടാക്കി. അതിനെ സാരിയുടുപ്പിക്കുകയും പൊട്ടു തൊടീക്കുകയും കമ്മലണിയിപ്പിക്കുകയും ആഹാരം നല്‍കുമായിരുന്നു എന്ന് അടുപ്പമുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
ഹൃദയഭേദകമായിരുന്നു ആ വാര്‍ത്ത. ശോഭ സ്വയം ജീവനൊടുക്കിയതാണെന്ന് പ്രേമ ചേച്ചി വിശ്വസിച്ചില്ല. ഇതിനിടെ ബാലു മഹേന്ദ്ര അന്നത്തെ മുഖ്യമന്ത്രിയായ എംജിആറിനെ സ്വാധീനിച്ച് രക്ഷപ്പെട്ടുവെന്ന വാര്‍ത്തയും പരന്നത് . അതറിഞ്ഞ പ്രേമ ചേച്ചി പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് കത്തെഴുതി. അവരത് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കൈമാറി. അങ്ങനെ ചില അന്വേഷണങ്ങളൊക്കെ നടന്നുവെന്നും ഇതിനിടെ എംജിആര്‍ പങ്കെടുത്ത ഒരു ഫങ്ഷനില്‍ വച്ച് ബാലു മഹേന്ദ്രയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റ ഫോട്ടോകള്‍ ചിലര്‍ പകര്‍ത്തുകയുണ്ടായി.

അന്ന് രാത്രി തന്നെ ആ ഫോട്ടോഗ്രാഫര്‍മാരുടെ വീടുകളില്‍ പൊലീസ് എത്തുകയും ആ ഫോട്ടോകള്‍ പബ്ലിഷ് ചെയ്യരുതെന്നും നെഗറ്റീവുകള്‍ തരണമെന്നും ആവശ്യപ്പെട്ടുവെന്നും ആലപ്പി അശ്റഫ് പറയുന്നു. പിറ്റേദിവസം കുറ്റവാളിയുടെ കൂടെ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ വരാന്‍ പാടില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അന്വേഷണം മന്ദഗതിയില്‍പോകുന്നത് കണ്ട് മനംനൊന്ത് അതേപോലെ തന്നെ ഒരു സാരി തുമ്പില്‍ പ്രേമ ചേച്ചിയും ജീവിതം അവാസനിപ്പിച്ചു .
അവള്‍ അവിടെ തനിച്ചാണ്, ഞാനും അങ്ങോട്ടേക്ക് പോകുന്നു’ എന്നൊരു കത്തെഴുതി വച്ചാണ് പ്രേമ ചേച്ചി പോയത് എന്നും ആലപ്പി അഷറഫ് വ്യക്തമാക്കി. ശോഭയുടെ മരണത്തിന് കാരണം ബാലു മഹേന്ദ്രയാണെന്നും അങ്ങനെ ആത്മഹത്യ ചെയ്യുമായിരുന്ന ഒരു പെണ്‍കുട്ടിയല്ല ശോഭയെന്നും തന്റെ ജീവന്‍ തന്നെയാണ് അന്ന് ശോഭ മരിച്ചപ്പോള്‍ ഇല്ലാതാക്കിയതെന്നും സിനിമ-സീരിയൽ നടി ശാന്തി വില്യംസ് അടുത്തിടെ പറഞ്ഞിരുന്നു.
‘ശോഭ’മരിച്ചു പോയെന്ന് കേട്ടപ്പോള്‍ എന്റെ ജീവന്‍ തന്നെ പോയി. എന്റെ ഭര്‍ത്താവാണ് വീട്ടില്‍ പോയി കതക് പൊട്ടിച്ച് ആള്‍ക്കാരെ വിളിച്ച് ബോഡി പുറത്തെടുത്തത്. ശോഭയെന്ന് വെച്ചാല്‍ അദ്ദേഹത്തിന് അത്രയും ഇഷ്ടമായിരുന്നു. ശോഭയുടെ കുടുംബവുമായും അത്ര അടുപ്പമായിരുന്നു. അവരുടെ വീട്ടില്‍ ഞാനും ഒരു മകളാണ്. ഇങ്ങനെ പോകേണ്ട ഒരു കുട്ടിയായിരുന്നില്ല ശോഭ,’ എന്നും ശാന്തി വില്യംസ് പറഞ്ഞു.
എന്റെ ആദ്യ സിനിമയില്‍ ക്യാമറാമാന്‍ ബാലു മഹേന്ദ്രയായിരുന്നു. ഞങ്ങള്‍ സെറ്റില്‍ കളിക്കുമ്പോള്‍ നമ്മളെ നോക്കി കളിയാക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യും. പക്ഷെ അവസാനം ഈ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കയറി കളിച്ച് അവളും പോയി എന്നും ശാന്തി വില്യംസ് അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
അതേസമയം മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും നോവായി നില്‍ക്കുന്ന ഒരു നായികയാണ് ശോഭ. ബാലതാരമായി സിനിമയില്‍ എത്തുകയും 17-ാം വയസില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയും ചെയ്ത ശോഭയുടെ ജീവിതവും മരണവും ഇന്നും ഒരു നിഗൂഢതയാണ്. 15-ാം വയസില്‍ ഛായാഗ്രാഹകനും സംവിധായകനുമായ ബാലു മഹേന്ദ്രയെ വിവാഹം കഴിച്ച ശോഭയെ രണ്ട് വര്‍ഷത്തിനിപ്പുറം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
മലയാളത്തില്‍ നിരവധി സപ്പോര്‍ട്ടിംഗ് റോളുകളില്‍ അഭിനയിച്ച പ്രേമ മേനോന്‍ ആണ് ശോഭയുടെ അമ്മ. നിരവധി സിനിമകളില്‍ ബാലതാരമായും സഹനടിയുമായെല്ലാം അഭിനയിച്ച ശോഭ ആദ്യമായി നായികയായി അരങ്ങേറിയത് ‘ഉത്രാട രാത്രി’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ‘ശാലിനി എന്റെ കൂട്ടുകാരി, ഇഷ്ട പ്രാണേശ്വരി, ഡാലിയ പൂക്കള്‍’ തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നായികയായി എത്തി.











